ബൈ ബൈ മുംബൈ. വിജയവുമായി ഗുജറാത്ത് ഫൈനലില്‍. ചെന്നെയെ നേരിടും.

മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ച് ഗുജറാത്ത് ടൈറ്റൻസ് 2023 ഐപിഎല്ലിന്റെ ഫൈനലിൽ. നിർണായകമായ ക്വാളിഫയർ മത്സരത്തിൽ 62 റൺസിന്റെ വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ശുഭമാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിലായിരുന്നു ഗുജറാത്തിന്റെ വിജയം. ഈ വിജയത്തോടെ ഗുജറാത്ത് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് ഗുജറാത്ത് ടൈറ്റൻസ് നേരിടുന്നത്. 2022 ഐപിഎല്ലിലെ ചാമ്പ്യന്മാരായ ഗുജറാത്തിന് തങ്ങളുടെ കിരീടം നിലനിർത്താനുള്ള അവസരം കൂടിയാണ് വന്നു ചേർന്നിരിക്കുന്നത്.

20230526 214719

നിർണായകമായ മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരി വയ്ക്കുന്ന തുടക്കമാണ് മുംബൈയ്ക്ക് ആദ്യ ഓവറുകളിൽ ലഭിച്ചത്. എന്നാൽ പവർപ്ലെയിൽ ശുഭ്മാൻ ഗില്ലും സാഹയും ശക്തരായി മാറിയതോടെ മുംബൈയുടെ ലക്ഷ്യങ്ങൾ തെറ്റുകയായിരുന്നു. ആദ്യ വിക്കറ്റിൽ 54 റൺസിന്റെ കൂട്ടുകെട്ടാണ് സാഹയും ഗില്ലും ചേർന്ന് കെട്ടിപ്പടുത്തത്. ശേഷം ഗില്ലിന്റെ ഒരു ഒറ്റയാൾ പോരാട്ടം തന്നെയാണ് മത്സരത്തിൽ കണ്ടത്. 49 പന്തുകളിൽ ഗില്‍ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചു. ശേഷവും മുംബൈ ബോളർമാരെ വെറുതെ വിടാൻ ഗിൽ തീരുമാനിച്ചിരുന്നില്ല. മത്സരത്തിൽ 60 പന്തുകളിൽ 129 റൺസാണ് ഗില്‍ നേടിയത്. 7 ബൗണ്ടറികളും 10 സിക്സറുകളും ഗില്ലിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. പിന്നീട് അവസാന ഓവറുകളിൽ 13 പന്തുകളിൽ 28 റൺസ് നേടിയ നായകൻ പാണ്ട്യ കൂടി അടിച്ച് തകർത്തതോടെ ഗുജറാത്ത് വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 233 റൺസാണ് ഗുജറാത്ത് നേടിയത്.

മറുപടി ബാറ്റിങ്ങിൽ രണ്ടും കൽപ്പിച്ച് തന്നെയായിരുന്നു മുംബൈ ആരംഭിച്ചത്. എന്നാൽ ആദ്യ വിക്കറ്റുകൾ മുംബൈയ്ക്ക് നിസ്സാര സ്കോറിൽ തന്നെ നഷ്ടമായി. നായകൻ രോഹിത് ശർമയും(8) വധീരയും(4) തുടക്കത്തിൽ തന്നെ കൂടാരം കയറി. ഒപ്പം ഗ്രീൻ പരിക്കു മൂലം മടങ്ങിയതോടെ മുംബൈ തകരുമെന്ന് തോന്നി. എന്നാൽ പിന്നീട് ക്രീസിലെത്തിയ തിലക് വർമ്മ ഗുജറാത്ത് ബോളർമാരെ തൂക്കി അടിക്കുകയായിരുന്നു. മത്സരത്തിൽ 14 പന്തുകളിൽ 43 റൺസായിരുന്നു തിലക് വർമ നേടിയത്. 5 ബൗണ്ടറികളും 3 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. എന്നാൽ പവർപ്ലേയിലെ അവസാന പന്തിൽ തിലക് വർമ്മയുടെ കുറ്റിതെറിപ്പിച്ച് റാഷിദ് ഖാൻ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

07ac08a4 a221 4698 9ede beb5ab92ed46

ശേഷം സൂര്യകുമാർ യാദവും ക്യാമറോൺ ഗ്രീനുമായിരുന്നു മുംബൈയ്ക്ക് വലിയ പ്രതീക്ഷയായി ഉണ്ടായിരുന്നത്. സൂര്യകുമാർ യാദവ് തനിക്കാകുന്ന വിധത്തിൽ മത്സരത്തിൽ മുംബൈയെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചു. 38 പന്തുകളിൽ 61 റൺസാണ് സൂര്യ നേടിയത്. 7 ബൗണ്ടറികളും രണ്ട് സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്നാൽ കൃത്യമായ സമയത്ത് സൂര്യയെ പുറത്താക്കാൻ സാധിച്ചത് ഗുജറാത്തിന് ഗുണകരമായി മാറി. മത്സരത്തിൽ ഗുജറാത്തിന് വേണ്ടി മോഹിത് ശർമ 10 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 62 റൺസിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഇതോടെ ഗുജറാത്ത് 2023 ഐപിഎല്ലിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

Previous articleമുംബൈയുടെ നെഞ്ചത്ത് ഗില്ലിന്റെ ചെണ്ടമേളം. 60 പന്തുകളിൽ 129 റൺസ്.
Next articleധോണി തകർത്തത് ക്രിക്കറ്റിന്റെ മാന്യത. ചോദ്യം ചെയ്ത് അമ്പയർ ഹാർപ്പർ.