ലക്നൗവിനെതിരായ ഐപിഎൽ മത്സരത്തിൽ ആവേശ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. യുവ താരങ്ങളായ ആശുതോഷ് ശർമയുടെയും വിപ്രാജ് നിഗത്തിന്‍റേയും തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഡൽഹിയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് ലക്നൗവിന് ഓപ്പണറായ മിച്ചൽ മാർഷും നിക്കോളാസ് പൂരനും നൽകിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് ടീമിനായി കെട്ടിപ്പടുത്തു. അതിവേഗത്തിൽ റൺസ് സ്വന്തമാക്കാൻ ഇരുതാരങ്ങൾക്കും സാധിച്ചു. 36 പന്തുകളിൽ 72 റൺസ മിച്ചൽ മാർഷ് മത്സരത്തിൽ നേടിയത്.
6 ബൗണ്ടറികളും 6 സിക്സറുകളും മാർഷിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. നിക്കോളാസ് പൂരനും ഇതേ ലെവൽ വെടിക്കെട്ട് തന്നെയാണ് കാഴ്ചവെച്ചത്. 30 പന്തുകളിൽ 75 റൺസ് നേടാൻ പൂരന് സാധിച്ചു. 6 ബൗണ്ടറികളും 7 സിക്സറുകളും ആയിരുന്നു പൂരന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്.
എന്നാൽ ഇരുവർക്കും ശേഷമെത്തിയ ബാറ്റർമാരൊക്കെയും മോശം പ്രകടനം കാഴ്ചവച്ചത് ടീമിനെ ബാധിച്ചു. അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ മാത്രമാണ് ലക്നൗവിനായി ആക്രമണ ശൈലി പുറത്തെടുത്തത്. ഇതോടെ ലക്നൗവിന്റെ ഇന്നിംഗ്സ് 209 റൺസിൽ അവസാനിക്കുകയായിരുന്നു. ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റുകൾ സ്വന്തമാക്കി മികവ് പുലർത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഡൽഹി ക്യാപിറ്റൽസിന് തുടക്കത്തിൽ തന്നെ തങ്ങളുടെ ഓപ്പണർ ഫ്രീസർ മക്ഗർക്കിനെ നഷ്ടമായി. ശേഷം ആദ്യ ഓവറിൽ തന്നെ അഭിഷേക് പോറലും പൂജ്യനായി മടങ്ങിയതോടെ ഡൽഹിയുടെ പതനത്തിന് തുടക്കമായി. പിന്നീട് അടുത്ത ഓവറിൽ സമീർ റിസ്വിയെയും നഷ്ടപ്പെട്ടതോടെ ഡൽഹി 7 റൺസ് സ്വന്തമാക്കുന്നതിനിടെ 3 വിക്കറ്റ് എന്ന നിലയിൽ എത്തുകയായിരുന്നു.
പിന്നീട് ഡുപ്ലസീസും നായകൻ അക്ഷർ പട്ടേലുമാണ് ഡൽഹിയെ ഭേദപ്പെട്ട രീതിയിൽ മുന്നിലേക്ക് നയിച്ചത്. അക്സർ 11 പന്തുകളിൽ 22 റൺസ് നേടിയ ശേഷമാണ് പുറത്തായത്. ഡുപ്ലസിസ് 18 പന്തുകളിൽ 29 റൺസ് സ്വന്തമാക്കുകയുണ്ടായി. പക്ഷേ പിന്നീടും തുടർച്ചയായി ഇടവേളകളിൽ ഡൽഹിക്ക് വിക്കറ്റ് നഷ്ടമായി. 22 പന്തുകളിൽ 34 റൺസ് നേടിയ സ്റ്റബ്സ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്നിംഗ്സ് മുമ്പോട്ടു കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടു. എന്നാൽ ഇതിന് ശേഷം എട്ടാമനായി ക്രീസിലെത്തിയ വിപ്രാജ് നിഗം എല്ലാവരെയും ഞെട്ടിക്കുകയുണ്ടായി. നേരിട്ട ആദ്യ ബോൾ മുതൽ ആക്രമണം അഴിച്ചുവിടാൻ യുവതാരത്തിന് സാധിച്ചു. ആശുടോഷിനൊപ്പം ചേർന്ന് ഡൽഹിക്ക് ആദ്യ പ്രതീക്ഷകൾ നൽകിയത് വിപ്രാജ് ആയിരുന്നു.
കൃത്യമായി മോശം പന്തുകളെ കണ്ടുപിടിച്ചു ബൗണ്ടറി കടത്താൻ വിപ്രാജിന് സാധിച്ചു. മത്സരത്തിൽ 15 പന്തുകളിൽ 39 റൺസാണ് വിപ്രാജ് സ്വന്തമാക്കിയത്. 5 ബൗണ്ടറികളും 2 സിക്സറുകളും താരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. എന്നാൽ നിർണായക സമയത്താണ് ഡൽഹിക്ക് വിപ്രാജിന്റെ വിക്കറ്റ് നഷ്ടമായത്. ശേഷം ആശുട്ടോഷ് അടിച്ചു തകർക്കുകയാണ് ഉണ്ടായത്. പതിനെട്ടാം ഓവറിൽ ബിഷ്ണോയെ തീർത്തും പഞ്ഞിക്കിടാൻ താരത്തിന് സാധിച്ചു. ഇതോടെ ഡൽഹിയുടെ അവസാന 2 ഓവറുകളിലെ വിജയലക്ഷം 28 റൺസായി മാറുകയായിരുന്നു. 2 വിക്കറ്റുകൾ മാത്രമാണ് ഡൽഹിയ്ക്ക് അവശേഷിച്ചിരുന്നത്.
ഓവറിൽ കുൽദീപ് യാദവിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും 22 റൺസ് സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ഇതോടുകൂടി അവസാന ഓവറിലെ ഡൽഹിയുടെ വിജയലക്ഷ്യം 6 റൺസായി മാറുകയായിരുന്നു. അവസാന 4 പന്തുകളിൽ 5 റൺസായിരുന്നു ഡൽഹിക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. അടുത്ത പന്തിൽ ഒരു കിടിലൻ സിക്സർ പറത്തി ആശുടോഷ് ഡൽഹിയെ വിജയത്തിൽ എത്തിച്ചു. 31 പന്തുകളിൽ 66 റൺസ് നേടിയ ആശുടോഷ് മത്സരത്തിൽ പുറത്താകാതെ നിന്നു.