പഞ്ചാബിനെതിരായ മത്സരത്തിലും വളരെ മോശം പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസൺ. നിർണായകമായ സമയത്ത് ക്രീസിലെത്തിയ സഞ്ജു സാംസൺ വെറും രണ്ട് റൺസ് മാത്രമാണ് മത്സരത്തിൽ നേടിയത്. 188 എന്ന വമ്പൻ വിജയലക്ഷം പിന്തുടരുന്ന രാജസ്ഥാന് വലിയ തിരിച്ചടി തന്നെയാണ് സഞ്ജു സാംസണിന്റെ വിക്കറ്റ് നൽകിയത്. മത്സരത്തിൽ ദേവദത്ത് പടിക്കലിന് ശേഷം നാലാമനായി ആയിരുന്നു സഞ്ജു ക്രീസിൽ എത്തിയത്. എന്നാൽ യാതൊരു തരത്തിലും പ്രതീക്ഷക്കൊത്ത പ്രകടനമല്ല സഞ്ജു കാഴ്ച വച്ചത്.
മത്സരത്തിന്റെ പത്താം ഓവറിൽ സഞ്ജു ക്രീസിലെത്തി. നേരിട്ട ആദ്യ പന്തിൽ തന്നെ സിംഗിൾ നേടാൻ സഞ്ജുവിന് സാധിച്ചു. എന്നാൽ സഞ്ജുവിന്റെ ഇന്നിങ്സ് അധികസമയം നീണ്ടു നിന്നില്ല. പതിനൊന്നാം ഓവറിൽ രാഹുൽ ചാഹറിന്റെ പന്തിൽ സഞ്ജു കീഴടങ്ങുകയായിരുന്നു. തന്റെ പാഡിലേക്ക് വന്ന പന്ത് അടിച്ചകറ്റാൻ ശ്രമിക്കുകയായിരുന്നു സഞ്ജു സാംസൺ. എന്നാൽ ഡീപ്പ് ബൗണ്ടറിയിൽ നിന്ന് ഋഷി ധവാന് ക്യാച്ച് നൽകി സഞ്ജുവിന് മടങ്ങേണ്ടി വന്നു. രാജസ്ഥാന്റെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ കേവലം രണ്ട് റൺസ് മാത്രമാണ് സഞ്ജു നേടിയിട്ടുള്ളത്. സഞ്ജു ആരാധകരെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഒരു സീസൺ കൂടിയാണ് കടന്നു പോയിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിയായിരുന്നു എന്ന് തോന്നിക്കുന്ന തുടക്കമാണ് രാജസ്ഥാന്റെ ബോളർമാർ നൽകിയത്. ആദ്യ ഓവറുകളിൽ കൃത്യമായ ഇടവേളയിൽ പഞ്ചാബിന്റെ വിക്കറ്റുകൾ കൊയ്യാൻ രാജസ്ഥാൻ ബോളർമാർക്ക് സാധിച്ചു. ഇങ്ങനെ പഞ്ചാബ് 50ന് 4 എന്ന നിലയിൽ തകരുകയുണ്ടായി. എന്നാൽ അതിനു ശേഷം കാണാനായത് പഞ്ചാബ് മധ്യനിരയുടെ ഒരു വെടിക്കെട്ട് തന്നെയായിരുന്നു. ജിതേഷ് ശർമ്മയും സാം കരനും പഞ്ചാബിനായി മധ്യ ഓവറുകളിൽ അടിച്ചു തകർത്തു. കരൻ 31 പന്തുകളിൽ 49 റൺസ് നേടിയപ്പോൾ, 28 പന്തുകളിൽ 44 റൺസ് ആയിരുന്നു ജിതേഷ് ശർമയുടെ സമ്പാദ്യം. ഇവർക്കൊപ്പം അവസാന ഓവറുകളിൽ ഷാരൂഖാൻ(41) കൂടി അടിച്ചുതകർത്തതോടെ പഞ്ചാബ് 187 എന്ന ലക്ഷ്യത്തിലെത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ബട്ലറുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം ജെയിസ്വാളും ദേവതത്ത് പടിക്കലും രാജസ്ഥാനെ കൈപിടിച്ചുയർത്തുകയായിരുന്നു. ദേവദത്ത് പടിക്കൽ മത്സരത്തിൽ 30 പന്തുകളിൽ 51 റൺസ് ആണ് നേടിയത്. അഞ്ചു ബൗണ്ടറികളും മൂന്ന് സിക്സറുകളും പടിക്കലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ശേഷമായിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്. രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരം തന്നെയാണ് പഞ്ചാബിനെതിരെ നടക്കുന്നത്.