നെഞ്ചിടിപ്പോടെ രാജസ്ഥാൻ ഇറങ്ങുന്നു. വിജയം നേടിയില്ലെങ്കിൽ പുറത്തേക്ക്.

2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിന് രാജസ്ഥാൻ റോയൽസ് ഇന്ന് ഇറങ്ങുന്നു. വളരെ നിർണായകമായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെയാണ് രാജസ്ഥാൻ നേരിടുന്നത്. മത്സരത്തിൽ വലിയ മാർജിനില്‍ വിജയിക്കുകയും മറ്റു മത്സരഫലങ്ങൾ തങ്ങൾക്ക് അനുകൂലമായി വരികയും ചെയ്യുകയാണെങ്കിൽ മാത്രമേ രാജസ്ഥാന് ഇനിയും പ്ലേയോഫീൽ സ്ഥാനം കണ്ടെത്താൻ സാധിക്കൂ. രാജസ്ഥാൻ പഞ്ചാബിനെതിരെ വിജയിക്കുകയും മുംബൈയും ബാംഗ്ലൂരും അടുത്ത മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്താൽ രാജസ്ഥാന് പ്ലേയോഫിലെത്താം. അതിനാൽ തന്നെ എന്തു വില കൊടുത്തും മത്സരത്തിൽ വിജയിക്കാൻ തയ്യാറായി തന്നെയാണ് സഞ്ജുവിനെ പട ഇറങ്ങുന്നത്.

നിലവിൽ 13 മത്സരങ്ങളിൽ നിന്ന് ആറു വിജയങ്ങളുമായി പഞ്ചാബ് പോയിന്റ്സ് ടേബിളിൽ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ബാംഗ്ലൂർ 13 മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു. നെറ്റ് റണ്‍റേറ്റ് രാജസ്ഥാന് അനുകൂലമായിയുണ്ട്. അതുകൊണ്ടുതന്നെ വലിയൊരു സ്കോർ പടുത്തുയർത്തി പഞ്ചാബിനെ ചെറിയ സ്കോറിൽ ഒതുക്കാൻ സാധിക്കുകയാണെങ്കിൽ രാജസ്ഥാന് തങ്ങളുടെ പ്ലേയോഫ് സാധ്യതകൾ നിലനിർത്താനാവും. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 25 തവണയാണ് രാജസ്ഥാനും പഞ്ചാബും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 14 തവണയും രാജസ്ഥാൻ തന്നെയായിരുന്നു വിജയം കണ്ടത്. അതിനാൽ വലിയ പ്രതീക്ഷയിലാണ് രാജസ്ഥാൻ ഇറങ്ങുന്നതും.

sanju sad ipl 2023

ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് രാജസ്ഥാന് മത്സരത്തിൽ തലവേദനയായുള്ളത്. കഴിഞ്ഞ മത്സരത്തിലെ വളരെ മോശം പ്രകടനം രാജസ്ഥാനെ ബാധിക്കുകയുണ്ടായി. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ 172 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ വെറും 59 റൺസിന് പുറത്തായിരുന്നു. എന്നിരുന്നാലും ബാറ്റിംഗ് നിരയിൽ നിന്നും മികച്ച പ്രകടനങ്ങൾ തന്നെയാണ് രാജസ്ഥാൻ പ്രതീക്ഷിക്കുന്നത്. മുൻനിര ബാറ്റർമാരുടെ അസ്ഥിരത രാജസ്ഥാനെ കഴിഞ്ഞ മത്സരങ്ങളിൽ ബാധിച്ചിട്ടുണ്ട്. ജോസ് ബട്ലർ പല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും സ്ഥിരത കൈവരിച്ചിട്ടില്ല.

എന്തുകൊണ്ടും രാജസ്ഥാനെ സംബന്ധിച്ച് പ്രാധാന്യമേറിയ മത്സരം തന്നെയാണ് പഞ്ചാബിനെതിരെ നടക്കുന്നത്. മത്സരത്തിൽ വിജയിച്ചാൽ മാത്രമേ രാജസ്ഥാന് മറ്റു സാധ്യതകളിലേക്ക് നോക്കാനാവൂ. അല്ലാത്തപക്ഷം രാജസ്ഥാന്റെ 2023 ഐപിഎല്ലിലെ അവസാന മത്സരമായി ഇതു മാറിയേക്കാം. എന്തായാലും കയ്യും മെയ്യും മറന്ന് പഞ്ചാബിനെ കീഴ്പ്പെടുത്താനുള്ള തത്രപ്പാടിലാണ് സഞ്ജു സാംസനും കൂട്ടരും.