വമ്പന്‍ സ്കോറിനെതിരെ പൊരുതി നോക്കി തോറ്റു. മുംബൈക്ക് രണ്ടാം പരാജയം

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. അത്യന്തം ആവേശകരമായ മത്സരത്തിൽ ഹൈദരാബാദിനെതിരെ 31 റൺസിന്റെ പരാജയമാണ് മുംബൈ ഏറ്റുവാങ്ങിയത്. റെക്കോർഡുകൾ പലതവണ സൃഷ്ടിക്കപ്പെട്ട മത്സരത്തിൽ ഹൈദരാബാദ് മുൻനിര ബാറ്റർമാരുടെ തകർപ്പൻ പ്രകടനങ്ങളാണ് മുംബൈയുടെ പരാജയത്തിന് കാരണമായത്.

ഹൈദരാബാദനായി ക്ലാസൻ, അഭിഷേക് ശർമ, ട്രാവിസ് ഹെഡ് എന്നിവർ അർത്ഥ സെഞ്ച്വറികളുമായി തിളങ്ങി. മറുപടി ബാറ്റിംഗിൽ മുംബൈക്കായി തിലക് വർമ അടക്കമുള്ളവർ മികവ് പുലർത്തിയെങ്കിലും 30 റൺസിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു തട്ടുപൊളിപ്പൻ തുടക്കം തന്നെയാണ് അഭിഷേക് ശർമയും ഹെഡും ചേർന്ന് ഹൈദരാബാദിന് നൽകിയത്. മുംബൈക്കെതിരെ പവർപ്ലെയിൽ ആക്രമണം അഴിച്ചുവിടാൻ ഹെഡിന് സാധിച്ചു. കേവലം 18 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ച്വറി നേടി ഹെഡ് മുംബൈയെ ഞെട്ടിക്കുകയായിരുന്നു.

ശേഷം അഭിഷേക് ശർമയും വെടിക്കെട്ട് കാഴ്ചവച്ചതോടെ ഹൈദരാബാദ് സ്കോർ കുത്തനെ ഉയർന്നു. ഹെഡ് 24 പന്തുകളിൽ 9 ബൗണ്ടറുകളും 3 സിക്സറുകളുമടക്കം 62 റൺസാണ് നേടിയത്. അഭിഷേക് ശർമ 23 പന്തുകളിലും 3 ബൗണ്ടറികളും 7 സിക്സറുകളും അടക്കം 63 റൺസ് നേടുകയുണ്ടായി.

ഇരുവരും പുറത്തായ ശേഷമെത്തിയ എയ്ഡൻ മാക്രവും ക്ലാസനും ക്രീസിലുറച്ചത് മുംബൈയ്ക്ക് കൂടുതൽ ഭീഷണി സൃഷ്ടിച്ചു. മാക്രം 28 പന്തുകളിൽ 42 റൺസുമായി തന്റേതായ രീതിയിൽ നീങ്ങി. പക്ഷേ ക്ലാസൻ അവസാന ഓവറുകളിൽ മുംബൈയുടെ വില്ലനായി മാറുകയായിരുന്നു.

34 പന്തുകൾ നേരിട്ട ക്ലാസൻ 4 ബൗണ്ടറികളും 7 സിക്സറുകളും അടക്കം 80 റൺസാണ് സ്വന്തമാക്കിയത്. ഇതോടെ ഹൈദരാബാദ് ഒരു റെക്കോർഡ് സ്കോറിലെത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 277 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഹൈദരാബാദ് മത്സരത്തിൽ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബൈയ്ക്കായി രോഹിത് ശർമയും ഇഷാനും വെടിക്കെട്ട് തുടക്കമാണ് നൽകിയത്.

ഇരുവരും ആദ്യ 3 ഓവറുകളിൽ തന്നെ മുംബൈയുടെ സ്കോർ 50 റൺസിൽ എത്തിച്ചു. എന്നാൽ 13 പന്തുകളിൽ 34 റൺസ് നേടിയ കിഷൻ മടങ്ങിയതോടെ മുംബൈ പതറി. ഒപ്പം 12 പന്തുകളിൽ 26 റൺസുമായി രോഹിത്തും കൂടാരം കയറി. പിന്നീട് മുംബൈക്കായി മത്സരത്തിൽ മികവ് പുലർത്തിയത് തിലക് വർമയായിരുന്നു. മുംബൈയെ വലിയ വിജയലക്ഷ്യത്തിലേക്ക് അടുപ്പിക്കാൻ തിലക് വർമയ്ക്ക് സാധിച്ചു.

34 പന്തുകളിൽ 2 ബൗണ്ടറികളും 6 സിക്സറുകളും അടക്കം 64 റൺസ് ആണ് തിലക് വർമ നേടിയത്. എന്നാൽ തിലക് കൂടാരം കയറിയതോടെ മുംബൈ പതറി. പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യ റൺസ് കണ്ടെത്താൻ ശ്രമിച്ചങ്കിലും പരാജയപ്പെടുകയായിരുന്നു. അവസാന ഓവറുകളിൽ ടിം ഡേവിഡ്(42*) പൊരുതാൻ ശ്രമിച്ചെങ്കിലും 31 റൺസകലെ മുംബൈ പരാജയം അറിയുകയായിരുന്നു.

Previous article263 ഇനി മറക്കാം. ഐപിഎല്ലില്‍ റെക്കോഡ് തിരുത്തിയെഴുതി സണ്‍റൈസേഴ്സ് ഹൈദരബാദ്.
Next articleക്യാപ്റ്റന്‍റെ തുഴയല്‍. ഹര്‍ദ്ദിക്ക് ഹൈദരബാദിനു വിജയം സമ്മാനിച്ചു. 120 സ്ട്രൈക്ക് റേറ്റിനു മീതെ കളിക്കാന്‍ അറിയില്ലേ ?