ഡൽഹിക്കെതിരായ രാജസ്ഥാന്റെ മൂന്നാം മത്സരത്തിൽ പൂജ്യനായി സഞ്ജു സാംസൺ. മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസനെ നിർഭാഗ്യം എതിരേൽക്കുകയായിരുന്നു. മത്സരത്തിൽ രാജസ്ഥാൻ 98ന് 1 എന്ന ഭേദപ്പെട്ട നിലയിൽ നിൽക്കുമ്പോഴാണ് സഞ്ജു സാംസൺ ക്രീസിൽ എത്തുന്നത്. മുകേഷ് കുമാറിന്റെ ആദ്യ മൂന്നു പന്തുകളിൽ സഞ്ജു സാംസണ് റൺസ് ഒന്നും നേടാൻ സാധിച്ചില്ല. ശേഷം കുൽദീപിന്റെ നാലാം പന്തിൽ സഞ്ജു കൂടാരം കയറുകയാണ് ഉണ്ടായത്. ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സഞ്ജുവിനെ സംബന്ധിച്ച് നിരാശാജനകമായ ഇന്നിങ്സാണ് ഗുവാഹത്തിയിൽ കാഴ്ച വച്ചിരിക്കുന്നത്.
പത്താം ഓവറിലെ അഞ്ചാം പന്തിൽ കുൽദീപിനെതീരെ സിക്സറിന് ശ്രമിക്കുകയായിരുന്നു സഞ്ജു സാംസൺ. ലോങ് ഓണിന് മുകളിലൂടെ പന്ത് അടിച്ചകറ്റാൻ സാംസൺ ശ്രമിച്ചു. എന്നാൽ ഇത് നേരത്തെ കണ്ടറിഞ്ഞ കുൽദീപ് ഫ്ലൈറ്റ് ചെയ്താണ് പന്തെറിഞ്ഞത്. പക്ഷേ സഞ്ജു തീരുമാനം മാറ്റിയില്ല. ബാറ്റിന്റെ അടിയിൽ കൊണ്ട ബോൾ ലോങ് ഓണിലേക്ക് ഉയർന്നുപൊങ്ങുകയായിരുന്നു. ഈ സമയത്ത് ലോങ് ഓണിൽ ഫീൽഡ് ചെയ്തിരുന്ന നോർക്യാ ഒരു മികച്ച ക്യച്ചിലൂടെ സഞ്ചൂവിനെ മടക്കി. മത്സരത്തിൽ നാലു പന്തുകളിൽ നിന്നായിരുന്നു സഞ്ജു സാംസൺ റൺസൊന്നുമെടുക്കാതെ കൂടാരം കയറിയത്.
ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ 33 പന്തുകളിൽ 55 റൺസാണ് സഞ്ജു സാംസൺ നേടിയിരുന്നത്. രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ 25 പന്തുകളിൽ 42 റൺസും സഞ്ജു നേടുകയുണ്ടായി. ഇതിനുശേഷം വലിയ പ്രതീക്ഷയിൽ തന്നെയായിരുന്നു ഡൽഹിക്കെതിരെ സഞ്ജു ഇറങ്ങിയത്. എന്നാൽ മത്സരത്തിൽ പൂജ്യനായി ഔട്ട് ആയതോടെ അടുത്ത മത്സരങ്ങൾ സഞ്ജുവിന് നിർണായകമായി മാറിയിരിക്കുകയാണ്.
2023 ലെ 50 ഓവർ ലോകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഇടം പിടിക്കണമെങ്കിൽ മികച്ച ഇന്നിങ്സുകൾ സഞ്ജുവിന് വരും മത്സരങ്ങളിൽ കാഴ്ചവച്ചേ മതിയാകൂ. ഇത്തരത്തിൽ സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവച്ചാൽ സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തെ ബാധിക്കും എന്നത് ഉറപ്പാണ്. അതിനാൽ തന്നെ ഒരു വമ്പൻ പ്രകടനത്തിലൂടെ സഞ്ജു തിരിച്ചു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർ ജെയസ്വാളും ബട്ലറും ചേർന്ന് നൽകിയിരിക്കുന്നത്. ശേഷമെത്തിയ സഞ്ജു പൂജ്യനായി മടങ്ങിയെങ്കിലും മികച്ച നിലയിൽ തന്നെയാണ് രാജസ്ഥാൻ.