ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരട്ടത്തില്‍ ബാംഗ്ലൂരിനു പ്ലേയോഫില്‍ എത്താന്‍ സാധിച്ചില്ലാ. വിജയിച്ചാല്‍ പ്ലേയോഫില്‍ എത്താമായിരുന്ന മത്സരത്തില്‍ ഗുജറാത്തിനോടാണ് ബാംഗ്ലൂര്‍ പരാജയം ഏറ്റു വാങ്ങിയത്.
മത്സരത്തിൽ ബാംഗ്ലൂരിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഗുജറാത്ത് ടൈറ്റൻസ് വിജയം കണ്ടത്. ഈ പരാജയത്തോടെ ബാംഗ്ലൂർ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായിട്ടുണ്ട്. മാത്രമല്ല ബാംഗ്ലൂർ പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യൻസിന് പ്ലേയോഫിൽ സ്ഥാനം ലഭിക്കുകയും ചെയ്തു. നിലവിൽ ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ലക്നൗ സൂപ്പർ ജയന്റ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് പ്ലെയോഫിൽ ഇടം കണ്ടെത്തിയിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്ലിയും ഡുപ്ലസിയും ചേർന്ന് മികച്ച തുടക്കം തന്നെയാണ് ഇത്തവണയും ബാംഗ്ലൂരിന് നൽകിയത്. ഇരുവരും ചേർന്ന് 67 റൺസിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് കെട്ടിപ്പടുത്തു. ഡുപ്ലസി പുറത്തായ ശേഷവും വിരാട് കോഹ്ലി വെടിക്കെട്ട് ബാറ്റിംഗുമായി ക്രീസിൽ തുടരുകയായിരുന്നു. മത്സരത്തിൽ ബാംഗ്ലൂർ ഇന്നിങ്സിലുടനീളം തിളങ്ങി ഒരു തകർപ്പൻ സെഞ്ചുറിയും കോഹ്ലി നേടി. മത്സരത്തിൽ 61 പന്തുകളിൽ 101 റൺസ് ആയിരുന്നു വിരാട് കോഹ്ലി നേടിയത്. 13 ബൗണ്ടറികളും ഒരു സിക്സറും കോഹ്ലിയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഈ മികവിൽ നിശ്ചിത 20 ഓവറുകളിൽ 197 റൺസാണ് ബാംഗ്ലൂർ നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തിൽ തന്നെ സാഹയെ(12) നഷ്ടമായി. ശേഷം ശുഭ്മാൻ ഗില്ലും വിജയ് ശങ്കറും(53) ക്രീസിൽ ഉറക്കുന്നതാണ് കണ്ടത്. രണ്ടാം വിക്കറ്റിൽ ഗുജറാത്തിനായി നിർണായകമായ ഒരു കൂട്ടുകെട്ട് ഇരുവരും ചേർന്ന് കെട്ടിപ്പടുക്കുകയായിരുന്നു. ഇതോടെ ബാംഗ്ലൂർ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കാൻ തുടങ്ങി. ബാംഗ്ലൂരിന്റെ എല്ലാ ബോളർമാരെയും അതിസൂക്ഷ്മമായി ആണ് ഇരുവരും കളിച്ചത്. ഒപ്പം കൃത്യമായ സമയത്ത് സ്കോറിങ് റേറ്റ് ആവശ്യമായ രീതിയിൽ ഉയർത്താനും ഇരുവർക്കും സാധിച്ചു.
എന്നാൽ ചെറിയ ഇടവേളയിൽ തന്നെ വിജയ് ശങ്കറിനെയും ഷാനകയേയും(0) വീഴ്ത്താൻ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് സാധിച്ചു. ശേഷം 6 റൺസ് എടുത്ത മില്ലറും കൂടാരം കയറിയതോടെ ഗുജറാത്ത് പതറാൻ തുടങ്ങി. എന്നാൽ ഒരുവശത്ത് ഗിൽ അടിച്ചുതകർത്തതോടെ അവസാന രണ്ട് ഓവറുകളിൽ 19 റൺസ് ആയിരുന്നു ഗുജറാത്തിന്റെ വിജയലക്ഷ്യം. പത്തൊമ്പതാം ഓവറിൽ ഹർഷൽ പട്ടേലിനെതിരെ ഗിൽ കളം നിറഞ്ഞു. ഇതോടെ വിജയലക്ഷം അവസാന ഓവറിൽ 8 റൺസായി മാറി. എന്നാൽ അവസാനം ഒരു തകർപ്പൻ സിക്സർ നേടി ഗുജറാത്തിനെ ഗിൽ വിജയത്തിൽ എത്തിക്കുകയായിരുന്നു. മത്സരത്തിൽ 52 പന്തുകളിൽ നിന്ന് 104 റൺസാണ് ഗിൽ നേടിയത്.