ട്വന്റി20യിൽ ഗിൽ കളിക്കുന്നത് കോഹ്ലി സ്റ്റൈലിൽ. ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയെന്ന് ഇർഫാൻ പത്താൻ.

ezgif 2 713be5ba77

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഗുജറാത്തിനായി ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു നായകൻ ശുഭ്മാൻ ഗിൽ കാഴ്ചവച്ചത്. മത്സരത്തിൽ ഗുജറാത്ത് പരാജയമറിഞ്ഞെങ്കിലും ഗില്ലിന്റെ ഇന്നിംഗ്സ് വളരെയധികം പ്രശംസകൾ ഏറ്റുവാങ്ങി.

മത്സരത്തിൽ 48 പന്തുകൾ നേരിട്ട ഗിൽ 89 റൺസാണ് സ്വന്തമാക്കിയത്. ഗില്ലിന്റെ മികവിലായിരുന്നു ഗുജറാത്ത് 199 എന്ന വമ്പൻ സ്കോറിലേക്ക് മത്സരത്തിൽ എത്തിയത്. ശേഷം ഗില്ലിന് പ്രശംസകളുമായി രംഗത്തെത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഗില്ലിന്റെ ട്വന്റി20 മത്സരങ്ങളിലെ ബാറ്റിംഗ് ശൈലി വിരാട് കോഹ്ലിയുടെതിന് സമാനമാണ് എന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്.

ക്ലാസ് ഷോട്ടുകൾ കളിക്കുമ്പോഴും തന്റെ സ്ട്രൈക്ക് റേറ്റ് ഒട്ടും തന്നെ താഴെ പോവാതെ നോക്കാൻ ഗില്ലിന് സാധിക്കുന്നുണ്ട് എന്ന് പത്താൻ പറഞ്ഞു. “വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ശൈലിയിലെ ഒരുപാട് കാര്യങ്ങൾ ശുഭമാൻ ഗില്ലിന്റെ ട്വന്റി20 ബാറ്റിംഗിൽ കാണാൻ സാധിക്കും. എങ്ങനെയാണ് വിരാട് കോഹ്ലി ട്വന്റി20 ക്രിക്കറ്റ് കളിക്കുന്നത് എന്ന് നോക്കൂ. പൂർണ്ണമായും നിയന്ത്രണങ്ങൾക്ക് വിധേയമായാണ് കോഹ്ലി ട്വന്റി20 കളിക്കുന്നത്.

എന്നിരുന്നാലും കോഹ്ലിയുടെ സ്ട്രൈക് റേറ്റ് എല്ലായിപ്പോഴും മികച്ചത് ആയിരിക്കും. അതുപോലെ തന്നെയാണ് ഗില്ലിന്റെ ശൈലി. ഗിൽ ഒരു യുവതാരമാണ് എന്നതിൽ സംശയമില്ല. പക്ഷേ ഗില്ലിന് കൃത്യമായി നിയന്ത്രണങ്ങൾ വയ്ച്ച് കളിക്കാൻ സാധിക്കുന്നുണ്ട്. ആ സമയത്തും 200നോട് അടുത്ത സ്ട്രൈക്ക് റേറ്റ് ഗില്ലിനുണ്ട്. അത് അഭിനന്ദിക്കേണ്ടതാണ്.”- പത്താൻ പറഞ്ഞു.

Read Also -  "ഞാൻ ധോണിയെ ബഹുമാനിക്കുന്നു.. അദ്ദേഹത്തിന്റെ വിക്കറ്റ് വീഴുമ്പോൾ ആഘോഷിക്കില്ല" - ഹർഷൽ പട്ടേൽ..

“നമ്മൾ ഗില്ലിന്റെ ബൗണ്ടറികളും സിക്സറുകളും കണ്ടു. പക്ഷേ നമ്മൾ ശ്രദ്ധിക്കേണ്ടത് ഗില്ലിന്റെ വിക്കറ്റിന് ഇടയിലുള്ള ഓട്ടമാണ്. അത് അവിസ്മരണീയം തന്നെയാണ്. ഫിറ്റ്നസ് എന്നത് ഒരു കളിക്കാരനിൽ വലിയ വ്യത്യാസം ഉണ്ടാകും. എല്ലായിപ്പോഴും ഒരു ഷോട്ട് കളിച്ചാൽ ഗില്‍ രണ്ടാമത്തെ റൺ ഓടുന്നതിനായി തയ്യാറായിരിക്കും. അതുകൊണ്ടുതന്നെ ബാറ്റിംഗിൽ മാത്രമല്ല വിക്കറ്റിന് ഇടയിലൂടെയുള്ള ഓട്ടത്തിലും വിരാട് കോഹ്ലിക്ക് സമാനമായ രീതിയിലാണ് ഗിൽ തുടരുന്നത്.”- പത്താൻ കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ ഗിൽ കളിച്ചത് തന്റെ ഏറ്റവും മികച്ച ഐപിഎൽ ഇന്നിങ്സാണ് എന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പറയുകയുണ്ടായി. മത്സരത്തിൽ ഉത്തരവാദിത്തങ്ങൾ ഉയർത്തിക്കാട്ടി തന്നെയാണ് ഗില്‍ കളിച്ചത് എന്ന് സഞ്ജയ്‌ പറയുന്നു. മത്സരത്തിന്റെ ആദ്യ 22 പന്തുളിൽ 31 റൺസ് മാത്രമാണ് ഗില്ലിന് നേടാൻ സാധിച്ചത്. ശേഷം അടുത്ത 26 പന്തുകളിൽ 58 റൺസ് നേടി തന്റെ സ്ട്രൈക്ക് റേറ്റ് ഉയർത്താനും ഗില്ലിന് സാധിച്ചു.

Scroll to Top