2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. 2022ലെ ഐപിഎൽ ചാമ്പ്യന്മാരായിരുന്ന ഗുജറാത്ത് ഇത്തവണയും പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുന്നു. ഹർദിക് പാണ്ട്യയുടെ നേതൃത്വത്തിൽ എല്ലാ ടീമിനെയും വിറപ്പിക്കാൻ ഇതുവരെ ഗുജറാത്തിന് സാധിച്ചിട്ടുണ്ട്. തങ്ങളുടെ ടീമിലെ വിജയ രഹസ്യം പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയാണ് ടീമിന്റെ നായകൻ ഹർദിക് ഇപ്പോൾ. പ്രധാനമായും ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയം നേടാൻ രണ്ട് വഴികളാണുള്ളത് എന്ന് ഹർദിക് പാണ്ഡ്യ പറയുന്നു.
“ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയം കൈവരിക്കാൻ നമ്മുടെ മുമ്പിൽ രണ്ട് മാർഗ്ഗങ്ങളാണുള്ളത് ഒന്ന്, ഏറ്റവും മികച്ച കളിക്കാരെ വെച്ച് ഏറ്റവും മികച്ച ടീം നിർമ്മിക്കുക. എനിക്ക് തോന്നുന്നു മുംബൈ ടീമിന് അങ്ങനെ ഒരു ഘടനയാണുള്ളത്. അതിനാൽ തന്നെയാണ് അവർ ഈ വർഷങ്ങളിലൊക്കെയും വിജയികളായത്. രണ്ടാമത്തെ വഴി കുറച്ചു കൂടി സങ്കീർണമാണ്. നമുക്ക് വിജയിക്കാൻ സാധിക്കുന്ന ഒരു ചുറ്റുപാട് ഉണ്ടാക്കുക. മികച്ച കളിക്കാരെ തിരഞ്ഞെടുക്കുന്നതിനപ്പുറം മികച്ച കളിക്കാരെ നിർമ്മിക്കാൻ ശ്രമിക്കുക. അവർക്കായി നല്ല ചുറ്റുപാടുകൾ ഉണ്ടാക്കി വിജയം കയ്യടക്കാൻ പ്രോത്സാഹിപ്പിക്കുക. അത്തരമൊരു ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്.”- ഹർദിക് പാണ്ഡ്യ പറയുന്നു.
“ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച അവരുടെ കളിക്കാർ മികച്ച ഫോമിലാണോ അല്ലയോ എന്നുള്ളതൊന്നും അവർക്ക് പ്രശ്നമല്ല. അവർ കളിക്കാർക്ക് ഏറ്റവും പ്രായോഗികമായ വഴികൾ കണ്ടെത്തുകയും, അതിലൂടെ അവരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം നിർമ്മിച്ചെടുക്കുകയും ചെയ്യും. എന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ചിട്ടുള്ളത് അതുതന്നെയാണ്. മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് ടീം വിജയത്തിലെത്തുന്നതിലും എനിക്ക് സന്തോഷം നൽകുന്നത് മികച്ച ചുറ്റുപാട് ഉണ്ടാക്കി വിജയം കൈയ്യടക്കുന്നത് തന്നെയാണ്.”- പാണ്ഡ്യ കൂട്ടിച്ചേർക്കുന്നു.
കാലാകാലങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള രണ്ട് ടീമുകളാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും. മുംബൈ ഇന്ത്യൻസ് ഇതുവരെ അഞ്ചു തവണയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായിട്ടുള്ളത്. ചെന്നൈ സൂപ്പർ കിംഗ്സ് നാലുതവണ കിരീടം ചൂടിയിട്ടുണ്ട്. മറ്റൊരു കിരീടത്തിനായുള്ള ശ്രമത്തിലാണ് ഇരുടീമുകളും. ഹർദിക് പാണ്ട്യ മുൻപ് മുംബൈ ഇന്ത്യൻസിന്റെ പ്രധാന കളിക്കാരൻ ആയിരുന്നു. അതിനാൽതന്നെ ഹർദിക്കിന്റെ ഈ പ്രസ്താവനകൾക്ക് വലിയ മൂല്യം തന്നെയാണുള്ളത്.