ഓസീസിന് മുൻപിൽ വിറച്ചുവീണ് പാകിസ്ഥാൻ. ഇത്തവണയും ഡിജെയ്ക്കും ഇന്ത്യൻ ആരാധകർക്കും കുറ്റമോ??

adam zampa

ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിൽ പാക്കിസ്ഥാന് പരാജയം. അത്യന്തം ആവേശകരമായ മത്സരത്തിൽ 62 റൺസിന്റെ പരാജയമാണ് പാക്കിസ്ഥാൻ ഏറ്റുവാങ്ങിയത്. ഓസ്ട്രേലിക്കായി തങ്ങളുടെ ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും വെടിക്കെട്ട് സെഞ്ച്വറികളുമായി കളം നിറയുകയുണ്ടായി.

ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ ഉയർത്തിയ കൂറ്റൻ വിജയലക്ഷം പിന്തുടർന്നിറങ്ങിയ പാക്കിസ്ഥാനെ, ആദം സാമ്പയും മർക്കസ് സ്റ്റോയിനിസും കമ്മിൻസും ചേർന്ന് എറിഞ്ഞുവീഴ്ത്തി. ഇതോടെ ഓസ്ട്രേലിയ മത്സരത്തിൽ വിജയം നേടുകയായിരുന്നു. 2023 ഏകദിന ലോകകപ്പിലെ ഓസ്ട്രേലിയയുടെ രണ്ടാം വിജയമാണിത്.

മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ബാറ്റിംഗിന് അനുകൂലമായ വിക്കറ്റിൽ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയൻ ഓപ്പണർമാരുടെ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ആദ്യ വിക്കറ്റിൽ ഒരു റെക്കോർഡ് കൂട്ടുകെട്ട് തന്നെയാണ് ഡേവിഡ് വാർണറും മിച്ചൽ മാർഷും സ്വന്തമാക്കിയത്. ആദ്യ പന്ത് മുതൽ പാക്കിസ്ഥാൻ ബോളർമാർക്കുമേൽ ആധിപത്യം സ്ഥാപിച്ച ഇരുവരും 259 റൺസാണ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. വാർണർ മത്സരത്തിൽ 124 പന്തുകളിൽ 163 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ 14 ബൗണ്ടറികളും 9 സിക്സറുകളുമാണ് ഉൾപ്പെട്ടത്.

മറുവശത്ത് മിച്ചൽ മാർഷും ഒരു വെടിക്കെട്ട് സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. മാർഷ് മത്സരത്തിൽ 108 പന്തുകളിൽ 10 ബൗണ്ടറികളും 9 സിക്സറുകളുമടക്കം 121 റൺസ് നേടി. എന്നാൽ ഈ വെടിക്കെട്ട് തുടക്കം മുതലാക്കാൻ പിന്നീട് വന്ന ഓസ്ട്രേലിയൻ ബാറ്റർമാർക്ക് സാധിച്ചില്ല. മറ്റൊരു ഓസ്ട്രേലിയൻ ബാറ്ററും മത്സരത്തിൽ മികവ് പുലർത്താതിരുന്നത് കൊണ്ട് മാത്രമാണ് ഓസ്ട്രേലിയൻ സ്കോർ 400 കടക്കാതിരുന്നത്. മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 367 റൺസ് ആയിരുന്നു ഓസ്ട്രേലിയ നേടിയത്.

Read Also -  മില്ലറുടെ രക്ഷാപ്രവര്‍ത്തനം. തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് എത്തി സൗത്താഫ്രിക്ക

പാക്കിസ്ഥാനായി ഷാഹിൻഷാ അഫ്രീദി 5 വിക്കറ്റുകളും ഹാരിസ് റോഫ് 3 വിക്കറ്റുകളും വീഴ്ത്തുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനും മികച്ച തുടക്കം തന്നെയാണ് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ 134 റൺസ് പാക് ഓപ്പണർമാർ കൂട്ടിച്ചേർത്തു. ഓപ്പണർ ഷഫീഖ് 64 റൺസും ഇമാം ഉൾ ഹഖ് 70 റൺസുമാണ് നേടിയത്.

പിന്നീട് വന്ന ബാറ്റർമാരും ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും ഓസ്ട്രേലിയൻ ബോളിങ്ങിന് മുൻപിൽ പലരും പതറുകയായിരുന്നു. 40 പന്തുകളിൽ 46 റൺസ് നേടിയ റിസ്വാനാണ് പാക്കിസ്ഥാനായി ക്രീസിൽ പൊരുതിയത്. എന്നാൽ കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി ആദം സാമ്പയും മർക്കസ് സ്റ്റോയിനിസും കമ്മീൻസും പാക്കിസ്ഥാനെ വരിഞ്ഞുമുറുകി. ഇതോടെ മത്സരത്തിൽ പാക്കിസ്ഥാൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. മത്സരത്തിൽ 62 റൺസിന്റെ പരാജയമാണ് പാക്കിസ്ഥാൻ ഏറ്റുവാങ്ങിയത്.

Scroll to Top