2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച തുടക്കം ലഭിച്ച ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. ടൂർണ്ണമെന്റിന്റെ ആദ്യപകുതിയിൽ ഒന്നാം സ്ഥാനം കയ്യടക്കിയിരുന്ന രാജസ്ഥാന് രണ്ടാം പകുതിയിൽ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. നിലവിൽ പ്ലേയോഫ് കാണാതെ പുറത്താകുന്ന രീതിയിലാണ് രാജസ്ഥാന്റെ കാര്യങ്ങൾ പോകുന്നത്. നിർണായകമായ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ 112 റൺസിന്റെ പരാജയം നേരിട്ടതോടെ രാജസ്ഥാന്റെ പ്ലേയോഫ് സ്വപ്നങ്ങൾ ഏകദേശം പൊലിഞ്ഞിട്ടുണ്ട്. ഈ പരാജയത്തിന് ശേഷം വളരെ നിരാശയിലാണ് രാജസ്ഥാൻ താരങ്ങളും ആരാധകരും. മത്സരശേഷം ടീമിന്റെ കോച്ചായ കുമാർ സംഗക്കാര ടീമംഗങ്ങളുമായി സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
റോയൽസിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “ഈ ഐപിഎല്ലിൽ നമുക്കിനി ബാക്കിയുള്ളത് ഒരു മത്സരം മാത്രമാണ്. കൂടിയിരുന്ന് സംസാരിക്കുകയോ പരസ്പരം കുറ്റപ്പെടുത്തുകയോ പ്രവർത്തിക്കുകയോ ചെയ്തതുകൊണ്ട് ഒന്നും നമുക്ക് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല എന്ന് ഞാൻ കരുതുന്നു. അക്കാര്യത്തിൽ നമ്മൾ തന്നെയാണ് മുൻകൈയെടുത്ത് പരിഹാരം കണ്ടെത്തേണ്ടത്. മറ്റു മത്സരങ്ങളുടെ ഫലങ്ങൾ നമ്മൾ ചിന്തിക്കേണ്ട. നമുക്ക് ബാക്കിയുള്ളത് ഒരു മത്സരമാണ്. അതിൽ നമുക്ക് വിജയിക്കണം.”- സംഗക്കാര ടീം അംഗങ്ങളോട് പറഞ്ഞു.
“ഇക്കാരണം കൊണ്ട് തന്നെ നിങ്ങൾ വരാനിരിക്കുന്ന മത്സരത്തെക്കുറിച്ച് മാത്രം ചിന്തിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ പരാജയങ്ങളിൽ നിന്ന് പഠിക്കണം. ശേഷം നമ്മൾ മുൻപോട്ടു പോകണം. എനിക്ക് നിങ്ങളുടെ വേദനയും മനസ്സിനുള്ളിലെ നിരാശയും മനസ്സിലാക്കാൻ സാധിക്കും. ഞാൻ ആരുടെയും പേരെടുത്ത് പറയുന്നില്ല. നിങ്ങളിൽ ഒരുപാട് പേർ നന്നായി കഷ്ടപ്പെട്ട് പെർഫോം ചെയ്തിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലാവും. അവസാന മത്സരത്തിൽ കൂടി നമുക്ക് ഒറ്റക്കെട്ടായി നിന്ന് മത്സരത്തിൽ വിജയം നേടാൻ സാധിക്കണം.”- സംഗക്കാര കൂട്ടിച്ചേർത്തു.
ശിഖർ ധവാൻ നായകനായുള്ള പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന ലീഗ് മത്സരം നടക്കുന്നത്. പഞ്ചാബിലെ ധർമ്മശാലയിലാണ് വെള്ളിയാഴ്ച മത്സരം നടക്കുക. ഈ മത്സരത്തിൽ വലിയ മാർജിനിൽ വിജയിക്കുകയും മറ്റു മത്സരഫലങ്ങൾ അനുകൂലമായി വരികയും ചെയ്താൽ മാത്രമേ രാജസ്ഥാന് ഇനി പ്ലേയോഫിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. എന്നിരുന്നാലും ഇതിനുള്ള സാധ്യതകൾ നന്നെ കുറവാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല.