2023 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം സഞ്ജുവിന്റെ പട രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. ശക്തരായ പഞ്ചാബ് കിംഗ്സാണ് ഇത്തവണ രാജസ്ഥാൻ റോയൽസിന്റെ എതിരാളികളായുള്ളത്. പലപ്പോഴും വമ്പൻ സ്കോറുകൾ പിറന്നിട്ടുള്ള ഗുവാഹത്തി പിച്ചിലാണ് മത്സരം നടക്കുന്നത്. അവസാനമായി ഗുവാഹത്തിയിൽ ട്വന്റി20 മത്സരം നടന്നത് 2022 ഒക്ടോബറിലായിരുന്നു. അന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മൈതാനത്ത് ഏറ്റുമുട്ടിയപ്പോൾ 458 റൺസാണ് പിറന്നത്. അതിനാൽതന്നെ രാജസ്ഥാനും പഞ്ചാബും തമ്മിൽ മത്സരം നടക്കുമ്പോഴും ഇത്തരത്തിൽ ഒരു ഹൈ സ്കോറിങ് മാച്ച് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം വമ്പൻ ആത്മവിശ്വാസത്തിൽ തന്നെയാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസുള്ളത്. ആദ്യമത്സരത്തിൽ മുൻനിര തകർപ്പൻ പ്രകടനം കാഴ്ചവച്ചതിനാൽ തന്നെ ടീമിൽ വലിയ മാറ്റങ്ങൾ വരാൻ സാധ്യതയില്ല. പഞ്ചാബിനെതിരെയും ജയിസ്വാളും ബട്ലറും തന്നെ രാജസ്ഥാനായി ഓപ്പണിങ് ഇറങ്ങിയേക്കും. മൂന്നാം നമ്പറിൽ സഞ്ജു സാംസൺ, നാലാം നമ്പറിൽ ദേവദത്ത് പടിക്കൽ, അഞ്ചാം നമ്പറിൽ ഹെറ്റ്മേയർ, ആറാം നമ്പറിൽ റിയാൻ പരഗ് എന്നിങ്ങനെയാവും രാജസ്ഥാന്റെ ബാറ്റിംഗ് നിര.
ബോളിങ് നിര കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് രാജസ്ഥാനായി കാഴ്ചവച്ചത്. അതിനാൽ തന്നെ ട്രെന്റ് ബോൾട്ടും മലയാളി താരം കെ എം ആസിഫും രാജസ്ഥാന്റെ സീം ബോളിംഗ് നിരയിൽ തുടരാനാണ് സാധ്യത. ഒപ്പം കഴിഞ്ഞ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ചാഹലും ടീമിലുണ്ടാവും. മറുവശത്ത് പഞ്ചാബിനെ സംബന്ധിച്ച് സ്റ്റാർ ബാറ്റർ ലിയാം ലിവിങ്സ്റ്റന്റെ അഭാവം വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇതുവരെ ലിവിങ്സ്റ്റണ് ഇന്ത്യയിലേക്ക് പറക്കാനുള്ള ക്ലിയറൻസ് നൽകിയിട്ടില്ല. എന്നിരുന്നാലും ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ റബാഡ ടീമിലേക്ക് തിരികേയെത്തുന്നത് പഞ്ചാബിന് ആശ്വാസം നൽകുന്നു.
ഇരു ടീമുകളും തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ വിജയം നേടി വരുന്നവരാണ്. അതിനാൽതന്നെ മത്സരത്തിൽ തീപാറും എന്നത് ഉറപ്പാണ്. പ്രത്യേകിച്ച് ബാറ്റിംഗിനെ അനുകൂലിക്കുന്ന ടിപ്പിക്കൽ ഗുവാഹത്തി പിച്ചാണ് മത്സരത്തിനായി ക്രമീകരിച്ചിരിക്കുന്നതെങ്കിൽ കാണികൾക്ക് ഒരു ഉത്സവം തന്നെയാവും മത്സരം. ഇന്ന് വൈകിട്ട് 7.30 മുതൽ സ്റ്റാർ സ്പോർട്സിലും ജിയോസിനിമയിലും മത്സരം ആസ്വദിക്കാവുന്നതാണ്.