ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂരിനെ പിടിച്ചു കെട്ടി ധോണിയുടെ മഞ്ഞപ്പട. വമ്പന്മാർ നിറഞ്ഞാടിയ മത്സരത്തിൽ 8 റൺസിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ഡെവൻ കോൺവയുടെയും ശിവം ദുബെയുടെയും തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് മത്സരത്തിൽ ചെന്നൈക്ക് വിജയം സമ്മാനിച്ചത്. ഒപ്പം കൈവിട്ടുപോയ മത്സരത്തെ അവസാന ഓവറിലെ തകർപ്പൻ ബോളിങ്ങിലൂടെ ചെന്നൈ ബോളർമാർ കൈപിടിയിൽ ഒതുക്കുകയായിരുന്നു. ഈ സീസണിലെ ചെന്നൈയുടെ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്.
മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചിന്നസ്വാമിയിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഓപ്പണർ ഋതുരാജിനെ(3) ചെന്നൈക്ക് തുടക്കം തന്നെ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഡെവൻ കോൺവേയും അജിങ്ക്യ രഹാനയും(37) ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ചെന്നൈക്കായി സൃഷ്ടിക്കുകയുണ്ടായി. കോൺവെ മത്സരത്തിൽ 45 പന്തുകളിൽ 6 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെടെ 83 റൺസാണ് നേടിയത്. ഒപ്പം പിന്നാലെയെത്തിയ ശിവം ദുബെ 27 പന്തുകളിൽ 2 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെടെ 52 റൺസും നേടുകയുണ്ടായി. ഇതോടെ ചെന്നൈ വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 226 റൺസാണ് ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്.
മറുപടി ബാറ്റിങ്ങിൽ വളരെ മോശം തുടക്കം തന്നെയായിരുന്നു ബാംഗ്ലൂരിന് ലഭിച്ചത്. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ വിരാട് കോഹ്ലിയെ(6) ബാംഗ്ലൂരിന് നഷ്ടമായി. ഒപ്പം പിന്നാലെ എത്തിയ ലോംറോറൂം(0) കൂടാരം കയറി. എന്നാൽ അവിടെ നിന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് മാക്സ്വെല്ലും ഡുപ്ലെസിയും ചേർന്ന് കെട്ടിപ്പടുക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 126 റൺസാണ് കെട്ടിപ്പടുത്തത്. മാക്സ്വെൽ മത്സരത്തിൽ 36 പന്തുകളിൽ 76 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെട്ടു. ഡുപ്ലെസി 33 പന്തുകളിൽ 62 റൺസ് നേടുകയുണ്ടായി. ശേഷം 14 പന്തുകളിൽ 28 റൺസ് നേടിയ ദിനേശ് കാർത്തിക് ബാംഗ്ലൂരിനെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു.
എന്നാൽ അവസാന ഓവറുകളിൽ ചെന്നൈ ബോളർമാരുടെ ഒരു വമ്പൻ തിരിച്ചുവരവാണ് കാണാൻ സാധിച്ചത്. പതിനെട്ടാം ഓവറിൽ പതിരാന ചെന്നൈക്കായി ഒരു തകർപ്പൻ ഓവർ എറിഞ്ഞു. ഒപ്പം ബാംഗ്ലൂരിന്റെ വിക്കറ്റുകൾ തുരുതുരാ വീഴ്ത്താനും ചെന്നൈ ബോളന്മാർക്ക് സാധിച്ചു. ഇങ്ങനെ മത്സരത്തിൽ 8 റൺസിന്റെ വിജയം ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കുകയായിരുന്നു. സൂപ്പർ കിംഗ്സിന്റെ സീസണിലെ മൂന്നാം വിജയമാണിത്.
ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ടേ 3 വിക്കറ്റ് വീഴ്ത്തി. പതിരാന രണ്ടും മൊയിന്‍ അലി, തീക്ഷണ, ആകാശ് സിങ്ങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.