ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 35 റൺസിന്റെ വെടിക്കെട്ട് വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്തിന്റെ പൂർണ്ണമായ ആധിപത്യം കണ്ട മത്സരമാണ് അഹമ്മദാബാദിൽ നടന്നത്. മത്സരത്തിൽ ഗുജറാത്തിനായി 2 ഓപ്പണർമാരും സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി.
സായി സുദർശന്റെയും ഗില്ലിന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് ഗുജറാത്ത് 231 എന്ന ശക്തമായ സ്കോർ കെട്ടിപ്പടുത്തത്. എന്നാൽ 35 റൺസകലെ ചെന്നൈ വീഴുകയായിരുന്നു. ഈ പരാജയത്തോടെ ചെന്നൈയുടെ പ്ലെയോഫ് പ്രതീക്ഷകൾ അനിശ്ചിതാവസ്ഥയിൽ ആയിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിന്റെ ചരിത്രം തിരുത്തി എഴുതിയ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനായി ഓപ്പണർമാർ കാഴ്ചവച്ചത്. സായി സുദർശനും ശുഭമാൻ ഗില്ലും ആദ്യ ബോൾ മുതൽ ഗുജറാത്തിനായി ആക്രമണം അഴിച്ചുവിടുകയുണ്ടായി. ഇരുവരും പവർപ്ലേ ഓവറുകളിൽ തന്നെ ചെന്നൈയ്ക്ക് മേൽ ആധിപത്യം സ്ഥാപിച്ചു
അതിനുശേഷം ഇരുവരും മിതത്വം കാണിക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഇതോടെ ഗുജറാത്ത് ആദ്യ വിക്കറ്റിൽ തന്നെ വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്നു. 210 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ ഗുജറാത്ത് നേടിയെടുത്തത്. മാത്രമല്ല ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ടീമിലെ രണ്ട് ഓപ്പണർമാരും സെഞ്ചുറിയും നേടുകയുണ്ടായി.
മത്സരത്തിൽ 55 പന്തുകൾ നേരിട്ട നായകൻ ശുഭമാൻ ഗിൽ 9 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 104 റൺസാണ് നേടിയത്. സായി സുദർശൻ 51 പന്തുകളിൽ 5 ബൗണ്ടറികളും 7 സിക്സറുകളുമടക്കം 103 റൺസ് നേടുകയുണ്ടായി. ഇതോടെ ഗുജറാത്ത് 260ന് മുകളിൽ സ്കോർ കണ്ടെത്തുമെന്ന് ആദ്യം കരുതി. എന്നാൽ അവസാന ഓവറുകളിൽ ചെന്നൈ മികച്ച ബോളിംഗ് പ്രകടനമായി തിരിച്ചുവരികയായിരുന്നു.
നിശ്ചിത 20 ഓവറുകളിൽ 3 വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണ് ഗുജറാത്ത് മത്സരത്തിൽ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈയ്ക്ക് ഒരു ദുരന്ത തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ രഹാനെ(1) രവീന്ദ്ര(1) ഋതുരാജ്(0) എന്നിവർ തുടക്കത്തിൽ തന്നെ കൂടാരം കയറി. കേവലം 10 റൺസ് സ്വന്തമാക്കുന്നതിനിടെ ചെന്നൈക്ക് തങ്ങളുടെ 3 വിക്കറ്റുകൾ നഷ്ടമായിരുന്നു.
എന്നാൽ പിന്നീട് മിച്ചലും മോയിൻ അലിയും ചേർന്ന് വെടിക്കെട്ട് കൂട്ടുകെട്ട് ടീമിനായി കെട്ടിപ്പടുക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 109 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഇരു ബാറ്റർമാരും മത്സരത്തിൽ അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. മിച്ചൽ മത്സരത്തിൽ 34 പന്തുകളിൽ 7 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 63 റൺസാണ് നേടിയത്.
മോയിൻ 36 പന്തുകളിൽ 4 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 56 റൺസ് നേടി. എന്നാൽ ഇരുവരുടെയും വിക്കറ്റുകൾ ചെറിയ ഇടവേളയിൽ നഷ്ടമായത് ചെന്നൈയെ ബാധിച്ചു. ശേഷം ചെന്നൈക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. മത്സരത്തിൽ 35 റൺസിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഈ വിജയത്തോടെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്താൻ ഗുജറാത്തിന് സാധിച്ചിട്ടുണ്ട്.