ഇന്ത്യൻ പ്രീമിയർ ലീഗ് എന്നത് പലപ്പോഴും മധുര പ്രതികാരങ്ങളുടെ കൂടെ ഇടമാണ്. ഒരു കളിക്കാരൻ മറ്റൊരു കളിക്കാരനുമേൽ സ്ലീഡ്ജിങ്ങും മറ്റുമായി വന്നാൽ അതിനുള്ള കൃത്യമായ മറുപടി പലപ്പോഴും കൊടുക്കാറുമുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് എലിമിനേറ്ററിന് ശേഷം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ്. ഈ സീസണിൽ ഏറ്റവും വലിയ ചർച്ചാവിഷയമായ സംഭവമായിരുന്നു വിരാട് കോഹ്ലിയും ലക്നൗ താരം നവീൻ ഉൾ ഹക്കും തമ്മിലുള്ള വാക്പോര്. ഇരു ടീമുകളും മൈതാനത്ത് ഏറ്റുമുട്ടിയപ്പോൾ ഈ താരങ്ങൾ തമ്മിൽ പരസ്പരം വാക്പോരിൽ ഏർപ്പെടുകയും, അതിന് ബിസിസിഐ വലിയ പിഴ ചുമത്തുകയും ചെയ്തിരുന്നു.
ശേഷം വിരാട് കോഹ്ലി കളിക്കുന്ന മത്സരങ്ങളിലൊക്കെയും ട്രോളുകളുമായി നവീൻ ഉൾ ഹക്ക് സോഷ്യൽ മീഡിയയിൽ രംഗത്ത് വരികയുണ്ടായി. എപ്പോഴൊക്കെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മോശം പ്രകടനം കാഴ്ചവച്ചോ, അപ്പോഴൊക്കെ കുറച്ച് മാമ്പഴങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറികൾ ആക്കി നവീൻ പ്രകോപനം ഉണ്ടാക്കുകയുണ്ടായി. എന്നാൽ ലക്നൗ സൂപ്പർ ജെയന്റ്സിനെ മുംബൈ ഇന്ത്യൻസ് എലിമിനേറ്ററിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ ഇതിനുള്ള മറുപടി നൽകിയിരിക്കുകയാണ് മുംബൈയുടെ യുവ താരങ്ങളായ കുമാർ കാർത്തികേയ, വിഷ്ണു വിനോദ്, സന്ദീപ് വാര്യർ എന്നിവർ.
മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ലക്നൗവിനെ പരാജയപ്പെടുത്തിയതിന് തൊട്ടു പിന്നാലെ ഡൈനിങ് ടേബിളിൽ മാമ്പഴങ്ങളുമായി ഇരിക്കുന്ന ഫോട്ടോയാണ് ഇവർ ഇൻസ്റ്റഗ്രാമിൽ ചേർത്തത്. “മാമ്പഴങ്ങളുടെ മധുരമായ സീസൺ” എന്നായിരുന്നു ഇതിന് ശീർഷകം നൽകിയിരുന്നത്. വിരാട് കോഹ്ലിയോട് ഇത്രയും കാലം നവീൻ കാണിച്ച പ്രകോപനങ്ങൾക്ക് മറുപടിയായിയാണ് മുംബൈ ഇന്ത്യൻസിലെ താരങ്ങൾ ഈ പ്രവർത്തിക്ക് മുതിർന്നത്. പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ ലക്നൗ സൂപ്പർ ജെയന്റ്സിന്റെ തന്നെ ബോളറായ ആവേഷ് ഖാൻ ഈ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ലൈക്ക് ചെയ്തിട്ടുണ്ട് എന്നതാണ്.
എന്നിരുന്നാലും മുംബൈയ്ക്കെതിരായ മത്സരത്തിൽ മികച്ച ബോളിംഗ് പ്രകടനം തന്നെയായിരുന്നു നവീൻ കാഴ്ചവച്ചത്. മത്സരത്തിൽ 38 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകൾ നവീൻ വീഴ്ത്തുകയുണ്ടായി. സൂര്യകുമാർ യാദവ്, തിലക് വർമ്മ, രോഹിത് ശർമ, ക്യാമറോൺ ഗ്രീൻ എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകളായിരുന്നു മത്സരത്തിൽ നവീൻ സ്വന്തമാക്കിയത്. നവീനിന്റെ ഈ മികവാർന്ന പ്രകടനത്തിന്റെ ബലത്തിൽ 200 റൺസിന് താഴെ മുംബൈയെ ഒതുക്കാൻ ലക്നൗവിന് സാധിച്ചിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ ലക്നൗ പൂർണമായും പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ 81 റൺസിന്റ പരാജയമാണ് ലക്നൗ നേരിട്ടത്.