കാലം കഴിയും തോറും കൂടുന്ന ധോണി വീര്യം. ചെപ്പോക്കിൽ കണ്ടത് പഴയ ധോണിയെ. 9 പന്തുകളിൽ 20

image 2 1

വീണ്ടും ചെന്നൈ ആരാധകരെ ആവേശത്തിൽ ആറാടിച്ച് മഹേന്ദ്ര സിംഗ് ധോണിയുടെ ഒരു തകർപ്പൻ ഇന്നിംഗ്സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അവസാന ഓവറുകളിൽ താണ്ഡവമാടിയാണ് ധോണി തന്റെ തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. മത്സരത്തിൽ ചെന്നൈ ഇന്നിംഗ്സിന്റെ പതിനേഴാം ഓവറിൽ റായുഡുവിന്റെ വിക്കറ്റ് നഷ്ടമായ ശേഷമാണ് ധോണി ക്രീസിലെത്തിയത്. ആദ്യ ബോളുകളിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ധോണി പ്രതിരോധിക്കുകയുണ്ടായി. ഇതോടെ ചെന്നൈയിൽ ഒത്തുകൂടിയ ആരാധകർ അല്പമൊന്നടങ്ങി. പക്ഷേ അതിനുശേഷമുണ്ടായത് ഒരു തീ തന്നെയായിരുന്നു.

അതുവരെ ഏറ്റവും മികച്ച രീതിയിൽ പന്തറിഞ്ഞ ഖലീൽ അഹമ്മദിനെ ധോണി പഞ്ഞിക്കിടുന്നതാണ് പത്തൊമ്പതാം ഓവറിൽ കണ്ടത്. 19ആം ഓവറിലെ മൂന്നാം പന്തിൽ ഖലീൽ അഹമ്മദിനെ ഒരു തകർപ്പൻ പൂൾ ഷോട്ടിലൂടെ ധോണി സിക്സർ പായിക്കുകയായിരുന്നു. ഇതോടെ ചെന്നൈയിൽ ഒത്തുകൂടിയ ആരാധകർ ആവേശത്തിലായി. അതിന് പിന്നാലെ ധോണി ഒരു ബൗണ്ടറി കൂടി നേടിയതോടെ മത്സരം കൊഴുത്തു. എന്നാൽ അവിടെയും തീർന്നില്ല ധോണിയുടെ വീര്യം. ഓവറിലെ അവസാന പന്തിൽ ഖലീലിനെ വീണ്ടും ഒരു തകർപ്പൻ സിക്സറിനു പായിച്ചാണ് ധോണി ചെന്നൈ സൂപ്പർ കിങ്സിനെ മികച്ച നിലയിൽ എത്തിച്ചത്.

See also  "ബട്ലർ ഒരു സ്പെഷ്യൽ ഐറ്റം.. ഒരു സ്കോറും അവന് മുമ്പിൽ സെയ്‌ഫല്ല"- സഞ്ജുവിന്റെ വാക്കുകൾ..

പലപ്പോഴും ധോണിയുടെ ഫിനിഷിങ്ങും ബാറ്റിംഗ് ശൈലിയുമൊക്കെ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും, ഈ 41ആം വയസ്സിലും അദ്ദേഹത്തിന്റെ കഴിവുകൾ നഷ്ടമായില്ല എന്ന് ഓർമിപ്പിക്കുന്ന ഇന്നിങ്സ് തന്നെയായിരുന്നു ചെന്നൈയിൽ പിറന്നത്. മത്സരത്തിൽ 9 പന്തുകൾ നേരിട്ട ധോണി 20 റൺസ് ആണ് നേടിയത്. ഒരു ബൗണ്ടറിയും രണ്ട് സിക്സറുമായിരുന്നു ധോണിയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ധോണി  പുറത്തായത്. എന്നാൽ ഇതിനകം തന്നെ ഡൽഹി ടീമിനെ ധോണി തകർത്തെറിയുകയുണ്ടായി.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. താരതമ്യേന സ്ലോ ആയ ചെന്നൈയിലെ പിച്ചിൽ ഋതുരാജ് മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. പക്ഷേ അത് വേണ്ട രീതിയിൽ മുതലെടുക്കുന്നതിൽ ചെന്നൈയുടെ മുൻനിര പരാജയപ്പെട്ടു. എന്നാൽ 12 പന്തുകളിൽ 25 റൺസെടുത്ത ശിവം ദുബയും, 17 പന്തുകളിൽ 23 റൺസുമായി റായിഡുവും മധ്യ ഓവറുകളിൽ ചെന്നൈയുടെ രക്ഷകരാവുകയായിരുന്നു. ഒപ്പം അവസാന ഓവറുകളിൽ ജഡേജയും ധോണിയും അടിച്ചുതകർത്തതോടെ ചെന്നൈ 167 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തി.

Scroll to Top