ചെന്നൈ സൂപ്പർ കിംഗ്സിനെതീരായ നിർണായക മത്സരത്തിൽ തിളങ്ങാനാവാതെ മലയാളി താരം സഞ്ജു സാംസൺ. ചെന്നൈ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മികച്ച അവസരം ലഭിച്ചിട്ടും 19 പന്തുകളിൽ 15 റൺസ് മാത്രമാണ് സഞ്ജു സാംസണ് നേടാൻ സാധിച്ചത്. രാജസ്ഥാനായി ഒരു നായകന്റെ ഇന്നിംഗ്സ് കളിക്കാനാണ് മത്സരത്തിൽ സഞ്ജു ശ്രമിച്ചത്.
ഇന്നിംഗ്സ് ആങ്കർ ചെയ്ത് അവസാന ഓവറുകളിൽ വെടിക്കെട്ട് തീർക്കാനായിരുന്നു സഞ്ജുവിന്റെ ശ്രമം. എന്നാൽ പതിനഞ്ചാം ഓവറിൽ സിമർജീത് സിംഗിന്റെ പന്തിൽ ഋതുരാജിന് ക്യാച്ച് നൽകി സഞ്ജു മടങ്ങുകയാണ് ചെയ്തത്. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിന്റെ നിരാശാജനകമായ ഇന്നിംഗ്സാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.
മത്സരത്തിൽ ജയസ്വാൾ പുറത്തായ ശേഷം ഏഴാം ഓവറിലാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. ബാറ്റിംഗിന് അത്ര അനുകൂലമായ പിച്ച് ആയിരുന്നില്ല ചെന്നൈയിലേത്. അതിനാൽ തന്നെ വളരെ കരുതലോടെയാണ് സഞ്ജു ആരംഭിച്ചത്. നേരിട്ട ആദ്യ പന്തുകളിൽ വമ്പൻഷോട്ടുകൾ കളിക്കാൻ സഞ്ജു സാംസൺ മുതിർന്നില്ല. സിംഗിളുകൾ നേടി തന്റെ ടീമിനെ കരകയറ്റാൻ ആയിരുന്നു സഞ്ജു ശ്രമിച്ചത്.
മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് സഞ്ജുവിനെയും ബാധിച്ചിരുന്നു. എന്നാൽ ഒരു വശത്ത് പരഗിലനെ മുൻനിർത്തി ഇന്നിംഗ്സ് കൈകാര്യം ചെയ്യാൻ സഞ്ജു ശ്രമിച്ചു. പക്ഷേ നിർണായക സമയത്ത് സഞ്ജു കൂടാരം കയറുകയാണ് ഉണ്ടായത്.
മത്സരത്തിൽ സിമർജിത്ത് എറിഞ്ഞ പതിനഞ്ചാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സഞ്ജു സാംസൺ പുറത്തായത്. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ മിഡോഫിന് മുകളിലൂടെ ബൗണ്ടറി നേടാൻ ശ്രമിക്കുകയായിരുന്നു സഞ്ജു സാംസൺ. എന്നാൽ കൃത്യമായി ടൈമിംഗ് കണ്ടെത്താൻ സഞ്ജുവിന് സാധിച്ചില്ല. സഞ്ജുവിന്റെ കയ്യിലിരുന്ന് ബാറ്റ് തിരിഞ്ഞതോടെ അതൊരു മോശം ഷോട്ടായി മാറുകയായിരുന്നു.
മിഡ് ഓഫീൽ നിന്ന ചെന്നൈ നായകൻ ഋതുരാജാണ് സഞ്ജുവിന്റെ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കിയത്. ഇതോടെ 19 പന്തുകളിൽ 15 റൺസ് നേടിയ സഞ്ജു കൂടാരം കയറുകയുണ്ടായി. ഇന്നിംഗ്സിൽ ഒരു ബൗണ്ടറി പോലും സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചില്ല.
എന്നിരുന്നാലും ഈ ഇന്നിങ്സോടെ മറ്റൊരു റെക്കോർഡ് സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഇതുവരെ ഈ ഐപിഎൽ സീസണിൽ 486 റൺസ് സഞ്ജു സാംസൺ സ്വന്തമാക്കി കഴിഞ്ഞു. സഞ്ജുവിന്റെ ഒരു ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സീസണിൽ ഉണ്ടായിരിക്കുന്നത്.
2021 ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു 484 റൺസ് സ്വന്തമാക്കിയിരുന്നു. 69.4 എന്ന ശരാശരിയിലാണ് സഞ്ജു 2021ൽ ഈ നേട്ടം കൊയ്തത്. എന്നാൽ ഇത്തവണ അത് മറികടക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും മത്സരത്തിൽ ടീമിനെ മികച്ച നിലയിൽ എത്തിക്കാൻ സാധിക്കാതെ വന്നത് സഞ്ജുവിനെ നിരാശപ്പെടുത്തുന്ന കാര്യമാണ്.