ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ കെട്ടുകെട്ടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 21 റൺസിന്റെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. വലിയ രീതിയിൽ പരാജയ വഴികളിലായിരുന്ന കൊൽക്കത്തയെ സംബന്ധിച്ച് ഒരുപാട് ആശ്വാസം നൽകുന്ന വിജയമാണ് ചിന്നസ്വാമിയിൽ ഉണ്ടായിരിക്കുന്നത്. ജയ്സൺ റോയുടെയും നിതീഷ് നാണയുടെയും ബാറ്റിംഗ് മികവും, സ്പിൻ ബോളർമാരുടെ മികച്ച തന്ത്രങ്ങളുമാണ് മത്സരത്തിൽ കൊൽക്കത്തയുടെ വിജയത്തിന് അടിത്തറയായത്.
മത്സരത്തിൽ നേടിയ ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച കൊൽക്കത്തയ്ക്കായി ആദ്യ ഓവറുകളിൽ ജേസൺ റോയ് അടിച്ചു തകർത്തു. ആദ്യ വിക്കറ്റിൽ ജഗദീശ്വരനുമൊപ്പം(27) ചേർന്ന് 83 റൺസിന്റെ കൂട്ടുകെട്ടാണ് റോയ് സൃഷ്ടിച്ചത്. റോയ് മത്സരത്തിൽ 29 പന്തുകളിൽ 56 റൺസ് നേടി. 4 ബൗണ്ടറികളും 5 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ശേഷം വെങ്കിടേഷ് അയ്യരും(31) ടീമിന് മികച്ച സംഭാവന ടീമിൽ നൽകി. ഒപ്പം അവസാന ഓവറുകളിൽ നായകൻ നിതീഷ് റാണയും(48) കളം നിറഞ്ഞതോടെ കൊൽക്കത്ത വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്നു. റാണ മത്സരത്തിൽ 21 പന്തുകളില്‍ 48 റൺസ് നേടി. ഒപ്പം അവസാനം ബോളുകളിൽ റിങ്കു സിംഗും(18) ഡേവിഡ് വിസയും(12) വമ്പനടികൾ നടത്തിയതോടെ കൊൽക്കത്ത 200 റൺസിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ മികച്ച ഒരു തുടക്കം തന്നെയാണ് വിരാട് കോഹ്ലി ബാംഗ്ലൂരിന് നൽകിയത്. എന്നാൽ മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. വലിയ പ്രതീക്ഷയായിരുന്നു ഡുപ്ലെസിയും(17) മാക്സ്വെല്ലുമൊക്കെ(5) ചെറിയ സ്കോറിന് കൂടാരം കയറിയതോടെ ബാംഗ്ലൂർ തകർന്നു വീഴുകയായിരുന്നു. കോഹ്ലി മത്സരത്തിൽ 37 പന്തുകളിൽ 54 റൺസ് ആണ് നേടിയത്. ഒപ്പം മധ്യനിരയിൽ 18 പന്തുകളിലും 34 റൺസ് നേടിയ ലോമറോറും ബാംഗ്ലൂരിന് പ്രതീക്ഷകൾ നൽകി.
എന്നാൽ കൃത്യമായ ഇടവേളകളിൽ ബാംഗ്ലൂരിന്റെ വിക്കറ്റുകൾ വീഴ്ത്താൻ കൊൽക്കത്ത ബോളർമാർക്ക് സാധിക്കുകയായിരുന്നു. മധ്യ ഓവറുകളിൽ സ്പിന്നർമാർ കാര്യങ്ങൾ കൂടുതൽ പക്വതയോടെ കൈകാര്യം ചെയ്തതിനാൽ ബാംഗ്ലൂർ പതറി. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് ബാംഗ്ലൂരിനായി പോരാട്ടം നയിച്ചെങ്കിലും വിജയത്തിന് ഒരുപാട് അകലെ വീഴുകയായിരുന്നു. മത്സരത്തിൽ 21 റൺസിന്റെ പരാജയമാണ് ബാംഗ്ലൂർ ഏറ്റുവാങ്ങിയത്.