ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മേൽ താണ്ഡവമാടി ബാംഗ്ലൂർ നിര. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റുകൾക്കാണ് ബാംഗ്ലൂർ വിജയം കണ്ടത്. വിരാട് കോഹ്ലിയുടെയും ഫാഫ് ഡുപ്ലസിയുടെയും തകർപ്പൻ ബാറ്റിംഗ് കണ്ട മത്സരത്തിൽ ഉത്തരമില്ലാതെ മുംബൈ അടിയറവ് പറയുകയായിരുന്നു. ഇതോടെ ഒരു സ്വപ്നതുല്യമായ തുടക്കമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇത്തവണത്തെ ഐപിഎല്ലിൽ ലഭിച്ചിരിക്കുന്നത്.
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചിന്നസ്വാമി പിച്ചിൽ ആദ്യസമയത്ത് സീം ബോളർമാർക്ക് സഹായം ലഭിക്കുകയുണ്ടായി. ഇത് പൂർണമായും ബാംഗ്ലൂർ മുതലാക്കി. മുംബൈയുടെ മുൻനിരയെ തകർത്തെറിയാൻ അവർക്ക് സാധിച്ചു. രോഹിത് ശർമയും(1) ഇഷാൻ കിഷനും(10) ക്യാമറോൺ ഗ്രീനും(5) സ്കോർബോർഡ് ചലിപ്പിക്കാതെ മടങ്ങി. ഇതോടെ മുംബൈ പൂർണ്ണമായും തകരുന്നതാണ് കണ്ടത്. എന്നാൽ അഞ്ചാമനായി ക്രീസിലെത്തിയ തിലക് വർമ്മ മുംബൈക്കായി ഒറ്റയാൾ പോരാട്ടം നയിച്ചു. മറ്റു ബാറ്റർമാർ പരാജയപ്പെട്ടിടത്ത് തിലക് വർമ്മ മുംബൈയുടെ കോട്ട കാക്കുകയായിരുന്നു. മത്സരത്തിൽ 46 പന്തുകളിൽ നിന്ന് 9 ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 84 റൺസാണ് തിലക് നേടിയത്. വാലറ്റത്തിൽ നിന്നുള്ള സഹായം കൂടിയായതോടെ മുംബൈ നിശ്ചിത 20 ഓവറുകളിൽ 171 എന്ന സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ ഒരു ഗംഭീര തുടക്കം തന്നെയാണ് ഓപ്പണർമാരായ ഡുപ്ലസിയും കോഹ്ലിയും ബാംഗ്ലൂരിന് നൽകിയത്. ആദ്യ ഓവറുകളിൽ തന്നെ മുഴുവൻ മുംബൈ ബോളർമാരെയും അടിച്ചു തൂക്കാൻ ഇരുവർക്കും സാധിച്ചു. ഡുപ്ലസി സ്റ്റൈലിഷ് ഷോട്ടുകൾ കൊണ്ട് കളം നിറഞ്ഞപ്പോൾ കോഹ്ലി ക്ലാസ് ഷോട്ടുകൾ കൊണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തെ ആവേശത്തിലാക്കി. ഡുപ്ലസി 43 പന്തുകളിൽ നിന്ന് 73 റൺസ് (5 ഫോര്‍ 6 സിക്സ്) ആണ് നേടിയത്. കോഹ്ലി 49 പന്തുകളിൽ 6 ഫോറും 5 സിക്സും ഉള്‍പ്പെടെ നിന്ന് 82 റൺസ് നേടി. 3 പന്തില്‍ 12 റണ്‍സുമായി മാക്സ്വെല്‍ പുറത്താകതെ നിന്നു. കാര്‍ത്തികാണ് (0) ഫാഫിനെക്കൂടാതെ പുറത്തയ മറ്റൊരു ബാറ്റര്‍. മത്സരത്തിൽ 8 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ബാംഗ്ലൂർ നേടിയത്.
ബാംഗ്ലൂരിനെ സംബന്ധിച്ച് ഒരു വെടിക്കെട്ട് തുടക്കം തന്നെയാണ് ഇത്തവണത്തെ ഐപിഎൽ സീസണ് ലഭിച്ചിരിക്കുന്നത്. മറുവശത്ത് മുംബൈയെ സംബന്ധിച്ച് ഒരുപാട് പ്രതിസന്ധികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബാറ്റിംഗ് നിരയുടെ അസ്ഥിരതയും, ബോളിങ്ങിന്റെ കൂർമതക്കുറവും മുംബൈ ഇന്ത്യൻസിനെ ആദ്യ മത്സരത്തിൽ ബാധിച്ചു. എന്നിരുന്നാലും പല സീസണുകളിലും ആദ്യമത്സരം പരാജയപ്പെട്ട് പിന്നീട് തിരിച്ചുവന്ന ചരിത്രമാണ് മുംബൈയ്ക്കുള്ളത്. അത് ഇത്തവണയും ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.