“എവിടെയാണ് തോറ്റത്” പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നിരാശാജനകമായ പരാജയമാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് നേരിടേണ്ടി വന്നത്. 99% വിജയിച്ച മത്സരത്തിൽ ഡെത്ത് ഓവറിലെ മോശം ബോളിംഗ് പ്രകടനമാണ് രാജസ്ഥാന് വിനയായത്.

മത്സരത്തിൽ 3 വിക്കറ്റുകളുടെ ത്രസിപ്പിക്കുന്ന വിജയമായിരുന്നു ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനായി സഞ്ജുവും റിയാൻ പരഗുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 196 റൺസ് സ്വന്തമാക്കാൻ രാജസ്ഥാന് സാധിച്ചു. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് അവസാന സമയങ്ങളിൽ മികവ് പുലർത്തുകയായിരുന്നു. റാഷിദ് ഖാന്റെ അപാര ഫിനിഷിങ്ങിൽ ഗുജറാത്ത് വിജയം സ്വന്തമാക്കി. മത്സരത്തിലെ ടീമിന്റെ പ്രകടനത്തെ പറ്റി നായകൻ സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി. 

“അവസാന പന്തിലാണ് ഞങ്ങൾ പരാജയമറിഞ്ഞത്. സത്യസന്ധമായി പറഞ്ഞാൽ ഈ നിമിഷത്തിൽ സംസാരിക്കുക എന്നത് അല്പം കഠിനമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും കഠിനമായ ജോലി ക്യാപ്റ്റൻമാർക്കുള്ളതാണ്. മത്സരത്തിൽ പരാജയശേഷം അതിന്റെ കാരണങ്ങളും, എവിടെയാണ് പരാജയപ്പെട്ടത് എന്നും പറയുക അല്പം കഠിനമാണ്. ഒരുപക്ഷേ കുറച്ചു മണിക്കൂറുകൾ കഴിയുമ്പോൾ എനിക്കത് പറയാൻ സാധിച്ചേക്കും. എന്നിരുന്നാലും മത്സരത്തിലെ ഗുജറാത്തിന്റെ വിജയത്തിലെ പൂർണ്ണമായ ക്രെഡിറ്റും അവരുടെ ബാറ്റിങ്ങിനും ബോളിങ്ങിനും ഫീൽഡിങ്ങിനും അർഹിച്ചതാണ്.”- സഞ്ജു പറഞ്ഞു.

“ഈ പരാജയത്തിൽ നിന്ന് ഞങ്ങൾ കാര്യങ്ങൾ പഠിക്കുകയും മുന്നോട്ടു പോകുകയും ചെയ്യും. ഞാൻ ബാറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് തോന്നിയത് 180 എന്നത് പോരാടാൻ സാധിക്കുന്ന സ്കോറാണ് എന്നതാണ്  അതുകൊണ്ടുതന്നെ 1977 റൺസ് മത്സരത്തിൽ നേടിയപ്പോൾ വിജയിക്കാനാവുന്ന സ്കോറാവും എന്ന് ഞാൻ കരുതി. മഞ്ഞുതുള്ളികളുടെ സാന്നിധ്യം മത്സരത്തിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല വിക്കറ്റ് നന്നായിരുന്നു. ഇത്രയും മികച്ച ബോളിംഗ് നിരയുള്ള ഞങ്ങൾക്ക് ഈ സ്കോർ പ്രതിരോധിക്കാൻ സാധിക്കണമായിരുന്നു. പക്ഷേ ഗുജറാത്ത് അതിമനോഹരമായി തന്നെ ബാറ്റ് ചെയ്തു എന്ന് പറയാതിരിക്കാനാവില്ല.”- സഞ്ജു കൂട്ടിച്ചേർത്തു.

“ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ആക്രമണം അഴിച്ചുവിട്ട് അനായാസം മുന്നിലേക്ക് പോവുക എന്നത് സാധ്യമല്ല. ഞങ്ങൾ ഇന്നിംഗ്സ് നന്നായി തന്നെ പേസ് ചെയ്യാനാണ് ശ്രമിച്ചത്. ജയ്പൂരിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഇല്ലാത്ത ദിനത്തിൽ 197 റൺസ് സ്വന്തമാക്കുക എന്നത് ചെറിയ കാര്യമല്ല. അങ്ങനെയുള്ള ദിവസങ്ങളിൽ ഈ സ്കോർ നമുക്ക് വലിയ ഒന്നുതന്നെയാണ്.”- സഞ്ജു സാംസൺ പറയുന്നു. ഈ ഐപിഎൽ സീസണിലെ രാജസ്ഥാന്റെ ആദ്യ പരാജയമാണ് മത്സരത്തിൽ പിറന്നത്. എന്നിരുന്നാലും വരും മത്സരങ്ങളിൽ രാജസ്ഥാൻ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Previous articleഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
Next article“രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് “- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.