പാക്കിസ്ഥാനെ അട്ടിമറിച്ച് അയർലൻഡ്. 5 വിക്കറ്റുകളുടെ വിജയം. ലോകകപ്പിന് മുമ്പ് മുട്ടൻ പണി.

380756

പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ അട്ടിമറി വിജയവുമായി അയർലൻഡ്. അത്യന്തം ആവേശകരമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 182 റൺസ് സ്വന്തമാക്കിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ വലിയ പോരാട്ട വീര്യത്തോടെ അയർലൻഡ് മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ അയർലൻഡിനായി മികച്ച ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തത് ഓപ്പണർ ബാൽബിർണിയാണ്. ഒപ്പം മത്സരത്തിന്റെ അവസാന ഭാഗങ്ങളിൽ കാംഫർ കളം നിറയുകയായിരുന്നു. എന്തായാലും ലോകകപ്പിന് മുൻപ് പാകിസ്ഥാനെ സംബന്ധിച്ച് വളരെ നിരാശാജനകമായ പരാജയമാണ് നേരിട്ടിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ഓപ്പണർ അയൂബ് മികച്ച തുടക്കമാണ് ടീമിന് നൽകിയത്. എന്നാൽ മുഹമ്മദ് റിസ്വാന്റെ (1) വിക്കറ്റ് തുടക്കത്തിൽ തന്നെ പാക്കിസ്ഥാന് നഷ്ടമായി. അയൂബ് 29 പന്തുകളിൽ 4 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 45 റൺസ് ആയിരുന്നു നേടിയത്.

ശേഷം നായകൻ ബാബർ ആസാം ക്രീസിലുറച്ച് ഒരു ആങ്കറുടെ ഇന്നിങ്സ് കളിക്കുകയുണ്ടായി. പക്ഷേ മറുവശത്ത് നിരന്തരം വിക്കറ്റുകൾ നഷ്ടമായത് പാകിസ്ഥാനെ ബാധിച്ചു. 43 പന്തുകൾ നേരിട്ട ആസാം കേവലം 57 റൺസ് മാത്രമാണ് നേടിയത്. 8 ബൗണ്ടറികളും ഒരു സിക്സറും ആസമിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

അവസാന ഓവറുകളിൽ ഇഫ്തിക്കാർ അഹമ്മദും ഷാഹിൻ അഫ്രിദിയും ആക്രമണം അഴിച്ചുവിടുകയുണ്ടായി. ഇഫ്തികാർ 15 പന്തുകളിൽ 37 റൺസാണ് നേടിയത്. അഫ്രീദി 8 പന്തുകളിൽ 14 റൺസ് നേടുകയുണ്ടായി. ഇങ്ങനെ പാക്കിസ്ഥാൻ 182 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച അയർലൻഡിന് നായകൻ സ്റ്റിർലിംഗിന്റെ(8) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി.

എന്നാൽ ഓപ്പണർ ബാൽബിർണി ക്രീസിൽ ഉറച്ചത് വലിയ ആശ്വാസമായി മാറി. മധ്യനിരയിൽ 27 പന്തുകളിൽ 36 റൺസ് നേടിയ ഹാരി ടെക്ടറും അയർലന്റിനായി മികച്ച സംഭാവന നൽകി. ഇതോടെ മത്സരത്തിൽ അയർലൻഡ് വിജയത്തിലേക്ക് അടുക്കുകയായിരുന്നു.

അവസാന 3 ഓവറുകളിൽ 30 റൺസായിരുന്നു അയർലൻഡിന് വിജയിക്കാൻ വേണ്ടിയിരുന്നത്. 55 പന്തുകളിൽ 10 ബൗണ്ടറികളും 2 സിക്സ്റ്ററുകളുമടക്കം 77 റൺസ് നേടിയ ബാൽബിർണി കൂടാരം കയറിയത് അയർലൻഡിനെ ബാധിച്ചു.

പക്ഷേ ഡോക്ഡ്രലും കാംഫറുമടക്കമുള്ള താരങ്ങൾ അവസാന നിമിഷം മികവ് പുലർത്തിയത് അയർലൻഡിന് രക്ഷയായി. അവസാന ഓവറിൽ 11 റൺസ് വിജയിക്കാൻ വേണമെന്നിരിക്കെ അബ്ബാസ് അഫ്രീദിക്കെതിരെ കാംഫർ രണ്ടു ബൗണ്ടറികൾ നേടുകയുണ്ടായി. ഇങ്ങനെ മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയം അയർലൻഡ് സ്വന്തമാക്കുകയായിരുന്നു.

Scroll to Top