ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ മലർത്തിയടിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. ആവേശം നിറഞ്ഞ മത്സരത്തിൽ 6 വിക്കറ്റുകളുടെ ആധികാരിക വിജയമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്. മത്സരത്തിൽ ചെന്നൈക്കായി 4 വിക്കറ്റുകൾ സ്വന്തമാക്കിയ മുസ്തഫിസൂർ റഹ്മാനാണ് ബോളിങ്ങിൽ തിളങ്ങിയത്.
ബാറ്റിംഗിൽ രചിൻ രവീന്ദ്രയും ശിവം ദുബേയും അടക്കമുള്ളവർ വെടിക്കെട്ട് കാഴ്ചവച്ചപ്പോൾ ചെന്നൈ അനായാസം വിജയം കണ്ടെത്തുകയാണ് ഉണ്ടായത്. എന്തായാലും ചെന്നൈയെ സംബന്ധിച്ച് വളരെ മികച്ച തുടക്കം തന്നെയാണ് 2024 ഐപിഎല്ലിലും ലഭിച്ചിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ബാംഗ്ലൂരിന് നായകൻ ഡുപ്ലസിസ് നൽകിയത്. പവർ പ്ലേ ഓവറുകളിൽ ചെന്നൈ ബോളർമാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഡുപ്ലസിയ്ക്ക് സാധിച്ചു.
23 പന്തുകളിൽ 8 ബൗണ്ടറുകളടക്കം 35 റൺസാണ് ഡുപ്ലസി നേടിയത്. എന്നാൽ മുസ്തഫിസൂർ ബോളിങ് ക്രീസിൽ എത്തിയതോടെ കളി മാറുകയായിരുന്നു. ബാംഗ്ലൂരിന്റെ വിക്കറ്റുകൾ തുടർച്ചയായി വീഴ്ത്താൻ മുസ്തഫിസുറിന് സാധിച്ചു. ഇതോടെ ബാംഗ്ലൂർ തകരുന്നതാണ് കണ്ടത്. ഒരു സമയത്ത് ബാംഗ്ലൂർ 5 വിക്കറ്റുകൾ നഷ്ടത്തിൽ 78 റൺസ് എന്ന സ്കോറിൽ എത്തിയിരുന്നു.
ഇവിടെ നിന്നാണ് ബാംഗ്ലൂരിനെ അനുജ് റാവത്തും ദിനേഷ് കാർത്തിക്കും ചേർന്ന് കൈപിടിച്ചു കയറ്റിയത്. 95 റൺസിന്റെ കൂട്ടുകെട്ടാണ് ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. റാവത്ത് 25 പന്തുകളില്‍ 4 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 48 റൺസ് ആണ് നേടിയത്. കാർത്തിക് 26 പന്തുകളിൽ 38 റൺസ് നേടി.
ഇങ്ങനെ ബാംഗ്ലൂർ നിശ്ചിത 20 ഓവറുകളിൽ 173 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുവശത്ത് ചെന്നൈക്കായി 4 വിക്കറ്റുകൾ നേടിയ മുസ്തഫിസുറാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈയ്ക്കായി തകർപ്പൻ തുടക്കമാണ് രചിൻ രവീന്ദ്ര നൽകിയത്. 15 പന്തുകളിൽ 3 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 37 റൺസ് നേടിയാണ് രചിൻ അരങ്ങേറ്റം ഗംഭീരമാക്കിയത്.
രചിന് ശേഷമെത്തിയ രഹാനെയും 19 പന്തുകളിൽ 27 റൺസുമായി കളം നിറഞ്ഞു. ഇങ്ങനെ ചെന്നൈ മത്സരത്തിലേക്ക് ശക്തമായി കുതിച്ചു കയറുകയായിരുന്നു. ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും ക്രീസിലെത്തിയ ചെന്നൈ ബാറ്റന്മാരൊക്കെയും ആക്രമണം അഴിച്ചുവിട്ടത് ബാംഗ്ലൂരിന് തലവേദനയായി.
മത്സരത്തിൽ ചെന്നൈയ്ക്കായി മിച്ചൽ 18 പന്തുകളിൽ 22 റൺസ് ആണ് നേടിയത്. രവീന്ദ്ര ജഡേജ 17 പന്തുകളിൽ 25 റൺസുമായി പുറത്താവാതെ നിന്നു. ദുബെ 27 പന്തുകളിൽ 34 റൺസാണ് നേടിയത് . ഇങ്ങനെ ചെന്നൈ മത്സരത്തിൽ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 6 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ നേടിയത്.