ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി ഹൈദരാബാദ് സൺറൈസേഴ്സ്. മത്സരത്തിൽ 6 വിക്കറ്റ്കളുടെ കൂറ്റൻ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായി ചെന്നൈക്ക് മേൽ ആധിപത്യം സ്ഥാപിച്ചായിരുന്നു ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്.
മത്സരത്തിൽ ഹൈദരാബാദിനായി എല്ലാ ബോളർമാരും തിളങ്ങുകയുണ്ടായി. ബാറ്റിങ്ങിൽ എയ്ഡൻ മാക്രത്തിന്റെ അർത്ഥ സെഞ്ചുറിയാണ് അനായാസ വിജയത്തിലേക്ക് ഹൈദരാബാദിനെ എത്തിച്ചത്. ഈ സീസണിലെ ഹൈദരാബാദിന്റെ രണ്ടാമത്തെ വിജയമാണ് മത്സരത്തിൽ പിറന്നത്.
മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. തുടക്കത്തിൽ തന്നെ അപകടകാരിയായ രചിൻ രവീന്ദ്രയെ(12) പുറത്താക്കാൻ ഭുവനേശ്വർ കുമാറിന് സാധിച്ചു. പിന്നാലെ രഹാനെയും(35) ക്യാപ്റ്റൻ ഋതുരാജ്(26) ക്രീസിലുറച്ചെങ്കിലും റൺറൈറ്റ് ആവശ്യമായ രീതിയിൽ ഉയർത്താൻ സാധിച്ചില്ല.
പവർപ്ലേ ഓവറുകളിൽ വിക്കറ്റ് കാത്ത് കളിക്കാനാണ് ചെന്നൈ ശ്രമിച്ചത്. എന്നാൽ കൃത്യമായ ഇടവേളകളിൽ ചെന്നൈയുടെ വിക്കറ്റുകൾ സ്വന്തമാക്കി ഹൈദരാബാദ് മത്സരത്തിൽ മികവു പുലർത്തി. ശേഷം നാലാമനായെതിയ ശിവം ദുബെയാണ് ചെന്നൈയ്ക്കായി ട്വന്റി20 മോഡലിൽ കളിച്ചത്.
ദുബെ ഹൈദരാബാദിന്റെ സ്പിന്നർമാർക്കെതിരെ പൂർണമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. 24 പന്തുകളിൽ 2 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 45 റൺസാണ് ദുബെ നേടിയത്. ജഡേജ 23 പന്തുകളിൽ 31 റൺസുമായി ചെന്നൈയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ അവസാന 5 ഓവറുകളിൽ പ്രതീക്ഷിച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ ചെന്നൈയ്ക്ക് സാധിച്ചില്ല.
ഇങ്ങനെ ചെന്നൈയുടെ ഇന്നിംഗ്സ് നിശ്ചിത 20 ഓവറുകളിൽ 165 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിനായി ഒരു തട്ടുപൊളിപ്പൻ തുടക്കമാണ് അഭിഷേക് ശർമ നൽകിയത്. ആദ്യ ഓവറുകളിൽ തന്നെ ചെന്നൈ ബോളർമാരെ അടിച്ചൊതുക്കാൻ അഭിഷേകിന് സാധിച്ചു.
മത്സരത്തിൽ 12 പന്തുകളിൽ 37 റൺസാണ് ഈ സൂപ്പർതാരം നേടിയത്. 3 ബൗണ്ടറികളും 4 സിക്സറുകളും അഭിഷേകിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഒപ്പം 24 പന്തുകളിൽ 31 റൺസ് നേടിയ ഹെഡും മികച്ച പിന്തുണ നൽകി. മൂന്നാമനായെതിയ മാക്രം 36 പന്തുകളിൽ 50 റൺസുമായി ക്രീസിലുറച്ചത് ഹൈദരാബാദിന്റെ വിജയം എളുപ്പമാക്കി. മത്സരത്തിൽ 6 വിക്കറ്റ്കളുടെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. വമ്പൻ പേസർമാരായ പതിരാനയും മുസ്തഫിസറും ഇല്ലാതെ മൈതാനത്തിറങ്ങിയ ചെന്നൈക്ക് നിരാശാജനകമായ പ്രകടനമാണ് ലഭിച്ചിരിക്കുന്നത്.