ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ അത്യധികം ആവേശമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ നിന്ന് വിപരീതമായി ശക്തമായ 10 ടീമുകളാണ് ഇത്തവണ അണി നിരന്നിരിക്കുന്നത്. ഈ 10 ടീമുകൾക്കും പ്ലേയോഫിലെത്താൻ സാധ്യതയുണ്ട് എന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. ടൂർണമെന്റിന്റെ തുടക്കസമയത്ത് രാജസ്ഥാൻ റോയൽസ് അനായാസം പ്ലേഓഫിലെത്തും എന്ന് തോന്നിച്ചെങ്കിലും കഴിഞ്ഞ മത്സരങ്ങളിലെ പരാജയത്താൽ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. രാജസ്ഥാൻ അവസാനം കളിച്ച ആറു മത്സരങ്ങളിൽ അഞ്ചണ്ണത്തിനും പരാജയം ഏറ്റുവാങ്ങുകയുണ്ടായി. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്താണ് രാജസ്ഥാൻ നിൽക്കുന്നത്. ആദ്യ റൗണ്ടിൽ കേവലം മൂന്നു മത്സരങ്ങൾ മാത്രമാണ് രാജസ്ഥാന് അവശേഷിക്കുന്നത്. അതിനാൽ തന്നെ രാജസ്ഥാന്റെ പ്ലേയോഫ് സാധ്യതകളെ സംബന്ധിച്ച് പരിശോധിക്കണം.
നിലവിൽ പോയ്ന്റ്സ് ടേബിളിൽ നാലാം സ്ഥാനത്തു നിൽക്കുന്ന രാജസ്ഥാന് കാര്യങ്ങൾ അത്ര എളുപ്പമല്ല. കഴിഞ്ഞ മത്സരത്തിൽ അവസാന സ്ഥാനക്കാരായ സൺറൈസേഴ്സിനോഡാണ് രാജസ്ഥാൻ പരാജയമേറ്റുവാങ്ങിയത്. ഇനി രാജസ്ഥാന് മുൻപിലുള്ളത് മൂന്ന് മത്സരങ്ങളാണ്. കൊൽക്കത്ത നൈറ്റ് റൈഡഴ്സ്, ബാംഗ്ലൂർ, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളോടാണ് രാജസ്ഥാൻ ഏറ്റുമുട്ടേണ്ടത്. ഇതിൽ കൊൽക്കത്തയ്ക്കെതിരായ മത്സരവും പഞ്ചാബിനെതിരായ മത്സരവും രാജസ്ഥാന് എവേ മത്സരങ്ങളാണ്. ബാംഗ്ലൂരിനെതിരെയുള്ള മത്സരം മാത്രമാണ് രാജസ്ഥാന് സ്വന്തം മണ്ണിൽ കളിക്കാൻ സാധിക്കുക. അതുകൊണ്ടുതന്നെ കാര്യങ്ങൾ അത്ര അനായാസമാകാൻ സാധ്യതയില്ല.
ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനോട് ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ പരാജയമറിഞ്ഞിരുന്നു. ബാംഗ്ലൂരിനോടും രാജസ്ഥാൻ പരാജയപ്പെടുകയുണ്ടായി. എന്നാൽ കൊൽക്കത്തയോട് ഈ സീസണിൽ ആദ്യമായാണ് രാജസ്ഥാൻ ഏറ്റുമുട്ടുക. ഈ മൂന്നു മത്സരങ്ങളിൽ വിജയിക്കാത്ത പക്ഷം രാജസ്ഥാന് പ്ലേയോഫ് പ്രതീക്ഷിക്കാനാവില്ല. എന്നാൽ നെറ്റ് റൺറേറ്റ് 0.388 ഉള്ളത് രാജസ്ഥാന് ആശ്വാസം നൽകുന്നു. മറ്റു പല ടീമുകൾക്കും രാജസ്ഥാന്റെ അത്ര പോയിന്റുകളുണ്ടെങ്കിലും ഇത്ര മികച്ച നെറ്റ് റൺറേറ്റില്ല. ബാംഗ്ലൂർ, മുംബൈ ടീമുകളുടെയൊക്കെയും നെറ്റ് റൺറേറ്റ് മൈനസാണ്.
അടുത്ത മൂന്നു മത്സരങ്ങളിൽ വിജയിക്കുകയും ബാംഗ്ലൂരിന്റെയും പഞ്ചാബിന്റെയും മുംബൈയുടെയും മത്സരഫലങ്ങൾ അനുകൂലമായി വരികയും ചെയ്താൽ രാജസ്ഥാന് പ്ലെയോഫിലെത്താൻ സാധിക്കും. ഇതിൽ ബാംഗ്ലൂർ, പഞ്ചാബ് എന്നീ ടീമുകളെ രാജസ്ഥാൻ പരാജയപ്പെടുത്തുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. മാത്രമല്ല പരമാവധി വലിയ മാർജിനിൽ തന്നെ വരും മത്സരങ്ങളിൽ വിജയിക്കാനും രാജസ്ഥാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം 2023 ഐപിഎല്ലിലെ പ്ലേയോഫ് എന്നത് രാജസ്ഥാന് വെറും സ്വപ്നം മാത്രമായി മാറിയേക്കാം.