തകര്‍ച്ചയില്‍ നിന്നും മുംബൈ രക്ഷിച്ച് തിലക് വർമ്മ. ഒറ്റയാൾ പോരാട്ടം.

മുംബൈയെ രക്ഷിക്കാനായി ഒറ്റയാൾ പോരാട്ടം നടത്തി തിലക് വർമ്മ. 2023 ഐപിഎൽ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പ്രതിസന്ധിയിലായ മുംബൈയെ രക്ഷിക്കാൻ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് തിലക് വർമ്മ കാഴ്ചവച്ചത്. മത്സരത്തിൽ 20ന് 3 എന്ന നിലയിൽ തകർന്ന മുംബൈയെ കൈപിടിച്ചു കയറ്റുകയായിരുന്നു തിലക് വർമ്മ. ബാംഗ്ലൂർ ബോളിഗ് നിരയ്ക്ക് മുൻപിൽ മറ്റു മുംബൈ ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ തിലക് വർമ്മ പലർക്കും വഴിതെളിക്കുകയാണ് ഉണ്ടായത്.

373d53bb 5fb1 40d9 979e 50485ed443eb

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ചെറിയ ബൗണ്ടറികൾ മുതലെടുക്കാനായി ഇറങ്ങിയ മുംബൈയ്ക്ക് ഞെട്ടിപ്പിക്കുന്ന തുടക്കം തന്നെയാണ് ലഭിച്ചത്. ആദ്യ ഓവറുകളിൽ തന്നെ മുംബൈയെ സമർദത്തിലാക്കാൻ ബാംഗ്ലൂരിന് സാധിച്ചിരുന്നു. മുംബൈ നായകൻ രോഹിത് ശർമയെയും(1) ഇഷാൻ കിഷനെയും(10) കാമറൂൺ ഗ്രീനിനെയും തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ബാംഗ്ലൂരിന് സാധിച്ചു. പിന്നാലെ ചെറിയ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി അവർ വീണ്ടും മുംബൈയെ പ്രതിസന്ധിയിലാക്കി. എന്നാൽ ഒരുവശത്ത് തിലക് വർമ്മ ഉറയ്ക്കുന്നതായിരുന്നു കണ്ടത്. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും തിലക് വർമ്മ ബാംഗ്ലൂർ ബോളർമാരെ വട്ടം കറക്കി.

അങ്ങനെ മുംബൈയുടെ സ്കോർ വർദ്ധിപ്പിക്കാൻ തിലക് വർമ്മയ്ക്ക് സാധിച്ചു. എട്ടാം വിക്കറ്റിൽ അർഷദ് ഖാനെ കൂട്ടുപിടിച്ച് 18 പന്തുകളിൽ 48 റൺസായിരുന്നു തിലക് വർമ്മ നേടിയത്. മുംബൈയ്ക്ക് പൊരുതാനുള്ള സ്കോർ നേടിക്കൊടുത്ത ശേഷമാണ് തിലക് വർമ്മ മൈതാനം വിട്ടത്. ഇന്നിംഗ്സിൽ 46 പന്തുകളാണ് വർമ്മ നേരിട്ടത്. ഇതിൽനിന്ന് 9 ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 84 റൺസും വർമ്മ നേടുകയുണ്ടായി. 182.6 ആണ് വർമയുടെ സ്ട്രൈക്ക് റേറ്റ്.

എന്തായാലും മുംബൈയെ സംബന്ധിച്ച് ആശ്വാസകരമായ ഒരു തിരിച്ചുവരവ് തന്നെയാണ് തിലക് വർമ്മയിലൂടെ ഉണ്ടായിരിക്കുന്നത്. ഒരു സമയത്ത് 120 റൺസ് പോലും മുംബൈ നേടില്ല എന്ന സാഹചര്യം ഉണ്ടായിരുന്നു. അതിൽ നിന്ന് നിശ്ചിത 20 ഓവറിൽ 171 റൺസ് നേടാൻ മുംബൈയ്ക്ക് സാധിച്ചു. ഇതിൽ വലിയൊരു പങ്കുവഹിച്ചത് തിലക് വർമ്മ എന്ന യുവതാരം തന്നെയാണ്. വർമ്മ ഇന്ത്യയുടെ വരുംകാല പ്രതീക്ഷയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Previous articleമറ്റാർക്കും എത്താന്‍ പറ്റാത്ത ദൂരത്തില്‍ സഞ്ചു സാംസണ്‍. വിരാട് കോഹ്ലിയും പിന്നില്‍
Next articleഫാഫും കോഹ്ലിയും അഴിഞ്ഞാടി. ദൈവത്തിന്‍റെ പോരാളികള്‍ തോറ്റുകൊണ്ട് തുടങ്ങി