ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും ഗില്ലാട്ടം. മുംബൈയ്ക്കെതിരായ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി ഒരു തകർപ്പൻ സെഞ്ച്വറി നേടിയാണ് ഗിൽ മൈതാനം ആവേശത്തിലാക്കിയത്. മത്സരത്തിൽ 49 പന്തുകളിൽ നിന്നായിരുന്നു ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറി. ഈ സെഞ്ച്വറിയുടെ മികവിൽ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോറിൽ ഗുജറാത്തിനെ എത്തിക്കാനും ഗില്ലിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ഇന്നിംഗ്സുകളിൽ മൂന്നാം തവണയാണ് ഗിൽ സെഞ്ച്വറി സ്വന്തമാക്കുന്നത്. മത്സരത്തിന്റെ ആദ്യ ബോൾ മുതൽ മുംബൈ ബോളർമാരെ അടിച്ചു തൂക്കിയാണ് ഗിൽ സെഞ്ച്വറി നേടിയത്.
മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ ഗുജറാത്ത് ബാറ്റർമാരെ പിടിച്ചു കെട്ടുന്നതിൽ മുംബൈ വിജയിക്കുകയുണ്ടായി. എന്നാൽ 2ആം ഓവറിൽ ക്യാമറോൺ ഗ്രീനിനെതിരെ ഒരു ബൗണ്ടറി നേടി ഗില്‍ തന്റെ താണ്ഡവം ആരംഭിക്കുകയായിരുന്നു. പിന്നീട് പവർപ്ലെയിലുടനീളം തന്റെ തകർപ്പൻ പ്രകടനം ഗിൽ കാഴ്ചവച്ചു. ആദ്യ വിക്കറ്റിൽ വൃദ്ധിമാൻ സാഹയ്‌ക്കൊപ്പം ചേർന്ന് 54 റൺസിന്റെ കൂട്ടുകെട്ടായിരുന്നു ഗിൽ കെട്ടിപ്പടുത്തത്.
സാഹ പുറത്തായ ശേഷം യുവതാരം സായി സുദർശനെ കാഴ്ചക്കാരനാക്കി നിർത്തി ഗിൽ മത്സരത്തിൽ ആറാടി. മത്സരത്തിൽ 49 പന്തുകളിൽ നിന്നായിരുന്നു ഗിൽ തന്റെ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയത്. മത്സരത്തിൽ 60 പന്തുകളിൽ 129 റൺസാണ് ഗിൽ നേടിയത്. ഇന്നിംഗ്സിൽ 7 ബൗണ്ടറികളും 10 സിക്സറുകളും ഉൾപ്പെട്ടു. മുംബൈയെ സംബന്ധിച്ച് തല മുകളിൽ വീണ ഒരു ഇടിത്തീ തന്നെയായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്. എന്നിരുന്നാലും ഈ ഷോക്കിൽ നിന്ന് തിരിച്ചു വരേണ്ടത് മത്സരത്തിൽ മുംബൈയെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്.
മുംബൈ നിരയിലെ എല്ലാ ബോളർമാരും ഗില്ലിന്റെ കൈയിൽനിന്ന് ആവശ്യത്തിനു തല്ലുവാങ്ങി. കഴിഞ്ഞ മത്സരത്തിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച മദ്വാൽ തന്റെ ആദ്യ രണ്ട് ഓവറുകളിൽ 28 റൺസ് ആണ് മത്സരത്തിൽ വഴങ്ങിയത്. ഒപ്പം മറ്റു ബോളർമാരും റൺസ് വാങ്ങിയപ്പോൾ മുംബൈയുടെ കാര്യം അധോഗതിയിൽ ആവുകയായിരുന്നു. ഈ ഇന്നിങ്സോടെ ഓറഞ്ച് ക്യാപ്പ് വേട്ടയിൽ ഒന്നാം സ്ഥാനത്ത് ഗിൽ എത്തിയിട്ടുണ്ട്. ഇനി മറ്റാർക്കും ഈ വർഷത്തെ ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ ഗില്ലിനെ മറികടക്കാൻ സാധിക്കില്ല എന്ന കാര്യം ഉറപ്പായിട്ടുണ്ട്. എന്തായാലും ഗില്ലിനെ സംബന്ധിച്ച് ഒരുഗ്രൻ സീസൺ തന്നെയാണ് അവസാനിക്കുന്നത്.