ഡല്‍ഹിയുടെ തകര്‍പ്പന്‍ ഡെത്ത് ഓവര്‍ ബൗളിംഗ്. ആദ്യ പരാജയം വഴങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്. ഡൽഹി ക്യാപിറ്റൽസിനെതീരായ മത്സരത്തിൽ 20 റൺസിന്റെ പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങിയത്.

ഡൽഹിക്കായി ബാറ്റിംഗിൽ തിളങ്ങിയത് ഡേവിഡ് വാർണറും നായകൻ ഋഷഭ് പന്തുമാണ്. ഒപ്പം മുകേഷ് കുമാർ ബോളിങ്ങിൽ അങ്ങേയറ്റം മികച്ച പ്രകടനം പുറത്തെടുത്തതോടെ ഡൽഹി അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹിയുടെ ആദ്യ വിജയമാണ് മത്സരത്തിൽ നടന്നത് .

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് ഡൽഹി കാഴ്ചവെച്ചത്. ഓപ്പണർമാരായ പൃഥ്വി ഷായും ഡേവിഡ് വാർണറും മികച്ച തുടക്കം തന്നെ ഡൽഹിക്ക് നൽകി.

പൃഥ്വി മത്സരത്തിൽ 27 പന്തുകളിൽ 43 റൺസ് സ്വന്തമാക്കി. വാർണർ 35 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളും അടക്കം 52 റൺസാണ് നേടിയത്. ശേഷമെത്തിയ നായകൻ റിഷഭ് പന്ത് ക്രീസിലുറച്ചതോടെ ഡൽഹി വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ പക്വതയോടെ കളിച്ച പന്ത് പിന്നീട് അവസാന ഓവറുകളിൽ വെടിക്കെട്ട് തീർക്കുന്നതാണ് കാണാൻ സാധിച്ചത്. 32 പന്തുകൾ നേരിട്ട പന്ത് മത്സരത്തിൽ 4 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 51 റൺസ് ആണ് നേടിയത്. ഇതോടെ ഡൽഹി നിശ്ചിത 20 ഓവറുകളിൽ 191 റൺസിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈക്ക് ഒരു ദുരന്ത തുടക്കമാണ് ലഭിച്ചത്. നായകൻ ഋതുരാജിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ ചെന്നൈക്ക് നഷ്ടമായി. പിന്നാലെ രവീന്ദ്രയും മടങ്ങിയതോടെ ചെന്നൈ പതറി.

ശേഷം രഹാനെയും ഡാരിൽ മിച്ചലും ചേർന്നാണ് ചെന്നൈയെ കൈപിടിച്ചു കയറ്റിയത്. 30 പന്തുകളിൽ 5 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 45 റൺസ് ആണ് രഹാനെ നേടിയത്. മിച്ചൽ 34 റൺസ് നേടി. പക്ഷേ കൃത്യമായ സമയത്ത് ഇരുവരെയും പുറത്താക്കി ഡൽഹി മത്സരത്തിലേക്ക് തിരികെ വന്നു. പിന്നീടെത്തിയ ബാറ്റർമാർ നന്നായി പരിശ്രമിച്ചെങ്കിലും ഡൽഹിക്കേതിരെ കൃത്യമായി സ്കോറിങ് ഉയർത്താൻ സാധിച്ചില്ല.

പക്ഷേ അവസാന ഓവറുകളിൽ മഹേന്ദ്ര സിംഗ് ധോണി അടിച്ചു തകർത്തത് ഡൽഹിക്ക് ഭീഷണി സൃഷ്ടിച്ചു. നേരിട്ട ആദ്യ പന്തുകളിൽ തന്നെ ധോണി തന്റെ പ്രതിഭ തെളിയിച്ചു. അവസാന രണ്ട് ഓവറുകളിൽ 46 റൺസായിരുന്നു ചെന്നൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്.

എന്നാൽ മുകേഷ് കുമാർ പത്തൊമ്പതാം ഓവർ വളരെ പക്വതയോടെ എറിഞ്ഞതോടെ ചെന്നൈ തകർന്നു വീഴുകയായിരുന്നു. ചെന്നൈക്കായി അവസാന ഓവറുകളിൽ പൊരുതിയത് മഹേന്ദ്ര ധോണിയാണ്. ധോണി മത്സരത്തിൽ 16 പന്തുകളിൽ 37 റൺസ് സ്വന്തമാക്കി.

Previous articleബേബി മലിംഗയുടെ യോർക്കർ ഷോ 🔥 ഓരോവറിൽ തന്നെ മാർഷും സ്റ്റബ്സും ക്ലീൻ ബൗൾഡ്.
Next article42കാരന്റെ അഴിഞ്ഞാട്ടം 🔥 വിശാഖപട്ടണത്തെ ഞെട്ടിച്ച് ധോണി ധമാക്ക.. 16 പന്തിൽ 37 റൺസ്..