മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡേയിൽ നടന്ന മത്സരത്തിൽ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. ബാറ്റർമാരുടെ പറുദീസയായി മാറിയ മത്സരത്തിൽ 13 റൺസിനാണ് പഞ്ചാബ് വിജയം കണ്ടത്. പഞ്ചാബിന്റെ ഈ സീസണിലെ നാലാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഇതുവരെ 2023 ഐപിഎല്ലിൽ 7 മത്സരങ്ങൾ കളിച്ച പഞ്ചാബ് 3 മത്സരങ്ങളിൽ മാത്രമാണ് പരാജയമറിഞ്ഞത്. എന്തായാലും മുംബൈയ്ക്കെതിരെ അവരുടെ നാട്ടിൽ നേടിയ വിജയം പഞ്ചാബിന് വരുമത്സരങ്ങളിൽ കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് ഉറപ്പാണ്.
വാങ്കഡേയിലെ പിച്ചിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് മാത്യു ഷോർട്ടിന്റെ(11) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ പ്രഭ്സിംറാനും(26) അഥർവ്വ തൈടയും(29) മൂന്നാം വിക്കറ്റിൽ അടിച്ചു തകർക്കുകയുണ്ടായി. പക്ഷേ ചെറിയ ഇടവേളകളിൽ ഇവരുടെ വിക്കറ്റ് വീഴ്ത്താൻ സാധിച്ചതോടെ മുംബൈ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. 10 ഓവറുകൾ പിന്നിടുമ്പോൾ 83ന് 4 എന്ന നിലയിൽ പഞ്ചാബിനെ തകർക്കാൻ മുംബൈ ബോളർമാർക്ക് സാധിച്ചു. പക്ഷേ അതിനുശേഷം കാണാൻ സാധിച്ചത് ഒരു അസാധാരണമായ ബാറ്റിംഗ് വെടിക്കെട്ട് ആയിരുന്നു. അഞ്ചാം വിക്കറ്റിൽ ഹർപ്രിറ്റ് സിംഗും സാംകരനും ചേർന്ന് മുംബൈ ബോളർമാരെ അടിച്ചു തൂക്കി. കരൺ മത്സരത്തിൽ 29 പന്തുകളിൽ 55 റൺസ് നേടി. 5 ബൗണ്ടറികളും 4 സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു. 28 പന്തിൽ 41 റൺസായിരുന്നു ഹർപ്രിറ്റ് സിങ്ങിന്റെ സമ്പാദ്യം. ഒപ്പം അവസാന ഓവറുകളിൽ 7 പന്തുകളില്‍ 25 റൺസ് എടുത്ത ജിതേഷ് ശർമ്മ കൂടി നിറഞ്ഞാടിയതോടെ മത്സരത്തിൽ 214 എന്ന വമ്പൻ സ്കോറിൽ പഞ്ചാബ് എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് ഇഷാന്റെ(1) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ നായകൻ രോഹിത് ശർമയും ക്യാമറോൺ ഗ്രീനും മുംബൈയ്ക്ക് കാവലായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 76 റൺസിന്റെ കൂട്ടുകെട്ടായിരുന്നു കെട്ടിപ്പടുത്തത്. രോഹിത് ശർമ മത്സരത്തിൽ 27 പന്തുകളിൽ 44 റൺസ് നേടി. ഇന്നിംഗ്സിൽ വലിയൊരു ശതമാനവും അടിച്ചുതകർത്ത ഗ്രീൻ മത്സരത്തിൽ 43 പന്തുകളിൽ 67 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം സൂര്യകുമാർ യാദവും തന്റെ പ്രതാപകാലഫോമിലേക്ക് തിരികെ എത്തുകയായിരുന്നു. സൂര്യ 26 പന്തുകളിൽ 57 റൺസ് ആണ് നേടിയത്. 8 ബൗണ്ടറികളും 3 സിക്സറുകളും സൂര്യയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു.
എന്നാൽ അവസാന ഓവറുകളിൽ പഞ്ചാബ് പിടിമുറുക്കുന്നതാണ് കാണാൻ സാധിച്ചത്. പഞ്ചാബ് ബോളർമാർ ഡെത്ത് ഓവറുകളിൽ കൃത്യമായ സംയമനം പാലിച്ചു. മത്സരത്തിലെ അവസാന ഓവറിൽ മുംബൈയ്ക്ക് വിജയിക്കാൻ ആവശ്യം 16 റൺസായിരുന്നു. ആദ്യ 2 പന്തുകളിൽ അർഷദീപ് സിംഗ് കൃത്യത കാട്ടിയതോടെ അത് 4 പന്തുകളിൽ 15 എന്നായി മാറി. പിന്നീടുള്ള 2 പന്തുകളിലും അർഷദ്വീപ് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ മത്സരം മുംബൈയുടെ കൈവിട്ടു പോവുകയായിരുന്നു. മത്സരത്തിൽ 13 റൺസിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.