ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ലക്നൗ സൂപ്പര്‍ ജന്‍റസ് പരാജയപ്പെടുത്തി. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സിന്‍റെ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. ലക്നൗ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 144 റണ്‍സില്‍ എത്താനാണ് സാധിച്ചത്.
51 പന്തുകളില്‍ നിന്നും 10 വിക്കറ്റ് ശേഷിക്കേ 68 റണ്‍സ് മാത്രം മതി എന്ന നിലയില്‍ നിന്നുമാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. പരാജയത്തില്‍ ദുഖമുണ്ടെന്നും പക്ഷേ ഈ മത്സരത്തില്‍ നിന്നും പഠിച്ചു മുന്നേറും എന്ന് സഞ്ചു സാംസണ്‍ മത്സര ശേഷം പറഞ്ഞു. ” ഞങ്ങളുടെ ബാറ്റിംഗ് നിര വച്ച്, അത് വളരെ പിന്തുടരാവുന്ന സ്കോറായിരുന്നു. എന്നാൽ അവർ നന്നായി പന്തെറിഞ്ഞു, സാഹചര്യങ്ങൾ നന്നായി ഉപയോഗിച്ചു ” രാജസ്ഥാന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
‘ഞാൻ ഇതുപോലെ സ്ലോ വിക്കറ്റാണ് പ്രതീക്ഷിച്ചത്, കുറച്ച് സ്‌മാർട്ട് ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്, ഒമ്പതാം ഓവർ വരെ ഞങ്ങൾ അത് ചെയ്തു. ജയ്‌സ്വാൾ പുറത്തായതിന് തൊട്ടുപിന്നാലെ, ആ ഒരു വലിയ കൂട്ടുകെട്ട് നേടുക എന്നതായിരുന്നു കാര്യം. അവർ നന്നായി പന്തെറിഞ്ഞു, ഞങ്ങൾ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുമ്പോഴെല്ലാം ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഇത്തരത്തിലുള്ള വിക്കറ്റിൽ 5 ഓവറില്‍ 50 റണ്‍സ് അൽപ്പം കഠിനമാണ്” സഞ്ചു സാംസണ്‍ കൂട്ടിചേര്‍ത്തു.
മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. ഏപ്രില്‍ 23 ന് ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം.