റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ 6 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. രാജസ്ഥാനായി ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തത് ജോസ് ബട്ലറും സഞ്ജു സാംസണുമായിരുന്നു.
ബട്ലർ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടി. ഇരുവരും ചേർന്ന് ബാംഗ്ലൂർ ബോളർമാരെ അടിച്ചു തൂക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ഇരുവരുടെയും ബാറ്റിംഗ് കരുത്തിന് മുൻപിൽ ബാംഗ്ലൂർ ബോളർമാർ പത്തി മടക്കുകയായിരുന്നു. ഈ വിജയത്തോടെ 2024 ഐപിഎല്ലിന്റെ പോയിന്റ്സ് ടേബിളിൽ ആദ്യ സ്ഥാനത്തെത്താൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് മത്സരത്തിൽ ബാംഗ്ലൂരിന് ഓപ്പണർമാർ നൽകിയത്. കോഹ്ലിയും ഡുപ്ലസിയും ചേർന്ന് ബാംഗ്ലൂരിനെ മികച്ച സ്കോറിലേക്ക് എത്തിക്കുന്ന കാഴ്ചയാണ് മത്സരത്തിന്റെ തുടക്കത്തിൽ കണ്ടത്.
ഇരു ബാറ്റർമാരും രാജസ്ഥാൻ ബോളർമാർക്ക് ഭീഷണി സൃഷ്ടിച്ചു. പവർപ്ലേ ഓവറുകളിൽ അടക്കം രാജസ്ഥാന്റെ വമ്പൻ ബോളിങ് നിരയെ അടിച്ചു തൂക്കാൻ കോഹ്ലിക്കും ഡുപ്ലസിയ്ക്കും സാധിച്ചു. മത്സരത്തിൽ 33 പന്തുകളിൽ 44 റൺസാണ് നായകൻ ഡുപ്ലസി നേടിയത്.
എന്നാൽ ഡുപ്ലസി പുറത്തായ ശേഷവും കോഹ്ലി പൂർണമായും ആക്രമണം അഴിച്ചുവിടുകയായിരുന്നു. 67 പന്തുകളിൽ നിന്ന് തന്റെ സെഞ്ച്വറി പൂർത്തീകരിക്കാൻ കോഹ്ലിക്ക് സാധിച്ചു. ട്വന്റി20 കരിയറിലെ കോഹ്ലിയുടെ ഒൻപതാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. ഇതോടെ ബാംഗ്ലൂർ മികച്ച ഒരു നിലയിലേക്ക് നീങ്ങുകയായിരുന്നു.
72 പന്തുകൾ നേരിട്ട കോഹ്ലി 12 ബൗണ്ടറികളും 4 സിക്സറുകളും അടക്കം 113 റൺസാണ് മത്സരത്തിൽ നേടിയത്. ഇങ്ങനെ ബാംഗ്ലൂർ നിശ്ചിത 20 ഓവറുകളിൽ 3 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. സൂപർ താരമായ ജയസ്വാളിനെ രാജസ്ഥാന് ആദ്യ ഓവറിൽ തന്നെ നഷ്ടമായി.
പക്ഷേ പിന്നീട് കാണാൻ സാധിച്ചത് ജോസ് ബട്ലറിന്റെയും സഞ്ജു സാംസന്റെയും വെടിക്കെട്ട് ആയിരുന്നു. തങ്ങളുടെ ഇന്നിങ്സിന്റെ ആദ്യ സമയത്ത് പതിയെ തുടങ്ങിയ ബട്ലറും സഞ്ജുവും പയ്യെ ഫോമിലേക്ക് എത്തുകയായിരുന്നു. പിന്നീട് ബാംഗ്ലൂരിലെ മുഴുവൻ ബോളർമാർക്കുമെതിരെ ആക്രമണം അഴിച്ചുവിടാൻ ഇരു ബാറ്റർമാർക്കും സാധിച്ചു. മത്സരത്തിൽ 42 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 8 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 69 റൺസാണ് സ്വന്തമാക്കിയത്.
ബട്ലർ മത്സരത്തിൽ അവസാന നിമിഷം വരെ ആക്രമിക്കുകയായിരുന്നു. അവസാന ഓവറിൽ സിക്സർ നേടിയാണ് ബട്ലര്‍ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 58 പന്തുകളിൽ 100 റൺസ് സ്വന്തമാക്കാൻ ബട്ലറിന് സാധിച്ചു. ഈ ഇന്നിങ്സിന്റെ ബലത്തിൽ രാജസ്ഥാൻ മത്സരത്തിൽ 6 വിക്കറ്റുകളുടെ വമ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു.