രാജസ്ഥാൻ റോയൽസിന്റെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കി വിരാട് കോഹ്ലി. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ സെഞ്ചുറിയാണ് കോഹ്ലി മത്സരത്തിൽ സ്വന്തമാക്കിയത്.
വളരെ പക്വതയുടെ ബാറ്റ് വീശിയ കോഹ്ലി മത്സരത്തിൽ ബാംഗ്ലൂരിനെ മികച്ച ഒരു നിലയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലിലെ കോഹ്ലിയുടെ എട്ടാം സെഞ്ച്വറി ആണ് മത്സരത്തിൽ പിറന്നത്. കോഹ്ലിയുടെ ഈ മികച്ച ഇന്നിങ്സിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 183 റൺസാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേർസ് സ്വന്തമാക്കിയത്.
മത്സരത്തിൽ നായകൻ ഡുപ്ലസിയ്ക്കൊപ്പം ഓപ്പണറായാണ് വിരാട് കോഹ്ലി ക്രീസിലെത്തിയത്. കഴിഞ്ഞ മത്സരങ്ങളിലെതു പോലെ തന്നെ ആദ്യ സമയങ്ങളിൽ ക്രീസിൽ ഉറയ്ക്കാനാണ് കോഹ്ലി ശ്രമിച്ചത്. ഒപ്പം പവർപ്ലേ ഓവറുകളിൽ തനിക്ക് ലഭിച്ച അവസരങ്ങളിൽ ബോൾ ബൗണ്ടറി കടത്താനും കോഹ്ലിക്ക് സാധിച്ചു.
ഒരുവശത്ത് ഡുപ്ലസി പൂർണ്ണമായും ഫോമിലേക്കെത്താൻ കഷ്ടപ്പെട്ടപ്പോൾ മറുവശത്ത് കോഹ്ലി അനായാസം ബൗണ്ടറികൾ സ്വന്തമാക്കുന്നതാണ് കാണാൻ സാധിച്ചത്. ഇത്തരത്തിൽ പവർപ്ലേയിൽ ബാംഗ്ലൂരിന് മികച്ച ഒരു തുടക്കം നൽകാൻ കോഹ്ലിയ്ക്ക് സാധിച്ചു.
പിന്നാലെ കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തിയാണ് കോഹ്ലി മുൻപോട്ട് പോയത് മത്സരത്തിൽ 39 പന്തുകളിൽ നിന്നാണ് വിരാട് തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ശേഷവും ഡുപ്ലസിയുമൊത്ത് മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ കോഹ്ലിക്ക് സാധിച്ചു.
ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 125 റൺസാണ് രാജസ്ഥാനായി നേടിയത്. മത്സരത്തിൽ 33 പന്തുകളിൽ 2 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 44 റൺസ് ഡുപ്ലസി നേടി. എന്നാൽ ഡുപ്ലസി പുറത്തായിട്ടും കോഹ്ലി തന്റെ വീര്യം കൈവിട്ടില്ല. മധ്യ ഓവറുകളിൽ കോഹ്ലിയുടെ ഒരു ഫുൾഫ്ലോ തന്നെ ജയ്പൂരിൽ കാണാൻ സാധിച്ചു.
മത്സരത്തിൽ 67 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. കോഹ്ലിയുടെ ഇന്നീങ്‌സിൽ 9 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. ട്വന്റി20 ക്രിക്കറ്റിലെ തന്റെ ഒമ്പതാം സെഞ്ചുറിയാണ് കോഹ്ലി സ്വന്തമാക്കിയത്. എന്നാൽ ഈ സെഞ്ച്വറി അതിവേഗത്തിൽ സ്വന്തമാക്കാൻ കോഹ്ലിക്ക് സാധിച്ചില്ല.
ഇത് ആഘോഷത്തിൽ വ്യക്തമായിരുന്നു. എന്നിരുന്നാലും വിമർശങ്ങൾക്കുള്ള മറുപടി തന്റെ ബാറ്റ് കൊണ്ട് നൽകിയിരിക്കുകയാണ് കോഹ്ലി. മത്സരത്തിൽ ബാംഗ്ലൂരിനെ ഒരു മികച്ച സ്കോറിൽ എത്തിക്കാനും കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്.