25 പന്തുകളിൽ 42 റൺസ്. നിർണായക ഇന്നിങ്സുമായി സഞ്ജു സാംസൺ വീണ്ടും

വമ്പൻ പ്രകടനങ്ങൾ ആവർത്തിച്ച് മലയാളി താരം സഞ്ജു സാംസൺ. തന്റെ ടീമായ രാജസ്ഥാൻ റോയൽസിനായി രണ്ടാം മത്സരത്തിലും ഒരു അവിസ്മരണ ഇന്നിംഗ്സാണ് സഞ്ജു കാഴ്ചവെച്ചത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ആദ്യ ബോൾ മുതൽ അടിച്ചു തകർക്കുന്ന സഞ്ജു സാംസനെയാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ഈ ഇന്നിങ്സോടെ രാജസ്ഥാൻ റോയൽസ് ടീമിന് വേണ്ടി ഏറ്റവുമധികം റൺസ് നേടുന്ന ക്രിക്കറ്ററായി സഞ്ജു സാംസൺ മാറിയിട്ടുണ്ട്. മുൻ രാജസ്ഥാൻ താരം അജിൻക്യ രഹാനെയെ പിന്തള്ളിയാണ് സഞ്ജു സാംസൺ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറുകളിൽ 197 റൺസാണ് നേടിയത്. വലിയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ തങ്ങളുടെ പ്ലാനുകൾ ആദ്യം തന്നെ മാറ്റുകയായിരുന്നു. അതിന്റെ ഭാഗമായി രവിചന്ദ്രൻ അശ്വിനാണ് ജോസ് ബട്ലറിന് പകരം ഓപ്പണിങ്ങിറങ്ങിയത്. എന്നാൽ അശ്വിൻ പൂജ്യനായി പുറത്തായതോടെ ഈ പ്ലാൻ പരാജയപ്പെടുകയുണ്ടായി.

മത്സരത്തിൽ നാലാമനായിയായിരുന്നു സഞ്ജു സാംസൺ ക്രീസിൽ എത്തിയത്. താൻ നേരിട്ട രണ്ടാം പന്തിൽ തന്നെ ഒരു കിടിലൻ സിക്സർ നേടിയാണ് സഞ്ജു സാംസൺ ആരംഭിച്ചത്. ശേഷം തനിക്കു മുൻപിൽ വന്ന ബോളർമാരെയൊക്കെയും സഞ്ജു സാംസൺ പ്രഹരിക്കുകയുണ്ടായി. മത്സരത്തിൽ 25 പന്തുകളിൽ നിന്ന് 42 റൺസാണ് സഞ്ജു നേടിയത്. ഇന്നിംഗ്സിൽ 5 ബൗണ്ടറികളും 1 സിക്സറും ഉൾപ്പെട്ടു. ഒരു ബാറ്റർ എന്ന നിലയിലും ഒരു നായകൻ എന്ന നിലയിലും സഞ്ജു സാംസന്റെ സമീപകാലത്തെ പുരോഗമനങ്ങൾ മത്സരത്തിൽ കാണാൻ സാധിക്കുമായിരുന്നു.

സീസണിലെ ആദ്യ മത്സരത്തിലും മികവാർന്ന പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ കാഴ്ചവെച്ചത്. ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ 32 പന്തുകളിൽ 55 റൺസ് ആണ് സഞ്ജു നേടിയത്. ഈ മികവിൽ ഹൈദരാബാദിനെതിരെ 72 റൺസിന്റെ വമ്പൻ വിജയം നേടാനും രാജസ്ഥാന് സാധിച്ചിരുന്നു. ഇതിനുശേഷമാണ് തുടർച്ചയായ സഞ്ജുവിന്റെ ഈ മിന്നും ബാറ്റും പ്രകടനങ്ങൾ.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ പഞ്ചാബ് കിങ്സിന് നൽകിയത്. ഓപ്പണർ പ്രഭ് സിമ്രാൻ ആദ്യ ഓവറുകളിൽ കളം നിറയുകയായിരുന്നു. 34 പന്തുകളിൽ 60 റൺസ് ആയിരുന്നു പ്രഭ്സിംറാന്റെ സമ്പാദ്യം. ഒപ്പം നായകൻ ശിഖർ ധവാൻ 56 പന്തുകളിൽ 86 റൺസ് നേടി പഞ്ചാബിനെ വമ്പൻ സ്കോറിൽ എത്തിക്കുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 197 റൺസാണ് പഞ്ചാബ് നേടിയത്.

Previous articleമലിംഗയെ മലർത്തിയടിച്ച് ചഹൽ. ഇനി മുന്നില്‍ ഒരാള്‍ മാത്രം.
Next articleദ്രുവ് ജൂരലിന്‍റെയും ഹെറ്റ്മയറുടേയും പോരാട്ടം പാഴായി. ആവേശ പോരാട്ടത്തില്‍ പഞ്ചാബിന് വിജയം.