വാങ്കഡെ സ്റ്റേഡിയത്തിൽ അണിനിരന്ന ആരാധകരെ ആവേശത്തിലാക്കി മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ട്. മത്സരത്തിന്റെ അവസാന ഓവറിൽ ക്രീസിലെത്തിയ മഹേന്ദ്ര സിംഗ് ധോണി തുടർച്ചയായി 3 സിക്സറുകൾ പറത്തിയാണ് മുംബൈയിലെ ആരാധകരെ പൂർണമായും കയ്യിലെടുത്തത്.
ധോണിയുടെ മൈതാനത്തേക്കുള്ള വരവിനായി കാത്തിരുന്ന ചെന്നൈ ആരാധകർക്ക് ഒരു വിരുന്നു തന്നെയാണ് തല ഒരുക്കിയത്. ഹർദിക് എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിലാണ് മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ നേടിയാണ് ധോണി ആരംഭിച്ചത്.
ധോണിക്കെതിരെ ഓഫ് സൈഡിൽ ഒരു സ്ലോ ബോളാണ് ഹർദിക് പാണ്ഡ്യ എറിഞ്ഞത്. എന്നാൽ കൃത്യമായി ലെങ്ത് മനസ്സിലാക്കിയ ധോണി ലോങ്ങ് ഓഫിന് മുകളിലൂടെ ആദ്യ പന്ത് തന്നെ ഒരു കൂറ്റൻ സിക്സർ പായിക്കുകയായിരുന്നു. 81 മീറ്റർ അകലെയാണ് പന്ത് പതിച്ചത്. ശേഷം പാണ്ട്യയെറിഞ്ഞ രണ്ടാം പന്തിൽ ലോങ് ഓണിലൂടെ മറ്റൊരു സിക്സർ നേടാനും ധോണിക്ക് സാധിച്ചു.
ഇങ്ങനെ തുടർച്ചയായി ധോണി സിക്സർ നേടിയതോടെ വാങ്കഡെയിൽ അണിനിരന്ന ആരാധകർ കൂടുതൽ ആവേശത്തിൽ ആവുകയായിരുന്നു. എന്നാൽ അവിടെയും കാര്യങ്ങൾ കഴിഞ്ഞില്ല. ഓവറിലെ അഞ്ചാം പന്തിൽ സ്ക്വയർ ലെഗിന് മുകളിലൂടെ ഒരു തകർപ്പൻ സിക്സർ നേടി ധോണി ഹാട്രിക്ക് സിക്സറുകൾ സ്വന്തമാക്കി.
ധോണിയുടെ പാഡിലേക്ക് ഒരു ഫുൾ ടോസ് ആണ് പാണ്ഡ്യ എറിഞ്ഞത്. എന്നാൽ ഇത് കൃത്യമായി മനസ്സിലാക്കി സിക്സർ സ്വന്തമാക്കാൻ ധോണിക്ക് സാധിച്ചു. ശേഷം അവസാന പന്തിൽ 2 റൺസ് കൂടി നേടി ധോണി ഇന്നിംഗ്സ് ഫിനിഷ് ചെയ്യുകയായിരുന്നു.
DO NOT MISS
— IndianPremierLeague (@IPL) April 14, 2024
MSD 🤝 Hat-trick of Sixes 🤝 Wankhede going berserk
Sit back & enjoy the LEGEND spreading joy & beyond 💛 😍
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #MIvCSK | @msdhoni | @ChennaiIPL pic.twitter.com/SuRErWrQTG
പാണ്ട്യയെറിഞ്ഞ അവസാന ഓവറിൽ 26 റൺസാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. മാത്രമല്ല അനായാസം ചെന്നൈയെ 200 റൺസ് കടത്താനും ധോണിക്ക് സാധിച്ചു. 4 പന്തുകൾ നേരിട്ട ധോണി 3 സിക്സറുകൾ അടക്കം 20 റൺസാണ് മത്സരത്തിൽ നേടിയത്. ധോണിയുടെ എൻട്രിക്കായി കാത്തിരുന്ന ആരാധകർക്ക് ഇത് വലിയ ആവേശം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അത്രമികച്ച തുടക്കമായിരുന്നില്ല ചെന്നൈക്ക് ലഭിച്ചത്. എന്നാൽ നായകൻ ഋതുരാജ് ക്രീസിലുറച്ചത് ചെന്നൈക്ക് ആശ്വാസം നൽകി. ഒപ്പം ശിവം ദുബെയും ചെന്നൈയ്ക്കായി വെടിക്കെട്ട് തീർത്തു. നായകൻ മത്സരത്തിൽ 40 പന്തുകളിൽ 5 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 69 റൺസാണ് നേടിയത്. ദുബെ 38 പന്തുകളിൽ 10 ബൗണ്ടറികളും 2 സിക്സറുകളും അടക്കം 66 റൺസ് നേടി. ഒപ്പം ധോണിയുടെ അവസാന ഓവറിലെ വെടിക്കെട്ട് കൂടിയായപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറുകളിൽ 206 റൺസാണ് സ്വന്തമാക്കിയത്.