2023 ഐപിഎല്ലിന്റെ എലിമിനേറ്ററിൽ ലക്നൗ ടീമിനെ അനായാസം പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് വിജയഗാഥ. മത്സരത്തിൽ 81 റൺസിന്റെ വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മുംബൈക്കായി ബാറ്റിംഗിൽ ക്യാമറോൺ ഗ്രീൻ തിളങ്ങിയപ്പോൾ, ബോളിങ്ങിൽ മദ്വാൽ ലക്നൗവിന്റെ വേരൊടിക്കുകയായിരുന്നു. ഈ വിജയത്തോടെ മുംബൈ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് ആണ് മുംബൈയുടെ എതിരാളികൾ. ഈ മത്സരത്തിൽ വിജയിച്ചാൽ ചെന്നൈയുമായി ഫൈനലിൽ കളിക്കാൻ മുംബൈയ്ക്ക് സാധിക്കും.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവിന് വിപരീതമായി മോശം തുടക്കം തന്നെയായിരുന്നു മുംബൈയ്ക്ക് ലഭിച്ചത്. ഓപ്പണർമാരായ ഇഷാൻ കിഷന്റെയും(15) രോഹിത് ശർമയുടെയും(11) വിക്കറ്റ് മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ മൂന്നാമതായി ക്രീസിലെത്തിയ ക്യാമറോൺ ഗ്രീൻ(41) സൂര്യകുമാർ യാദവിനെ(33) കൂട്ടുപിടിച്ച് മുംബൈയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒപ്പം 22 പന്തുകളില്‍ 26 റൺസുമായി തിലക് വർമ്മ കൂടി ചേർന്നതോടെ മുംബൈ സ്കോർ കുതിയ്ക്കാൻ തുടങ്ങി. അവസാന ഓവറുകളിൽ വധീര 12 പന്തുകളില്‍ 23 റൺസ് നേടി മുംബൈ ഇന്നിങ്സ് ഫിനിഷ് ചെയ്തു. നിശ്ചിത 20 ഓവറുകളിൽ 182 റൺസാണ് മുംബൈ നേടിയത്
മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗവീന് കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. ഓപ്പണർ മെയേഴ്സ്(18) അടിച്ചു തകർത്തെങ്കിലും മങ്കാത്(3) ക്രൂനാൽ പാണ്ഡ്യ(8) ആയുഷ് ബടോണി(1) തുടങ്ങിയവർ ചെറിയ ഇടവേളയിൽ തന്നെ കൂടാരം കയറുകയുണ്ടായി. സ്റ്റോയിനിസ് മാത്രമായിരുന്നു ലക്നൗവിന്റെ മുൻനിരയിൽ അല്പസമയമെങ്കിലും പിടിച്ചുനിന്നത്. സ്റ്റോയിനിസ് മത്സരത്തിൽ 27 പന്തുകളിൽ 40 റൺസ് ആണ് നേടിയത്. 5 ബൗണ്ടറികളും ഒരു സിക്സറും ഇന്നിങ്സിൽ ഉൾപ്പെട്ടു. എന്നാൽ സ്റ്റോയിനിസ് പുറത്തായതോടുകൂടി ലക്നൗ പൂർണ്ണമായും തകർന്നു.
പിന്നീട് ഡഗൗട്ടിലേക്ക് ഒരു ഘോഷയാത്ര തന്നെയാണ് കാണാൻ സാധിച്ചത്. മുംബൈക്കായി മധ്യ ഓവറുകളിൽ മദ്വാൽ നിറഞ്ഞാടിയതോടെ ലക്നൗ പരാജയം സമ്മതിക്കുകയായിരുന്നു. മത്സരത്തിൽ 81 റൺസിന്റെ പരാജയമാണ് ലക്നൗ ഏറ്റുവാങ്ങിയത്. മുംബൈ ഇന്ത്യൻസിനായി മദ്വാൽ നിശ്ചിത 3.2 ഓവറുകളില്‍ 5 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മുംബൈയെ സംബന്ധിച്ച ഒരുപാട് ആത്മവിശ്വാസം നൽകുന്ന മത്സരം കൂടിയാണ് കഴിഞ്ഞിരിക്കുന്നത്. അടുത്ത മത്സരത്തിൽ ഗുജറാത്തിനെയും പരാജയപ്പെടുത്തുക എന്നതാണ് മുംബൈയുടെ ലക്ഷ്യം.