രാജസ്ഥാന് വിജയം സമ്മാനിച്ച സഞ്ജുവിന്റെ 2 തീരുമാനങ്ങൾ. എന്തുകൊണ്ട് ഇത് നേരത്തെ തോന്നിയില്ല.

രാജസ്ഥാന്റെ കൊൽക്കത്തക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം എല്ലാവരും എടുത്തുപറയുന്ന ഒന്നാണ് സഞ്ജുവിന്റെ ക്യാപ്റ്റൻസി. മത്സരത്തിൽ തന്റെ സ്പിന്നർമാരെയും പേസ് ബോളർമാരെയും വളരെ മികച്ച രീതിയിൽ ഉപയോഗിക്കാൻ സഞ്ജു എന്ന ക്യാപ്റ്റന് സാധിച്ചു. പ്രധാനമായും രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായി മാറിയത് തങ്ങളുടെ ടീമിൽ വരുത്തിയ രണ്ടു മാറ്റങ്ങളാണ്. അതിൽ പ്രധാനപ്പെട്ട ഒന്ന് ജോ റൂട്ടിനെ മത്സരത്തിൽ ഉൾപ്പെടുത്താനുള്ള സഞ്ജുവിന്റെ തീരുമാനമാണ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ ജോ റൂട്ടിനെ വലുതായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ കൊൽക്കത്തയ്ക്കെതിരെ ഒരു തകർപ്പൻ പ്രകടനം തന്നെ മൈതാനത്ത് റൂട്ട് പുറത്തെടുത്തു.

മത്സരത്തിൽ ബാറ്റിംഗ് ലഭിച്ചില്ലെങ്കിലും ഫീൽഡിലും ബോളിങ്ങിനും റൂട്ട് മികവുകാട്ടി. ടീമിന് ഭാരമാകുന്ന രീതിയിൽ കളിച്ച ദേവദത്ത് പടിക്കലിനെയും റിയാൻ പരഗിനെയും പുറത്താക്കിയാണ് റൂട്ടിനെയും ആസിഫിനെയും സഞ്ജു പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. ഇരുവരും ബോളിങ്ങിൽ രാജസ്ഥാന്റെ തുറുപ്പുചീട്ടായി മാറുകയായിരുന്നു. മത്സരത്തിൽ ആസിഫ് 3 ഓവറുകളിൽ 27 റൺസ് വഴങ്ങുകയുണ്ടായി. എന്നാൽ നിർണായകമായ സമയത്ത് ആൻഡ്ര റസലിന്റെ വിക്കറ്റ് ആസിഫ് സ്വന്തമാക്കി. അതു മത്സരത്തിൽ ഒരു വലിയ ടേണിംഗ് പോയിന്റ് തന്നെയായിരുന്നു. റസൽ പുറത്തായതോടെ കൊൽക്കത്ത തകർന്നടിയുകയായിരുന്നു.

ഇതേ പോലെ തന്നെ സംഭാവന നൽകാൻ ജോ റൂട്ടിനും മത്സരത്തിൽ സാധിച്ചു. വളരെയധികം ബാറ്റിംഗ് അനുകൂലിയായ ഈഡൻ ഗാർഡൻസിലെ പിച്ചിൽ രണ്ട് ഓവറുകൾ റൂട്ട് എറിയുകയുണ്ടായി. ഈ രണ്ട് ഓവറുകളിൽ 14 റൺസ് മാത്രമാണ് റൂട്ട് വിട്ട് നൽകിയത്. മാത്രമല്ല മൈതാനത്തെ ക്യാച്ചിങ്ങിലും റൂട്ട് മികച്ചുനിന്നു. ഇത് രാജസ്ഥാന് മത്സരത്തിൽ മേൽക്കോയ്മ നൽകുകയും ചെയ്തു. അതിനാൽ തന്നെ മത്സരത്തിൽ രാജസ്ഥാന് ആധിപത്യം നേടിക്കൊടുത്തത് റൂട്ടിനെയും ആസിഫിനെയും കളിപ്പിക്കാനുള്ള സഞ്ജുവിന്റെ തീരുമാനമാണ് എന്ന് നിസംശയം പറയാനാവും.

ഇപ്പോൾ 12 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ റോയൽസ് 6 വിജയങ്ങളുമായി മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. 12 പോയിന്റുകളാണ് രാജസ്ഥാനുള്ളത്. വരുന്ന രണ്ടു മത്സരങ്ങളിൽ കൂടെ ഇതേ രീതിയിൽ മികവ് പുലർത്തി വിജയം നേടിയാൽ മാത്രമേ രാജസ്ഥാന് പ്ലെയോഫിൽ എത്താൻ സാധിക്കൂ. ഇപ്പോൾ ടീമിന് ഒരു കൃത്യമായ ബാലൻസ് കൈവന്നിട്ടുണ്ട്. ഇതേ രീതിയിൽ വരുന്ന മത്സരങ്ങളിൽ കൂടി നിറഞ്ഞാടി എങ്ങനെയെങ്കിലും പ്ലെയിങ് ഇലവനിൽ ഇടംപിടിക്കുക എന്നത് തന്നെയാണ് സഞ്ജുപടയുടെ ലക്ഷ്യം.