ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം രചിച്ച് അയർലൻഡ്. തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സര വിജയമാണ് അയർലൻഡ് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സ്വന്തമാക്കിയത്. മത്സരത്തിൽ 6 വിക്കറ്റുകളുടെ ഉജ്ജ്വല വിജയം നേടിയാണ് അയർലൻഡ് ചരിത്രം സൃഷ്ടിച്ചത്.
മറുവശത്ത് അഫ്ഗാനിസ്ഥാൻ വിജയത്തിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും അയർലൻഡിന്റെ മുൻപിൽ മുട്ടുമടക്കുകയായിരുന്നു. ചിട്ടയുള്ള ബാറ്റിംഗ് പ്രകടനമാണ് അയർലൻഡിന് മത്സരത്തിൽ വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന ഇന്നിങ്സിൽ അയർലൻഡിന് വിജയിക്കാൻ വേണ്ടിയിരുന്നത് 111 റൺസായിരുന്നു. നായകൻ ആൻഡ്രൂ ബാൽബിർണി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതോടെ അയർലൻഡ് ചരിത്രവിജയം സ്വന്തമാക്കി.
മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു അഫ്ഗാനിസ്ഥാനായി ഓപ്പണർ സദ്രാൻ ആദ്യ ഇന്നിങ്സിൽ തരക്കേടില്ലാത്ത തുടക്കമാണ് നൽകിയത്. ഇന്നിംഗ്സിൽ ഒരു അർധ സെഞ്ച്വറി സ്വന്തമാക്കാൻ സദ്രാന് സാധിച്ചു. ഒപ്പം കരീം ജനത് 41 റൺസുമായി കളം നിറഞ്ഞു. എന്നാൽ അഫ്ഗാനിസ്ഥാന്റെ മറ്റു ബാറ്റർമാരാരും തന്നെ മികവ് പുലർത്താതിരുന്ന സാഹചര്യത്തിൽ അവർ കേവലം 155 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. മറുവശത്ത് അയർലൻഡിനായി മാർക്ക് അദൈര്‍ 5 വിക്കറ്റുകളുമായി തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ അയർലന്റിനായി ഇന്നിംഗ്സിൽ തിളങ്ങിയത് സ്റ്റിർലിംഗാണ്. മത്സരത്തിൽ അർത്ഥ സെഞ്ച്വറി നേടാൻ സ്റ്റിർലിംഗിന് സാധിച്ചു. ഒപ്പം കാംഫർ(49) വിക്കറ്റ് കീപ്പർ ടക്കർ(46) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തതോടെ അഫ്ഗാനിസ്ഥാനുമേൽ കൃത്യമായ ലീഡ് കണ്ടെത്താനും അയർലൻഡിന് സാധിച്ചു. തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 263 റൺസാണ് അയർലൻഡ് സ്വന്തമാക്കിയത്.
തോടെ 108 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് അയർലൻഡിന് ലഭിച്ചു. അതേസമയം അഫ്ഗാനിസ്ഥാനായി 5 വിക്കറ്റുകൾ സ്വന്തമാക്കിയ സിയാ ഉർ റഹ്മാനാണ് ബോളിങ്ങിൽ തിളങ്ങിയത്.
ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച അഫ്ഗാനിസ്ഥാൻ പൊരുതുകയുണ്ടായി. നായകൻ ഷഹീദിയാണ് അഫ്ഗാനിസ്ഥാനായി പോരാട്ടം നയിച്ചത്. ഷാഹിദി ഇന്നിങ്സിൽ 55 റൺസ് നേടി. ഒപ്പം വിക്കറ്റ് കീപ്പർ ഗുർബാസ് 46 റൺസുമായി കളം നിറഞ്ഞു.
എന്നാൽ രണ്ടാം ഇന്നിങ്സിലും അയർലന്റിനായി മാർക്ക് അദൈര്‍ രംഗത്ത് എത്തിയത് അഫ്ഗാനിസ്ഥാനെ ബാധിച്ചു. ഒപ്പം മക്കാർത്തിയും യങ്ങും 3 വിക്കറ്റുകൾ സ്വന്തമാക്കി കളം നിറഞ്ഞതോടെ അഫ്ഗാനിസ്ഥാന്റെ ഇന്നിങ്സ് കേവലം 218 റൺസിൽ അവസാനിക്കുകയായിരുന്നു.
അവസാന ഇന്നിങ്സിൽ 111 റൺസ് എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ഇറങ്ങിയ അയർലൻഡിന് ഓപ്പണർ മൂറിനെയും(0) കാഫറിനെയും(0) തുടർച്ചയായി നഷ്ടമായി. ഒരു സമയത്ത് 39ന് 4 എന്ന നിലയിൽ അയർലൻഡ് പതറി.എന്നാൽ നായകൻ ബാൽബിർണി അയർലൻഡിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തിൽ 6 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് അയർലൻഡ് സ്വന്തമാക്കിയത്.