ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കും മുൻപാണ് ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റൻസി റോളിൽ നിന്നും വിരാട് കോഹ്ലി പടിയിറങ്ങിയതും ഫാഫ് ഡൂപ്ലസ്സിസ് പുതിയ നായകനായി ടീമിലേക്ക് എത്തിയതും. സമ്മർദ്ദമില്ലാതെ ഇതോടെ ഈ സീസൺ കളിക്കാൻ കോഹ്ലിക്ക് കഴിയുമെന്ന് ആരാധകരും ടീം മാനേജ്മെന്റും അടക്കം വിശ്വസിച്ചപ്പോൾ സംഭവിക്കുന്നത് എല്ലാം നേർ വിപരീതമായ കാര്യങ്ങളും. ഈ സീസണിൽ ഇതുവരെ തന്റെ ബാറ്റിങ് മികവിലേക്ക് ഉയരുവാൻ കഴിഞ്ഞിട്ടില്ലാത്ത കോഹ്ലി പൂർണ്ണ നിരാശ മാത്രമാണ് സമ്മാനിക്കുന്നത്.
ഇന്നലെ രാജസ്ഥാൻ എതിരായ മത്സരത്തിലും മറ്റൊരു ഒറ്റയക്ക സ്കോറിൽ പുറത്തായ കോഹ്ലി ഈ സീസണിൽ ബാംഗ്ലൂർ ടീമിന് ഭാരമാകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്നാൽ കോഹ്ലിക്ക് മോശം സാഹചര്യത്തിലും പൂർണ്ണ പിന്തുണ നൽകുകയാണ് ഇപ്പോൾ ടീം.
കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ച് ഇന്നലെ മത്സര ശേഷം മനസ്സ് തുറന്ന ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗർ കോഹ്ലി ഒരിക്കലും ഈ പ്രശ്നത്തിൽ തളരില്ല എന്നും പൂർണ്ണമായും ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോഹ്ലിക്ക് തന്റെ പതിവ് ബാറ്റിംഗ് മികവിലേക്ക് ഉറപ്പായും എത്താൻ സാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇനി സീസണിൽ ശേഷിക്കുന്ന കളികളിൽ കോഹ്ലിയുടെ ബാറ്റ് ചലിക്കുമെന്നുള്ള വിശ്വാസം പ്രകടിപ്പിച്ചു.
“കോഹ്ലിയുടെ ഫോമിനെ കുറിച്ചാണ് നമ്മൾ ചിന്തിക്കുന്നതെങ്കിൽ എക്കാലത്തെയും മികച്ച ഒരു ക്രിക്കറ്റ് താരമാണ് അദ്ദേഹം. മുൻപും പല തവണ കരിയറിൽ ഇത്തരം ഉയർച്ചകളും താഴ്ചകളും നേരിട്ട ഒരു താരവുമാണ് അദ്ദേഹം. അതിനാൽ തന്നെ ഈ മോശം സമയത്തെ നേരിടാൻ കോഹ്ലിക്ക് നല്ലത് പോലെ അറിയാം. ഞാൻ അദ്ദേഹത്തിന്‍റെ കരിയറിനെ വളരെ ഏറെ അടുത്ത് നിന്നും നിരീക്ഷിച്ചിട്ടുള്ള ഒരാളാണ് അതിനാൽ തന്നെ ശേഷിക്കുന്ന കളികളിൽ അദ്ദേഹം തീർച്ചയായും റൺസ് നേടുകയും ടീമിനെ ജയിപ്പിക്കുകയും തന്നെ ചെയ്യും “സഞ്ജയ് ബാംഗർ വാചാലനായി.