സാം കരൻ ഷോ🔥 ലിവിങ്സ്റ്റൺ പവർ 🔥 ഡൽഹിയെ മുട്ടുകുത്തിച്ച് പഞ്ചാബ്.

sam curran ipl 2024

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് തകർപ്പൻ വിജയം. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 4 വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഓൾ റൗണ്ടർ സാം കരന്റെ ഉഗ്രൻ ബാറ്റിംഗ് മികവാണ് മത്സരത്തിൽ പഞ്ചാബിനെ വിജയത്തിലെത്തിച്ചത്.

പഞ്ചാബിന്റെ ഡെത്ത് ബോളിങ്‌ നിര അവസരത്തിനൊത്ത് ഉയരാതെ വന്ന മത്സരത്തിൽ, പരാജയത്തിൽ നിന്ന് കരൻ ടീമിനെ കൈപിടിച്ചു കയറ്റുകയായിരുന്നു. മറുവശത്ത് ഡൽഹിയെ സംബന്ധിച്ച് തങ്ങളുടെ ബലഹീനതകൾ എടുത്തു കാട്ടുന്ന മത്സരമാണ് പഞ്ചാബിനെതിരെ നടന്നത്.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഡൽഹിക്ക് ഓപ്പണർമാരായ വാർണറും(29) മാർഷും(20) ചേർന്ന് നൽകിയത്. പവർ പ്ലേ ഓവറുകൾ അങ്ങേയറ്റം നന്നായി വിനിയോഗിക്കാനാണ് ഇരുവരും ശ്രമിച്ചത്. ശേഷമെത്തിയ ഷൈ ഹോപ്പും(33) തന്റേതായ രീതിയിൽ ആക്രമണം അഴിച്ചുവിട്ടു.

എന്നാൽ പിന്നീടെത്തിയ ഡൽഹി ബാറ്റർമാർക്ക് ആർക്കും തന്നെ തിളങ്ങാൻ സാധിക്കാതെ വന്നത് ഡൽഹിയെ ബാധിക്കുകയായിരുന്നു. തങ്ങൾക്ക് ലഭിച്ച അവസരം പഞ്ചാബിന്റെ ബോളർമാർ നന്നായി തന്നെ വിനിയോഗിച്ചു. ഇതോടെ ഡൽഹിയുടെ വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ വീഴുകയും ചെയ്തു.

എന്നാൽ ഇമ്പാക്ട് പ്ലെയറായി ക്രീസിലെത്തിയ അഭിഷേക് പോറൽ ഡൽഹിയുടെ രക്ഷകനായി മാറുന്നതാണ് പിന്നീട് കണ്ടത്. അവസാന ഓവറിൽ ഹർഷൽ പട്ടേലിനെതിരെ പൂർണ്ണമായും ആക്രമണം അഴിച്ചുവിട്ട് ഡൽഹിയെ മികച്ച നിലയിലെത്തിക്കാൻ പോറലിന് സാധിച്ചു. 10 പന്തുകൾ നേരിട്ട പോറൽ മത്സരത്തിൽ 4 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 32 റൺസ് നേടി പുറത്താവാതെ നിന്നു.

See also  "ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും രോഹിത് പരാജയമായി. അതുകൊണ്ട് മുംബൈ രോഹിതിനെ മാറ്റി". കാരണം പറഞ്ഞ് ഉത്തപ്പ.

ഇതോടെ ഡൽഹിയുടെ സ്കോർ നിശ്ചിത 20 ഓവറുകളിൽ 174 റൺസിൽ എത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിനായി ധവാൻ ആക്രമിച്ചു തുടങ്ങി. 16 പന്തുകളിൽ 22 റൺസാണ് ധവാൻ നേടിയത്. ഒപ്പം പ്രഭസിമ്രാനും(26) ചെറിയ ഒരു ഇന്നിംഗ്സ് കാഴ്ചവെച്ചു.

പക്ഷേ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് പഞ്ചാബിനെ ബാധിച്ചിരുന്നു. ഒരു വശത്ത് സാം കരന് ക്രീസിലുറച്ചത് പഞ്ചാബിന് വലിയ ആശ്വാസം നൽകി. മറുവശത്ത് ബാറ്റർമാർ ബുദ്ധിമുട്ടിയപ്പോൾ സാം കാരന്റെ സാന്നിധ്യം പഞ്ചാബിനെ രക്ഷിക്കുകയായിരുന്നു.

മത്സരത്തിൽ ഒരു ആങ്കറുടെ ഇന്നിങ്സാണ് കരൻ കളിച്ചത്. 39 പന്തുകളിൽ നിന്നാണ് കരൺ തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. ഒപ്പം അവസാന ഓവറുകളിൽ ലിയാം ലിവിങ്സ്റ്റനും അവസരത്തിനൊത്ത് ഉയർന്നതോടെ പഞ്ചാബ് വിജയം സ്വന്തമാക്കുകയായിരുന്നു. കരൻ 47 പന്തുകളിൽ 63 റൺസ് നേടിയപ്പോൾ, ലിവിങ്സ്റ്റൺ 21 പന്തുകളിൽ 38 റൺസാണ് നേടിയത്.

Scroll to Top