2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ പരാജയങ്ങൾ മൂലം നിരാശയിലായിരുന്നു രാജസ്ഥാൻ റോയൽസ്. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 9 വിക്കറ്റുകളുടെ വമ്പൻ വിജയം നേടി രാജസ്ഥാൻ തിരികെയെത്തിയിട്ടുണ്ട്. ഓപ്പണർ ജയിസ്വാളിന്റെയും നായകൻ സഞ്ജു സാംസന്റെയും മികച്ച ബാറ്റിംഗ് പ്രകടനവും, ചാഹലിന്റെ തകർപ്പൻ ബോളിംഗ് പ്രകടനവുമായിരുന്നു മത്സരത്തിൽ രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ഈ വിജയത്തോടെ രാജസ്ഥാൻ തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ വലിയ വിജയം നേടിയതിനാൽ തന്നെ നെറ്റ് റൺ റേറ്റിലും കുതിച്ചുചാട്ടമുണ്ടാക്കാൻ രാജസ്ഥാന് സാധിച്ചു. ഇതുവരെ 12 മത്സരങ്ങൾ കളിച്ച സഞ്ജു പട ആറു മത്സരങ്ങളിലാണ് വിജയം കണ്ടിരിക്കുന്നത്. 12 പോയിന്റുകളാണ് രാജസ്ഥാനുള്ളത്. +0.633 ആണ് രാജസ്ഥാന്റെ നെറ്റ് റൺ റേറ്റ്. ഇനി രാജസ്ഥാന്റെ പ്ലേയോഫ് പ്രതീക്ഷകൾ നിർണയിക്കുന്നത് അടുത്ത രണ്ടു മത്സരങ്ങളാണ്.
അടുത്ത രണ്ടു മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസ് നേരിടേണ്ടത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും പഞ്ചാബ് കിങ്സിനെയുമാണ്. ഈ രണ്ടു മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ പ്ലേഓഫിലേക്കുള്ള യോഗ്യത ഉറപ്പുവരുത്താൻ രാജസ്ഥാന് സാധിക്കുകയുള്ളൂ. എന്നാൽ ഈ രണ്ടു മത്സരങ്ങളെയും അനായാസമാക്കി കാണാൻ രാജസ്ഥാന് സാധിക്കില്ല. അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ വിജയം നേടുകയാണെങ്കിൽ 16 പോയിന്റുകളാണ് രാജസ്ഥാന് സ്വന്തമാക്കാൻ സാധിക്കുക. അങ്ങനെയെങ്കിൽ രാജസ്ഥാൻ ഏറെക്കുറെ പ്ലേയോഫ് ഉറപ്പിക്കും. ഇനി അഥവാ രണ്ടു മത്സരങ്ങളിൽ വിജയം കാണാനായില്ലെങ്കിൽ രാജസ്ഥാനെ വലിയ രീതിയിൽ മറ്റു മത്സരഫലങ്ങൾ സ്വാധീനിച്ചേക്കാം.
2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യപകുതിയിൽ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു രാജസ്ഥാൻ കാഴ്ചവച്ചിരുന്നത്. എന്നാൽ ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, ഹൈദരാബാദ് എന്നീ ടീമുകൾ തുടർച്ചയായി മൂന്ന് പരാജയങ്ങൾ രാജസ്ഥാന് സമ്മാനിച്ചതോടെ സാധ്യതകൾ മങ്ങുകയായിരുന്നു. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ ഇപ്പോൾ തിരിച്ച് വിജയവഴിയിലേക്ക് എത്തിയിരിക്കുകയാണ്. അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ വലിയ വിജയങ്ങൾ തന്നെ സ്വന്തമാക്കി പ്ലെയോഫിലെത്തുക എന്നതാണ് രാജസ്ഥാന്റെ ഇപ്പോഴത്തെ ലക്ഷ്യം.
എന്നാൽ ബാംഗ്ലൂരിനെയും പഞ്ചാബിനെയും നേരിടുമ്പോൾ രാജസ്ഥാന് കുറച്ച് ആശങ്കകൾ നിലനിൽക്കുകയാണ്. ഈ സീസണിലെ ആദ്യഘട്ട മത്സരങ്ങളിൽ ഇരു ടീമുകൾക്കുമെതിരെ രാജസ്ഥാൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ബാംഗ്ലൂരിനെതിരെ ഏഴു റൺസിനും പഞ്ചാബിനെതിരെ അഞ്ചു റൺസിനുമായിരുന്നു രാജസ്ഥാന്റെ പരാജയം. അതിനാൽതന്നെ ഇനിയുള്ള മത്സരങ്ങളിൽ ചെറിയ തെറ്റുകൾ ആവർത്തിക്കാതെ കളിച്ചാൽ മാത്രമേ രാജസ്ഥാന് ഇരു ടീമുകൾക്കുമെതിരെ വിജയം സ്വന്തമാക്കാൻ സാധിക്കും. അങ്ങനെയെങ്കിലും മാത്രമേ രാജസ്ഥാന് പ്ലെയോഫും ഫൈനലും സ്വപ്നം കാണാൻ സാധിക്കൂ.