മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കിടേഷ് അയ്യർ. ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ച്വറിയാണ് വെങ്കിടേഷ് അയ്യർ മത്സരത്തിൽ സ്വന്തമാക്കിയത്. 49 പന്തുകളിലായിരുന്നു അയ്യരുടെ സെഞ്ച്വറി. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് അയ്യർ മത്സരത്തിൽ നേടിയത്. കഴിഞ്ഞദിവസം സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം ഹാരി ബ്രുക്ക് ഐപിഎല്ലിൽ സെഞ്ച്വറി നേടിയിരുന്നു. അയ്യരുടെ സെഞ്ച്വറിയുടെ ബലത്തിൽ കൊൽക്കത്തയെ മികച്ച ഒരു സ്കോറിൽ എത്തിക്കാൻ വെങ്കിടേഷ് അയ്യർക്ക് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ വാങ്കഡേ സ്റ്റേഡിയത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കം മുതൽ ഒരു വശത്ത് വെങ്കിടേഷ് അടിച്ചു തകർക്കുകയായിരുന്നു. മറുവശത്ത് ബാറ്റർമാർ വരിവരിയായി കൂടാരം കയറിയപ്പോഴും ഒരു വശത്ത് അയ്യർ പിടിച്ചുനിന്നു. മത്സരത്തിന്റെ മൂന്നാം ഓവറിൽ അർജുൻ ടെണ്ടുൽക്കറെ ബൗണ്ടറി കടത്തിയായിരുന്നു വെങ്കിടേഷ് തന്റെ ബൗണ്ടറി വേട്ട ആരംഭിച്ചത്. ശേഷം ആദ്യ 10 ഓവറകളിൽ അയ്യരുടെ ഒരു നിറഞ്ഞാട്ടം തന്നെയാണ് കാണാൻ സാധിച്ചത്. കൊൽക്കത്തൻ ഇന്നിങ്സിലെ ആദ്യ പത്ത് ഓവറിൽ അയർ ഒഴികെ മറ്റൊരു ബാറ്ററും ബൗണ്ടറികൾ നേടിയിരുന്നില്ല എന്നത് അത്ഭുതകരമായ കാര്യമാണ്.
അങ്ങനെ പൂർണമായും മുംബൈ ബോളിംഗ് നിരയെ അടിച്ചു തൂക്കിയ വെങ്കിടേഷ് അയ്യർ 49 പന്തുകളിൽ നിന്നായിരുന്നു തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 51 പന്തുകൾ നേരിട്ട അയ്യർ 104 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ നാല് ബൗണ്ടറികളും 9 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. ഇതോടെ കൊൽക്കത്തയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിക്കാനും വെങ്കിടേഷ് അയ്യർക്ക് സാധിച്ചു. വെങ്കിടേഷ് ഒഴികെയുള്ള മറ്റു മുൻനിര ബാറ്റർമാരൊക്കെയും മത്സരത്തിൽ പൂർണമായും പരാജയപ്പെട്ടു എന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. ഒടുവിൽ റൈലി മെരടിത്തായിരുന്നു വെങ്കിടേഷ് അയ്യരെ പുറത്താക്കിയത്. 203 ആയിരുന്നു വെങ്കിടേഷിന്റെ ഇന്നിങ്സിലെ സ്ട്രൈക്ക് റേറ്റ്.
തന്റെ പ്രാഥമിക ഐപിഎല്ലിൽ മികച്ച പ്രകടനം തന്നെയായിരുന്നു കൊൽക്കത്തയ്ക്കായി അയ്യർ കാഴ്ചവച്ചത്. എന്നാൽ 2022ലെ ഐപിഎൽ സീസണിൽ പൂർണമായും അയ്യർ നിറംമങ്ങിയിരുന്നു. ശേഷം ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് അയ്യർ നടത്തിയിരിക്കുന്നത്. ഇതുവരെ കൊൽക്കത്തക്കായി മുഴുവൻ മത്സരങ്ങളിലും നിറഞ്ഞാടാൻ അയ്യർക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല പലപ്പോഴും കൊൽക്കത്തയെ വമ്പൻ ദുരന്തങ്ങളിൽ നിന്ന് അയ്യർ രക്ഷിക്കുകയും ചെയ്യുന്നു