ഐപിൽ പതിനഞ്ചാം സീസൺ അത്യന്തം ആവേശകരമായി പുരോഗമിക്കുമ്പോൾ ടീമുകൾ എല്ലാം കാഴ്ചവെക്കുന്നത് മിന്നും പോരാട്ടം. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർക്ക് ഈ ഐപിൽ നൽകുന്നത് നിരാശ. ഇന്ത്യൻ നാഷണൽ ടീമിലെ പ്രമുഖ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവരുടെ മോശം ബാറ്റിംഗ് ഫോമിലാണ് ആരാധകരുടെ ആശങ്ക.
ടി :20 ക്രിക്കറ്റ് ലോകകപ്പ് മുന്നിൽ നിൽക്കേ ഇരുവരും കരിയറിലെ ഏറ്റവും മോശം ബാറ്റിങ് തകർച്ച നേരിടുന്നത് ഇന്ത്യൻ ടീം മാനേജ്മെന്റിന് അടക്കം വലിയ വെല്ലുവിളിയാണ്. വിരാട് കോഹ്ലി ഈ സീസണിൽ ആകെ നേടിയത് 119 റൺസാണ് എങ്കിൽ ലഭിക്കുന്ന മികച്ച തുടക്കം ഉപയോഗിക്കാൻ രോഹിത് ശർമ്മക്ക് കഴിയുന്നില്ല. ഇരുവരും ഇത്തരത്തിൽ ബാറ്റിങ് പാളിച്ച നേരിടുമ്പോൾ ഇന്ത്യൻ ടീമിനെ ഇത് അലട്ടുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
ഒരൊറ്റ അർദ്ധ സെഞ്ച്വറി പോലും ഈ ഐപിൽ സീസണിൽ നേടിയിട്ടില്ലാത്ത രോഹിത് ശർമ്മ ആകെ നേടിയത് 153 റൺസാണ്. ഇരുവരും ഐപിഎല്ലിൽ മങ്ങിയ ഫോം തുടരുന്നതിനിടെ ഇക്കാര്യത്തിൽ എന്താണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നതെന്ന് തുറന്ന് പറയുകയാണ് സൗരവ് ഗാംഗുലി.”ഇരുവരും ഇതിഹാസ ബാറ്റ്‌സ്മാന്മാരാണ്. അക്കാര്യം നമുക്ക് എല്ലാം അറിയാം. അവരുടെ മികവിൽ ആർക്കും സംശയമില്ല. അവർ ഉടനെ ബാറ്റിംഗ് ഫോമിലേക്ക് എത്തും ” ഗാംഗുലി ശുഭ പ്രതീക്ഷ വിശദമാക്കി.
നേരത്തെ വിരാട് കോഹ്ലിയുമായി ഗാംഗുലിക്ക് ചില അഭിപ്രായം ഭിന്നതകളുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ചും ദാദ മനസ്സ് തുറക്കുകയാണ്.”വിരാട് കോഹ്ലി എന്താകും ഇപ്പോൾ ചിന്തിക്കുക എന്നത് എനിക്ക് അറിയില്ല. എന്നാൽ കോഹ്ലിയുടെ മോശം പ്രകടനം അത്ര കാര്യമുള്ളത് അല്ല. അദ്ദേഹം മഹാനായ താരമാണ്. അദ്ദേഹം വൈകാതെ തന്നെ ബാറ്റിങ് മികവിലേക്ക് ഉയരുമെന്നാണ് വിശ്വാസം. വിരാട് കോഹ്ലി ഉടനെ റൺസ് അടിച്ചുകൂട്ടുമെന്നാണ് വിശ്വാസം “സൗരവ് ഗാംഗുലി വാചാലനായി.