ബാംഗ്ലൂരിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിൽ, ആരാധകർക്ക് മുമ്പിൽ മഹേന്ദ്ര സിംഗ് ധോണിയുടെ സ്പെഷ്യൽ റണ്ണൗട്ട്. ഒരു വർഷ കാലത്തിന് ശേഷം മൈതാനത്തേക്ക് തിരിച്ചെത്തിയ മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രങ്ങളാൽ സംതൃപ്തമായിരുന്നു ബാംഗ്ലൂർ- ചെന്നൈ മത്സരം.
ഇതിനിടെ ധോണി സ്വന്തമാക്കിയ ഒരു റൺഔട്ട് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. ബാംഗ്ലൂർ ഇന്നിങ്സിന്റെ അവസാന ഓവറിൽ അനുജ് റാവത്തിനെ പുറത്താക്കിയ ധോണിയുടെ ഒരു ഡയറക്ട് ഹിറ്റ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഒരുപാട് കാലം പിന്നിലേക്ക് കൊണ്ടുപോയി
മത്സരത്തിൽ ബാംഗ്ലൂർ ഇന്നിങ്സിന്റെ അവസാന പന്തിലാണ് ധോണി അവിശ്വസനീയ റൺഔട്ട് കാഴ്ചവച്ചത്. മത്സരത്തിൽ അവസാന പന്തിൽ ഒരു തകർപ്പൻ ഷോട്ടിന് തയ്യാറായി നിൽക്കുകയായിരുന്നു ദിനേശ് കാർത്തിക്. എന്നാൽ തുഷാർ ദേശ്പാണ്ടെ എറിഞ്ഞ പന്ത് ഓഫ് സ്റ്റമ്പിന് വെളിയിലായിരുന്നു.
കാർത്തിക് തന്റെ സർവ്വശക്തിയുമെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പന്തുമായി കോൺടാക്ട് ചെയ്യാൻ സാധിച്ചില്ല. പന്ത് വിക്കറ്റ് കീപ്പർ ധോണിയുടെ കൈകളിൽ എത്തുകയും ഈ സമയത്ത് എതിർ ക്രീസിൽ നിന്ന അനുജ് രാവത്ത് റണ്ണിനായി ശ്രമിക്കുകയും ചെയ്തു.
എന്നാൽ തന്റെ പ്രതാപ കാലത്തെ ഓർമ്മിപ്പിക്കുന്ന വിധം മഹേന്ദ്ര സിംഗ് ധോണി ഒരു സ്പീഡ് ത്രോയിലൂടെ കുറ്റിത്തെറിപ്പിക്കുകയാണ് ഉണ്ടായത്. അനുജ് വലിയ രീതിയിൽ ഡൈവ് ചെയ്തെങ്കിലും ധോണിയുടെ കൃത്യതയാർന്ന ത്രോയ്ക്ക് മുൻപിൽ വിക്കറ്റ് വിലയായി നൽകേണ്ടിവന്നു. മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് അനുജ് കാഴ്ചവച്ചത്. 25 പന്തുകളിൽ 48 റൺസാണ് അനുജ് സ്വന്തമാക്കിയത്. 4 ബൗണ്ടറികളും 3 സിക്സറുകളും അനുജിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് മികച്ച തുടക്കമായിരുന്നു നായകൻ ഡുപ്ലസി നൽകിയത്. 23 പന്തുകളിൽ 35 റൺസ് സ്വന്തമാക്കാൻ ഡുപ്ലസിയ്ക്ക് സാധിച്ചുm എന്നാൽ ഡുപ്ലസി പുറത്തായ ശേഷം ബാംഗ്ലൂർ ബാറ്റിംഗ് നിര തകർന്നു വീഴുന്നതാണ് കാണാൻ സാധിച്ചത്. ചെന്നൈ ബോളർമാർക്ക് മുൻപിൽ ബാംഗ്ലൂരിന്റെ വീര്യം കെട്ടടങ്ങി.
ഒരു സമയത്ത് ബാംഗ്ലൂർ 78 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർന്നു. ശേഷമാണ് ആറാം വിക്കറ്റിൽ അനുജ് റാവത്തും കാർത്തിക്കും ചേർന്ന് ബാംഗ്ലൂരിനെ കൈപിടിച്ച് കയറ്റിയത്. നിശ്ചിത 20 ഓവറുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിച്ചു.