2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ എട്ടാം മത്സരത്തിനായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു. മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ശക്തരായ ചെന്നൈ സൂപ്പർ കിംഗ്സാണ് എതിരാളികൾ. രാജസ്ഥാനിലെ സവായി മാൻ സിങ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും നിർണായകമായ മത്സരങ്ങളിൽ ഒന്നാണ് രാജസ്ഥാനിൽ നടക്കുന്നത്. ആദ്യ മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ചെറിയ മാർജിനിൽ രാജസ്ഥാൻ വിജയം കാണുകയായിരുന്നു. അന്ന് സന്ദീപ് ശർമ്മയുടെ അവസാന ഓവറുകളിലെ ഹീറോയിസമാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.
എന്നാൽ ആ പരാജയത്തിനുശേഷം ചെന്നൈ സൂപ്പർ കിംഗ്സ് മറ്റൊരു ലെവലിലുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പിന്നീട് ഒരു മത്സരത്തിൽ പോലും ചെന്നൈ പരാജയം അറിഞ്ഞിട്ടില്ല. കഴിഞ്ഞ 6 മത്സരങ്ങളിൽ 5 മത്സരങ്ങളിലും ചെന്നൈ വിജയം കണ്ടിട്ടുണ്ട്. നിലവിൽ 7 മത്സരങ്ങളിൽ 5 വിജയവുമായി ചെന്നൈ പോയ്ന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. മറുവശത്ത് രാജസ്ഥാനെ സംബന്ധിച്ച് കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ പരാജയങ്ങൾ വലിയ രീതിയിൽ തലവേദന ഉണ്ടാക്കുന്നുണ്ട്. രണ്ടു മത്സരങ്ങളിലും വിജയം രാജസ്ഥാന്റെ കൈപ്പിടിയിൽ നിന്ന് എതിർ ടീമുകൾ തട്ടിയെടുക്കുകയായിരുന്നു. മധ്യനിര ബാറ്റിംഗിലെ ചില പ്രശ്നങ്ങളാണ് ഈ പരാജയത്തിന് കാരണമായത്.
ചെന്നൈയ്ക്കെതിരായ മത്സരത്തിലും ടീമിൽ വലിയ മാറ്റങ്ങൾ ഇല്ലാതെയാവും രാജസ്ഥാൻ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ തങ്ങളുടെ മധ്യനിര ബാറ്ററായ റിയാൻ പരാഗിനെ ഒഴിവാക്കിയിരുന്നു. ഈ മത്സരത്തിലും റിയാനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതകൾ കുറവാണ്. ജോസ് ബട്ലറും ജെയ്‌സ്വാളും തന്നെയാവും മത്സരത്തിൽ രാജസ്ഥാനായി ഓപ്പണിങ് ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ മൂന്നാം നമ്പറിൽ ദേവദത് പടിക്കലായിരുന്നു ബാറ്റ് ചെയ്തിരുന്നത്. എന്നിരുന്നാലും മൂന്നാം നമ്പരിൽ സഞ്ജു സാംസൺ ഇറങ്ങാനുള്ള സാധ്യത മത്സരത്തിലുണ്ട്. ശേഷം മധ്യനിരയിലേക്ക് വന്നാൽ ധ്രുവ് ജൂറലും ഹെറ്റ്മേയറുമാണ് പ്രതീക്ഷ. പക്ഷേ മധ്യനിര ബാറ്റർമാർ അവസരത്തിനൊത്ത് ഉയരാതെ പോയത് കഴിഞ്ഞ മത്സരത്തിലെ രാജസ്ഥാന്റെ പരാജയത്തിന് കാരണമായി.
ബോളിഗിൽ കുറച്ചുകൂടി സെറ്റിൽഡ് ആയ ടീമാണ് രാജസ്ഥാൻ. ബോൾട്ട് എല്ലാ ഇന്നിംഗ്സിലും ആദ്യ ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. സന്ദീപ് ശർമ്മയും തന്റെ യോർക്കറുകൾ കൃത്യമായി എറിയുന്നു. സ്പിൻ വിഭാഗത്തിൽ രവിചന്ദ്രൻ അശ്വിനും ചാഹലും മികവു കാട്ടുന്നുണ്ട്. ഇതുകൊണ്ടൊക്കെയും ബോളിങ്ങിൽ വലിയ പ്രതിസന്ധികൾ രാജസ്ഥാൻ നേരിടുന്നില്ല. എന്നാൽ ചെന്നൈ പോലെ ശക്തമായ ഒരു ടീമിനെ നേരിടുമ്പോൾ രാജസ്ഥാൻ കരുതിയിരിക്കേണ്ടത് തന്നെയാണ്. മത്സരത്തിൽ വിജയം നേടി പോയിന്റ്സ് ടെബിളിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജുവും കൂട്ടരും.