ഇന്ത്യൻ പ്രീമിയർ ലീഗിലെ വമ്പൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ അട്ടിമറിച്ച് ഡൽഹി ക്യാപിറ്റൽസിന്റെ പടയോട്ടം. അത്യന്തം ആവേശകരമായ ലോ സ്കോറിങ് ത്രില്ലർ മത്സരത്തിൽ 5 റൺസിന്റെ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. അവസാന ഓവറിലെ ഇഷാന്ത് ശർമയുടെ തകർപ്പൻ ബോളിംഗ് പ്രകടനമാണ് ഡൽഹിയെ വിജയത്തിൽ എത്തിച്ചത്. ഡൽഹിക്കായി ബാറ്റിംഗിൽ അമൻ ഖാൻ തിളങ്ങിയപ്പോൾ ബോളിങ്ങിൽ ഇഷാന്ത് ശർമയും ഖലീൽ അഹമ്മദും തീയായി മാറുകയായിരുന്നു. ഗുജറാത്ത് ടീം സ്വപ്നത്തിൽ പോലും കാണാൻ സാധ്യതയില്ലാത്ത പരാജയമാണ് മത്സരത്തിൽ നേരിടേണ്ടിവന്നത്. ഈ പരാജയത്തോടെ ഗുജറാത്ത് അനായാസം പ്ലേയോഫിൽ എത്തില്ല എന്ന കാര്യം ഉറപ്പായിട്ടുണ്ട്.
ബോളിങ്ങിന് അനുകൂലമായ ഡൽഹി പിച്ചിൽ ടോസ് നേടിയ വാർണർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. ഈ തീരുമാനം തെറ്റാണ് എന്ന് തോന്നിക്കുന്ന തുടക്കമാണ് മുഹമ്മദ് ഷാമി ഡൽഹിക്ക് നൽകിയത്. മത്സരത്തിലെ ആദ്യ ബോളിൽ തന്നെ ഫില്‍ സോൾട്ടിനെ(0) പുറത്താക്കി മുഹമ്മദ് ഷാമി ശൗര്യം കാണിച്ചു. പിന്നീട് അടുത്ത നാല് ഓവറുകളിലും ഇത് തുടരാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചു. ഇതിനിടെ ഡൽഹിയുടെ സൂപ്പർ ബാറ്റർമാരൊക്കെയും മുഹമ്മദ് ഷാമിക്ക് മുൻപിൽ വീണു. അങ്ങനെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡൽഹി തകരുകയായിരുന്നു.
അഞ്ചോവറുകൾ പൂർത്തിയാകുമ്പോൾ 23ന് 5 എന്ന നിലയിലായിരുന്നു ഡൽഹി. ശേഷം അക്ഷർ പട്ടേലും(27) അമൻ ഖാനും ചേർന്നായിരുന്നു ഡൽഹിയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അക്ഷർ പുറത്തായ ശേഷം ക്രീസിലെത്തിയ റിപ്പൽ പട്ടേലും അടിച്ചുതുടങ്ങിയതോടെ മത്സരത്തിൽ ഡൽഹി ഭേദപ്പെട്ട ഒരു സ്കോറിൽ എത്തുകയായിരുന്നു. അമൻ ഖാൻ മത്സരത്തിൽ 44 പന്തുകളിൽ 51 റൺസായിരുന്നു നേടിയത്. റിപ്പൽ പട്ടേൽ 13 പന്തുകളിൽ 23 റൺസ് നേടി. അങ്ങനെ ഡൽഹി സ്കോർ 130 റൺസിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ സമാനമായ രീതിയിൽ മോശം തുടക്കം തന്നെയാണ് ഗുജറാത്തിന് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ സാഹയെ(0) ഗുജറാത്തിന് നഷ്ടമായി. ശേഷം ഗില്ലും(6) വിജയ് ശങ്കറും(6) മില്ലറും(0) പെട്ടെന്ന് കൂടാരം കയറിയതോടെ ഗുജറാത്തും തകർന്നുവീണു. മത്സരത്തിൽ 32ന് 4 എന്ന നിലയിലായിരുന്നു ഗുജറാത്ത് തകർന്നുവീണത്. ശേഷം ഹാർദിക് പാണ്ട്യയും(59) അഭിനവ് മനോഹറും ചേർന്ന് ഗുജറാത്തിനെ പതിയെ കൈപിടിച്ചുയർത്തുന്ന കാഴ്ചയാണ് മത്സരത്തിൽ കണ്ടത്. അഞ്ചാം വിക്കറ്റിൽ ഒരു മികച്ച കൂട്ടുകെട്ട് ഗുജറാത്തിനായി സൃഷ്ടിക്കാൻ ഹർദിക്ക് പാണ്ട്യയ്ക്കും അഭിനവ് മനോഹറിനും സാധിച്ചു.
അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. എന്നാൽ ശേഷം ഖലീൽ അഹമ്മദ് പതിനെട്ടാം ഓവറിൽ അഭിനവ് മനോഹറിനെ വീഴ്ത്തി. ഇതോടെ ഗുജറാത്ത് പൂർണ്ണമായും തകരുകയായിരുന്നു. അവസാന മൂന്ന് ഓവറുകളിൽ വമ്പൻ വിജയലക്ഷ്യം തന്നെയാണ് ഗുജറാത്തിനു മുമ്പിൽ ഉണ്ടായിരുന്നത്.എന്നാൽ 19ആം ഓവറിൽ ആൻറിച്ച് നോർക്യയെ തുടർച്ചയായി മൂന്നു പന്തുകളിൽ സിക്സർ പായിച്ച് തെവാട്ടിയ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു. ഇതോടെ മത്സരത്തിന്റെ അവസാന ഓവറിൽ ഡൽഹിക്ക് വിജയിക്കാൻ ആവശ്യമായി വന്നത് 12 റൺസാണ്. എന്നാൽ അവസാന ഓവറിൽ ഇഷാന്ത് ശർമ തന്റെ അനുഭവസമ്പത്ത് വെളിപ്പെടുത്തുകയുണ്ടായി. ഓവറിൽ കൃത്യതയോടെ പന്തറിഞ്ഞ ഇഷാന്ത് നാലാം പന്തില്‍ തെവാട്ടിയയെ പുറത്താക്കി ഡൽഹിയെ വിജയത്തിലെത്തിക്കുകയായിരുന്നു.