ഹൈദരാബാദിനെ പഞ്ഞിക്കിട്ട് സഞ്ജു സാംസന്റെ ഒരു തകർപ്പൻ തിരിച്ചുവരവ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് ഇന്നിങ്സാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ ജോസ് ബട്ലറുമൊത്ത് തകർപ്പൻ കൂട്ടുകെട്ടാണ് രാജസ്ഥാന് നൽകിയത്. ഈ മികവിൽ രാജസ്ഥാൻ ഒരു മികച്ച സ്കോറിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിലെ മോശം ബാറ്റിംഗ് പ്രകടനങ്ങൾക്ക് ശേഷം ഒരുപാട് വിമർശനങ്ങൾ സഞ്ജു സാംസൺ കേട്ടിരുന്നു. അതിനു മറുപടി നൽകിയ ഇന്നീംഗ്സ് തന്നെയാണ് സഭായി മാൻ സിഗ് സ്റ്റേഡിയത്തിൽ സഞ്ജു കാഴ്ചവെച്ചത്.
മത്സരത്തിൽ ജെയിസ്വാളിന്റെ വിക്കറ്റ് നഷ്ടമായ ശേഷമായിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്. ക്രീസിലെത്തി ആദ്യ പന്ത് മുതൽ സഞ്ജു അടിച്ചു തകർക്കാൻ തുടങ്ങി. ആറാം ഓവറിൽ നടരാജനെ ബൗണ്ടറി കടത്തിയാണ് സഞ്ജു സംഹാരം തുടങ്ങിയത്. പിന്നീട് മയങ്ക് മാർക്കണ്ടയെ തുടർച്ചയായി രണ്ടു പന്തുകളിൽ സിക്സർ പറത്തി സഞ്ജു തന്റെ ശക്തി പ്രകടിപ്പിച്ചു. പിന്നീട് ജോസ് ബട്ലറും സഞ്ജുവും ചേർന്ന് ഹൈദരാബാദിനെ അടിച്ചു തൂക്കുന്നത് തന്നെയാണ് മത്സരത്തിൽ കണ്ടത്. ഇരുവരുടെയും ബാറ്റിന്റെ ചൂടിന്റെ മുമ്പിൽ പിടിച്ചു നിൽക്കാൻ ഹൈദരാബാദിന്റെ ഉദയസൂര്യന്മാർക്ക് സാധിച്ചില്ല.
മത്സരത്തിൽ 33 പന്തുകൾ നേരിട്ടായിരുന്നു സഞ്ജു സാംസൺ തന്റെ അർധസെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിന്റെ ആകത്തുകയിൽ വലിയ മാറ്റം വരുത്താൻ സഞ്ജുവിന്റെ ഈ അർധസെഞ്ച്വറിക്ക് സാധിച്ചു. മത്സരത്തിൽ 38 പന്തുകളിൽ 66 റൺസാണ് സഞ്ജു നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. അവസാന നിമിഷം ഡബിള്‍ നേടാനുള്ള അവസരം ഉണ്ടായിട്ടും സ്ട്രൈക്ക് ചോദിച്ച് വാങ്ങി സിക്സും ഫോറും അടിച്ചാണ് സഞ്ചു ക്രീസില്‍ നിന്നും തിരിച്ചു കയറിയത്.
സഞ്ജുവിനൊപ്പം കളംനിറഞ്ഞ ജോസ് ബട്ലർ 59 പന്തുകളിൽ 95 റൺസ് നേടുകയുണ്ടായി. ജോസിന്റെ ഇന്നിംഗ്സിൽ 10 ബൗണ്ടറികളും നാല് സിക്സറുകളുമായിരുന്നു ഉൾപ്പെട്ടത്.
അവസാന മത്സരത്തിൽ സഞ്ജുവിന്റെ ഒരു നിറഞ്ഞാടൽ തന്നെയാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ മികച്ച ഒരു സ്കോർ തന്നെ രാജസ്ഥാന് നൽകാൻ സഞ്ജുവിനും ബട്ലറിനും സാധിച്ചിട്ടുണ്ട്. നിശ്ചിത 20 ഓവറുകളിൽ 214 റൺസാണ് രാജസ്ഥാൻ നേടിയിട്ടുള്ളത്. ഇത്ര വലിയ സ്കോർ മറികടക്കാൻ ഹൈദരാബാദിന് സാധിക്കുമൊ എന്നത് കണ്ടറിയേണ്ടത് തന്നെയാണ്. രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരം തന്നെയാണ് ജയ്പൂരിൽ നടക്കുന്നത്.