മുംബൈയ്ക്കെതിരായ മത്സരത്തിൽ ത്രില്ലിംഗ് വിജയം സ്വന്തമാക്കി കൊൽക്കത്ത. മത്സരത്തിൽ വെങ്കിടേഷ് അയ്യറുടെ ബാറ്റിംഗ് മികവാണ് കൊൽക്കത്തയെ നിർണായക വിജയത്തിൽ എത്തിച്ചത്. ബോളിങ്ങിൽ 4 വിക്കറ്റുകൾ സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കാണ് കൊൽക്കത്തക്കായി മികവ് പുലർത്തിയത്.
മത്സരത്തിൽ 24 റൺസിന്റെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഈ സീസണിലെ കൊൽക്കത്തയുടെ ഏഴാം വിജയമാണ് മത്സരത്തിൽ പിറന്നത്. മറുവശത്ത് മുംബൈ ഇന്ത്യൻസിന്റെ ഏഴാം പരാജയവും മത്സരത്തിൽ ഉണ്ടായി. ഇതോടെ മുംബൈ ക്വാളിഫയർ കാണാതെ പുറത്താവുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു ശക്തമായ തുടക്കം തന്നെയാണ് മുംബൈയ്ക്ക് മത്സരത്തിൽ ലഭിച്ചത്. പവർപ്ലെ ഓവറുകളിൽ തന്നെ കൊൽക്കത്തൻ ബാറ്റർമാരെ കെട്ടുകെട്ടിക്കാൻ മുംബൈയ്ക്ക് സാധിച്ചു. സോൾട്ട്(5) നരെയൻ(8) രഘുവംശി(1 ശ്രേയസ് അയ്യർ(6) എന്നിവർ തുടക്കത്തിൽ തന്നെ കൂടാരം കയറിയത് കൊൽക്കത്തയെ ബാധിച്ചു.
മത്സരത്തിന്റെ ഒരു സമയത്ത് കൊൽക്കത്ത 5 വിക്കറ്റ് നഷ്ടത്തിൽ 57 എന്ന നിലയിൽ തകരുകയുണ്ടായി. അതിനുശേഷമാണ് മനീഷ് പാണ്ടയും വെങ്കിടേഷ് അയ്യരും ചേർന്ന് കൊൽക്കത്തക്കായി മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തത്.
ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 83 റൺസാണ് കൂട്ടിച്ചേർത്തത്. വെങ്കിടേഷ് അയ്യർ 52 പന്തുകളിൽ 70 റൺസാണ് മത്സരത്തിൽ നേടിയത്. മനീഷ് പാണ്ടെ 31 പന്തുകളിൽ 42 റൺസ് നേടി. ഇങ്ങനെ കൊൽക്കത്ത 169 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. മറുവശത്ത് മുംബൈക്കായി പേസർമാരായ നുവാൻ തുഷാരയും ബുമ്രയും 3 വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി.
മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബൈയ്ക്കും മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 7 പന്തുകളിൽ 13 റൺസ് നേടിയ ഇഷാൻ കിഷനാണ് മുംബൈ നിരയിൽ ആദ്യം പുറത്തായത്. ശേഷം രോഹിത് ശർമയും(11) നമൻ ദിറും കൂടാരം കയറിയതോടെ മുംബൈ വിറച്ചു.
ഒരുവശത്ത് സൂര്യകുമാർ യാദവ് പിടിച്ചു നിന്നപ്പോൾ മറുവശത്ത് വിക്കറ്റുകൾ നിരന്തരം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 6 വിക്കറ്റുകൾക്ക് 71 എന്ന നിലയിൽ മുംബൈ തകരുകയുണ്ടായി. ശേഷം ടീം ഡേവിഡിനൊപ്പം ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ട് സൂര്യകുമാർ കെട്ടിപ്പടുത്തു. ഇതാണ് മുംബൈയ്ക്ക് പ്രതീക്ഷ നൽകിയത്.
സൂര്യ മത്സരത്തിൽ 35 പന്തുകളിൽ 6 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 56 റൺസാണ് നേടിയത്. പക്ഷേ സൂര്യ പുറത്തായതിന് ശേഷം മുംബൈ പതറുന്നതാണ് കണ്ടത്. അവസാന 2 ഓവറുകളിൽ 32 റൺസായിരുന്നു മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്.
മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 19 ആം ഓവറിൽ സിക്സർ നേടിയാണ് ടിം ഡേവിഡ് ആരംഭിച്ചത്. എന്നാൽ തൊട്ടടുത്ത പന്തിൽ ഡേവിഡിനെ പുറത്താക്കി സ്റ്റാർക്ക് ഉഗ്രൻ തിരിച്ചുവരവ് നടത്തി. ഇതോടെ മുംബൈ പൂർണ്ണമായും തകരുകയായിരുന്നു. പിന്നീട് എല്ലാം തന്നെ ചടങ്ങുകളായി മാറുകയായിരുന്നു. കേവലം 145 റൺസിന് മുംബൈ ഓൾഔട്ട് ആവുകയാണ് ഉണ്ടായത്. മത്സരത്തിൽ 24 റൺസിന്റെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. കൊൽക്കത്തയുടെ സീസണിലെ ഏഴാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നേടാനും ടീമിന് സാധിച്ചിട്ടുണ്ട്.