തകർപ്പൻ ക്യാച്ചുമായി വിഷ്ണു വിനോദ്. മത്സരത്തിൽ ടേണിങ് പോയിന്റ് ഉണ്ടാക്കി മലയാളി താരം.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ഒരു കിടിലൻ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കി മലയാളി താരം വിഷ്ണു വിനോദ്. മത്സരത്തിൽ വളരെ നിർണായകമായ ഡുപ്ലസിയുടെ വിക്കറ്റാണ് വിഷ്ണു വിനോദിന്റെ ക്യാച്ചിലൂടെ മുംബൈയ്ക്ക് ലഭിച്ചത്. മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് തന്നെയായിരുന്നു ഡുപ്ലസി കാഴ്ചവെച്ചത്. അതിനാൽ തന്നെ അവസാന ഓവർ വരെ ഡുപ്ലസി ക്രീസിൽ തുടർന്നാൽ മത്സരം മുംബൈയുടെ കൈവിട്ടു പോകും എന്ന് ഉറപ്പായിരുന്നു. ഈ നിമിഷത്തിലാണ് ഒരു തകർപ്പൻ കാച്ചിലൂടെ വിഷ്ണു വിനോദ് ഡുപ്ലസിയെ പുറത്താക്കിയത്.

മത്സരത്തിന്റെ പതിനഞ്ചാം ഓവറിലാണ് സംഭവം നടന്നത്. പതിനഞ്ചാം ഓവർ എറിഞ്ഞത് ക്യാമറോൺൺ ഗ്രീനായിരുന്നു. ഗ്രീൻ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഫൈൻ ലെഗിന് മുകളിലൂടെ സിക്സർ പറത്താൻ ശ്രമിക്കുകയായിരുന്നു ഡുപ്ലസി. എന്നാൽ ഇത് മുൻകൂട്ടി കണ്ട ഗ്രീൻ ബോൾ ഓഫ് സ്റ്റമ്പിന് പുറത്താണ് എറിഞ്ഞത്. ഇത് സ്കൂപ്പ് ചെയ്യാൻ ഡുപ്ലസി ശ്രമിച്ചു. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് ഷോർട്ട് ഫൈൻ ലെഗിൽ നിന്ന വിഷ്ണു വിനോദിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു. ആദ്യ ശ്രമത്തിൽ പന്ത് കൈപ്പിടിയിൽ ഒതുക്കാൻ വിഷ്ണു വിനോദിന് സാധിച്ചില്ല. എന്നാൽ തനിക്ക് ലഭിച്ച മൂന്നാം അവസരത്തിൽ വിഷ്ണു വിനോദ് ബുദ്ധിപൂർവ്വം ഈ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുകയാണ് ഉണ്ടായത്. മത്സരത്തിൽ 41 പന്തുകളിൽ 65 റൺസായിരുന്നു ഡുപ്ലസി നേടിയത്

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അത്ര മികച്ച തുടക്കമായിരുന്നില്ല ബാംഗ്ലൂരിന് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ബാംഗ്ലൂരിന് തങ്ങളുടെ ഓപ്പണർ വിരാട് കോഹ്ലിയുടെ(1) വിക്കറ്റ് നഷ്ടമായി പിന്നാലെ അനുജ് റാവത്തും(6) പുറത്തായതോടെ ബാംഗ്ലൂർ തകരുകയുണ്ടായി. എന്നാൽ മൂന്നാം വിക്കറ്റിൽ നായകൻ ഡുപ്ലസിസും മാക്സ്വെല്ലും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് ബാംഗ്ലൂരിനായി സൃഷ്ടിച്ചത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 120 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി.

മാക്സ്‌വെൽ 33 പന്തുകളിൽ 68 റൺസ് ആണ് മത്സരത്തിൽ നേടിയത്. 8 ബൗണ്ടറികളും നാല് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ഡുപ്ലസി ഇന്നിങ്സിൽ 41 പന്തുകളിൽ 65 റൺസ് നേടി. അഞ്ചു ബൗണ്ടറികളും മൂന്ന് സിക്സറുകളുമായിരുന്നു ബാംഗ്ലൂർ നായകന്റെ സമ്പാദ്യം. എന്നാൽ ഇരുവരെയും ചെറിയ ഇടവേളയിൽ തന്നെ പുറത്താക്കാൻ മുംബൈ ബോളർമാർക്ക് സാധിച്ചു. അങ്ങനെ മുംബൈ മത്സരത്തിലേക്ക് തിരിച്ചെത്തുകയാണ് ഉണ്ടായത്. മത്സരത്തിൽ ഇമ്പാക്ട് സബ്സ്റ്റിറ്റൂട്ടായി ആണ് വിഷ്ണു വിനോദ് കളിക്കുന്നത്.