ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് ശേഷം ഒരുപാട് വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മത്സരത്തിൽ പാക്കിസ്ഥാൻ ടീമിന് ആവശ്യമായ പിന്തുണ ലഭിച്ചില്ല എന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഡയറക്ടർ മിക്കി ആർതർ മുൻപ് തന്നെ പറഞ്ഞിരുന്നു. ശേഷം ഇപ്പോൾ ഐസിസിയിൽ ഒരു പരാതി നൽകിയിരിക്കുകയാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാൻ മാധ്യമപ്രവർത്തകരുടെ ഇന്ത്യയിലേക്കുള്ള വിസ വൈകിപ്പിക്കുന്നുവെന്നും, ആരാധകർക്ക് ഇന്ത്യയിൽ എത്താനായിട്ടുള്ള വിസ ഇനിയും ലഭിച്ചിട്ടില്ലയെന്നും ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാൻ ഐസിസിയെ സമീപിച്ചിരിക്കുന്നത്. മാത്രമല്ല കളിക്കാരോട് ഇന്ത്യൻ ആരാധകരുടെ പെരുമാറ്റത്തിലുള്ള പ്രശ്നങ്ങളും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ പാകിസ്താന്റെ ഈ പ്രകടനങ്ങൾക്കുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
മുൻപ് പാക്കിസ്ഥാനിൽ കളിക്കാൻ പോകുന്ന സമയത്ത് തങ്ങൾക്ക് ഇതിലും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടന്നും അന്നൊന്നും തങ്ങൾ ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല എന്നുമാണ് ഇർഫാൻ പത്താൻ പറഞ്ഞത്. ആരാധകരുടെ പെരുമാറ്റം മൂലം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് നിർത്തേണ്ട സമയമായി എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഓർമിപ്പിക്കുകയാണ് ഇർഫാൻ പത്താൻ. തന്റെ മുൻപിലുള്ള അനുഭവം പങ്കുവെച്ചാണ് ഇർഫാൻ പത്താൻ പാക്കിസ്ഥാന് മറുപടി നൽകിയത്.
“അന്ന് ഞങ്ങൾ പെഷവാറിൽ പാകിസ്ഥാനെതിരെ മത്സരം കളിക്കുകയായിരുന്നു. പെട്ടെന്ന് ഒരു പാക്കിസ്ഥാൻ ആരാധകർ എനിക്ക് നേരെ ഇരുമ്പാണി എറിയുകയുണ്ടായി. അത് കൃത്യമായി എന്റെ കണ്ണിൽ പതിക്കുകയും ചെയ്തിരുന്നു.”- പത്താൻ പറയുന്നു.
“എന്നാൽ അക്കാര്യത്തിൽ ഞങ്ങൾ യാതൊരുതര പ്രശ്നവും അന്ന് ഉണ്ടാക്കിയില്ല. അവരുടെ ശുശ്രൂഷകളെ ഞങ്ങൾ അംഗീകരിക്കുകയാണ് ചെയ്തത്. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ആരാധകരുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് നിർത്തേണ്ടതുണ്ട്.”- ഇർഫാൻ പത്താൻ പറഞ്ഞു. മാത്രമല്ല ഈ പ്രശ്നത്തിന്റെ കൃത്യമായ സ്ക്രീൻഷോട്ട് തന്റെ സാമൂഹ്യ മാധ്യമത്തിൽ ഇർഫാൻ പത്താൻ പങ്കുവയ്ക്കുകയും ചെയ്തു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്കെതിരെ നൽകിയ പരാതിക്ക് പിന്നാലെയാണ് ഇർഫാൻ പത്താന്റെ ഈ ചുട്ട മറുപടി.
“അത് സംഭവിച്ചു കഴിഞ്ഞു എന്ന് തന്നെയാണ് ഞാൻ ഇപ്പോഴും പറയുന്നത്. അന്ന് പാകിസ്താനിൽ കളിക്കുമ്പോൾ ഞങ്ങൾക്ക് അനുകൂലമായി ആർപ്പുവിളിച്ച ആരാധകർ പോലും ഉണ്ടായിരുന്നു. ഞങ്ങൾ ആ പര്യടനം നന്നായി ആസ്വദിച്ചു. പക്ഷേ ഇങ്ങനെയൊരു സംഭവവും അന്ന് ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ ആ കാര്യത്തിൽ പിടിച്ചു കയറാനല്ല ശ്രമിച്ചത്. ഞങ്ങൾ അതു പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്നതിലുപരിയായി ഞങ്ങളുടെ വിജയത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.”- ഇർഫാൻ പത്താൻ പറഞ്ഞു വയ്ക്കുന്നു.