ട്വന്റി20യിൽ ആങ്കറുടെ ആവശ്യമില്ല. എല്ലാവരും തകർത്തടിക്കണം. മാർഗനിർദ്ദേശവുമായി രോഹിത് ശർമ.

rohit sharma ipl 2023

ലോക ക്രിക്കറ്റിന് കഴിഞ്ഞ സമയങ്ങളിലുണ്ടായ വലിയ രീതിയിലുള്ള മാറ്റം എടുത്തു പറയേണ്ടതാണ്. പുതിയ നിയമങ്ങൾ ക്രിക്കറ്റിൽ എത്തിയപ്പോൾ പുതിയതരം ശൈലികളും രംഗത്തെത്തുകയുണ്ടായി. ബാറ്റർമാർ കൂടുതലായി ആക്രമണ മനോഭാവത്തോടെ കളിക്കുന്നത് നിശ്ചിത ഓവർ ക്രിക്കറ്റിൽ സർവ്വസാധാരണമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ട്വന്റി20 ക്രിക്കറ്റിൽ കഴിഞ്ഞ സമയങ്ങളിലുണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. ഇതിനെപ്പറ്റി സംസാരിക്കുകയാണ് ഇന്ത്യയുടെ നായകൻ രോഹിത് ശർമ. നിലവിൽ ട്വന്റി20 മത്സരങ്ങളിൽ ഇന്നിംഗ്സ് ആങ്കർ ചെയ്യാൻ ബാറ്റർമാരെ ആവശ്യമില്ല എന്നാണ് രോഹിത് പറയുന്നത്.

ട്വന്റി20 ക്രിക്കറ്റിൽ വന്നിരിക്കുന്ന മാറ്റങ്ങളിൽ ഒന്നായി തന്നെയാണ് രോഹിത് ഇതിനെ കാണുന്നത്. “ഇപ്പോൾ നമ്മൾ കാണുന്നത് വച്ച് നോക്കിയാൽ, ഒരു ആങ്കറുടെ ആവശ്യം ടീമിലില്ല. ഈ ദിവസങ്ങളിൽ ട്വന്റി20 ക്രിക്കറ്റ് ആ തരത്തിലാണ് കളിക്കുന്നത്. ഒരു ടീം 20ന് മൂന്നോ നാലോ വിക്കറ്റുകൾ നഷ്ടപ്പെടാത്ത പക്ഷം ഒരു ആങ്കറുടെ ആവശ്യം വരുന്നില്ല. അങ്ങനെ വിക്കറ്റുകൾ നഷ്ടപ്പെടുക എന്നത് എല്ലാ ദിവസവും സംഭവിക്കുന്ന കാര്യവുമല്ല. നമ്മൾ ക്രിക്കറ്റിന്റെ മാറ്റത്തിനനുസരിച്ച് നമ്മുടെ മനോഭാവവും മാറ്റാൻ തയ്യാറാവണം. അല്ലാത്തപക്ഷം നമ്മളെ അത് വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. നമ്മുടെ എതിർ ടീമിലുള്ള ആളുകൾ മത്സരത്തെ വേറൊരു ലെവലിലാവും കാണുന്നത്. അതിനാൽ തന്നെ നമ്മളും അതിനോട് കിടപിടിക്കാൻ പാകത്തിന് മനോഭാവം മാറ്റേണ്ടതുണ്ട്.”- രോഹിത് പറഞ്ഞു.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.

“ഒരു മത്സരത്തിൽ ഒരു കളിക്കാരന് മികച്ച സ്കോർ നേടാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമായി തന്നെയാണ് ഞാൻ കരുതുന്നത്. അതേപോലെതന്നെ ഒരു ബാറ്റർക്ക് 10-15-20 ബോളുകളിൽ 30-40 റൺസ് നേടാൻ സാധിച്ചാലും അത് വളരെ നല്ല കാര്യം തന്നെയാണ്. കാരണം അങ്ങനെയുള്ള സാഹചര്യങ്ങളിൽ ബാറ്റർ തന്റെ ടീമിനായിയാണ് കളിക്കുന്നത്. ആ രീതിയിൽ മത്സരം ഇപ്പോൾ മാറിയിട്ടുണ്ട്.”- രോഹിത് കൂട്ടിച്ചേർത്തു.

ഒപ്പം കഴിഞ്ഞ മത്സരങ്ങളിലെ തന്റെ ബാറ്റിംഗ് ശൈലിയെ കുറിച്ചും രോഹിത് സംസാരിച്ചു. “ഞാൻ എന്റേതായ ശൈലിയിൽ തന്നെ കളിക്കാനും, എനിക്കെന്തു ചെയ്യാൻ സാധിക്കുമെന്നുമാണ് ചിന്തിക്കാറുള്ളത്. ട്വന്റി20 ഫോർമാറ്റിൽ ഞാൻ കുറച്ചധികം നാളുകളായി ഇതേ രീതിയിൽ തന്നെയാണ് കളിക്കുന്നത്. എന്നിരുന്നാലും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യണം എന്നത് എനിക്ക് തോന്നാറുണ്ട്. അങ്ങനെ ചെയ്യുന്ന സമയത്ത് എന്റെ വിക്കറ്റ് നഷ്ടമാവുകയാണെങ്കിൽ അത് എന്നെ ബാധിക്കുന്ന കാര്യമല്ല.”- രോഹിത് ശർമ പറഞ്ഞുവെക്കുന്നു.

Scroll to Top