ഇന്ന് പഞ്ചാബിനെതിരെ 11 റൺസിന് ജയിക്കണം. രാജസ്ഥാന് പ്ലേയോഫിൽ എത്താനുള്ള വഴികൾ.

രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരം തന്നെയാണ് പഞ്ചാബ് കിംഗ്സിനെതിരെ ഇന്ന് നടക്കാൻ പോകുന്നത്. നിലവിൽ ഐപിഎല്ലിന്റെ പോയിന്റ്സ് ടേബിളിൽ ആറാം സ്ഥാനത്താണ് രാജസ്ഥാൻ നിൽക്കുന്നത്. ഇതുവരെ 2023 ഐപിഎല്ലിൽ 13 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ 6 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 7 മത്സരങ്ങളിൽ പരാജയമറിയുകയുണ്ടായി. 12 പോയിന്റുകളാണ് രാജസ്ഥാനുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ പ്ലേയോഫിലെത്താൻ രാജസ്ഥാന് കണക്കിലെ ചെറിയ കളികൾ ആവശ്യമാണ്. ഇനി പ്ലേയോഫ് സ്പോട്ട് ഉറപ്പിക്കാൻ രാജസ്ഥാന് മുൻപിൽ കുറച്ച് ക്രൈറ്റീരിയ മാത്രമാണുള്ളത്. അത് നമുക്ക് പരിശോധിക്കാം.

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫിലെത്താൻ രാജസ്ഥാന് മുൻപിലുള്ള ആദ്യത്തെ വഴി പഞ്ചാബിനെതിരെ ഒരു വലിയ വിജയം തന്നെ നേടുക എന്നതാണ്. എത്രമാത്രം വലിയ വിജയം നേടാൻ സാധിക്കുമോ അത്രമാത്രം രാജസ്ഥാന് ഗുണമായി മാറും. നിലവിൽ പോയിന്റ്സ് ടേബിളിൽ നാലാം സ്ഥാനത്ത് നിൽക്കുന്നത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സാണ്. ഇവരെ പിന്തള്ളണമെങ്കിൽ രാജസ്ഥാന് പഞ്ചാബിനെതിരെ ഒരു മികച്ച വിജയം ആവശ്യമാണ്. പഞ്ചാബിനെതിരായ മത്സരത്തിൽ 11ഓ അതിലധികമോ റൺസിന് രാജസ്ഥാന് വിജയിക്കാൻ സാധിക്കണം. അല്ലാത്തപക്ഷം രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ 18.3 ഓവറിനുള്ളിൽ ലക്ഷ്യം കാണണം. അങ്ങനെയെങ്കിൽ രാജസ്ഥാന് ബാംഗ്ലൂരിനെക്കാൾ നെറ്റ് റൺറേറ്റ് ലഭിക്കും. ആ സാഹചര്യത്തിൽ രാജസ്ഥാൻ നാലാം സ്ഥാനത്തെത്തും.

പിന്നീട് രാജസ്ഥാന് ആവശ്യം ഭാഗ്യത്തിന്റെ കളികളാണ്. ഹൈദരാബാദും മുംബൈയും തമ്മിലുള്ള മത്സരം രാജസ്ഥാന് പിന്നീട് നിർണായകമായി മാറും. ഈ മത്സരത്തിൽ മുംബൈ പരാജയപ്പെടേണ്ടിയിരിക്കുന്നു. വളരെ മികച്ച ഫോമിലാണ് മുംബൈ ഇപ്പോൾ കളിക്കുന്നതെങ്കിലും, ഹൈദരാബാദിന് മുംബൈയെ പരാജയപ്പെടുത്താൻ സാധിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ മുംബൈയ്ക്ക് പ്ലേയോഫ് സ്വപ്നം വിദൂരത്താവും. രാജസ്ഥാൻ നാലാം സ്ഥാനത്തുതന്നെ നിലനിൽക്കുകയും ചെയ്യും.

എന്നിരുന്നാലും രാജസ്ഥാന് മുൻപിൽ വിലങ്ങു തടിയായി ബാംഗ്ലൂർ ടീം കൂടിയുണ്ട്. ബാംഗ്ലൂരിന് ഒരു മത്സരം കൂടി അവശേഷിക്കുന്നു. ഗുജറാത്തിനെതിരെയാണ് ബാംഗ്ലൂരിന്റെ അവസാന മത്സരം. ഈ മത്സരത്തിൽ വിജയിച്ചാൽ രാജസ്ഥാനെ പിന്തള്ളി ബാംഗ്ലൂരിന് പ്ലേയോഫിലെത്താൻ സാധിക്കും. എന്നാൽ ഈ മത്സരത്തിൽ ഗുജറാത്ത് വിജയിക്കുകയാണെങ്കിൽ രാജസ്ഥാൻ പ്ലെയോഫിൽ നാലാം സ്ഥാനക്കാരായി കയറിപ്പറ്റും. അതിനാൽ തന്നെ ആദ്യ കടമ്പ എന്ന നിലയിൽ പഞ്ചാബിനെതിരെ ഒരു വമ്പൻ വിജയത്തിന് തന്നെയാണ് രാജസ്ഥാൻ ഇന്നിറങ്ങേണ്ടത്.

Previous articleനെഞ്ചിടിപ്പോടെ രാജസ്ഥാൻ ഇറങ്ങുന്നു. വിജയം നേടിയില്ലെങ്കിൽ പുറത്തേക്ക്.
Next articleഞാൻ എന്റെ ശൈലിയിൽ കളിക്കും, വിമർശകർ വിമർശിക്കട്ടെ. കോഹ്ലിയുടെ ശക്തമായ പ്രസ്താവന.